ലോകത്തെ വളരെ സവിശേഷമായ ഭൂപ്രദേശമുള്ള നാടാണ് ഇന്ത്യയെന്നും വളരെ സാദ്ധ്യതകളുള്ള നാടാണെന്നും സന്തോഷ് ജോർജ് കുളങ്ങര. ഇന്ത്യ വലിയ രാജ്യമാണെന്ന് പറയുമ്പോഴും ചൈനയേയും റഷ്യയെയും കാനഡയുമായൊക്കെ താരതമ്യപ്പെടുത്തുമ്പോൾ ചെറുതാണ്. എന്നാൽ അവിടത്തെ ജനസംഖ്യയെക്കാളും എത്രയോ മടങ്ങാണ് ഇന്ത്യയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
'ചെറിയ ഭൂപ്രദേശത്തുള്ള ജനങ്ങളും അതിന്റെ വൈവിധ്യങ്ങളും അവരുടെ ബുദ്ധിയും വിദ്യാഭ്യാസവും സമ്പത്തുകളുമൊക്കെയാണ് ഇന്ത്യയുടെ സാദ്ധ്യതകൾ. ആസൂത്രണമുള്ള ഒരു ഭരണവും നല്ല വിഭ്യാഭ്യാസം കിട്ടിയ, പൗരബോധമുള്ള ജനതയും ഇന്ത്യയിലുണ്ടാകുന്ന ദിവസം നമ്മൾ ലോകത്തെ ഭരിക്കുന്ന ദിവസം വരും. അതിനുള്ള എല്ലാ സാഹചര്യങ്ങളും ഇവിടെയുണ്ട്. അച്ചടക്കമുള്ള ജനമല്ല നമ്മളെന്നത് പുറത്തുപോകുമ്പോഴും വരുമ്പോഴുമെല്ലാം വേദനിപ്പിക്കുന്ന ഒരു കാര്യമാണ്.
നമ്മുടെ പല പ്രവർത്തനങ്ങളും ആസൂത്രണമില്ലാത്തതുകൊണ്ടും അച്ചടക്കത്തോടെ പരിശീലനം ലഭിക്കാത്തതുകൊണ്ടും സ്വയം മരണത്തിലേയ്ക്ക് ഇടിച്ചുകേറുന്ന സമൂഹമായി മാറിയിരിക്കുകയാണ്. ബുദ്ധിയില്ലാതെ ആരോഗ്യവും ജീവിതവും കളയുന്നവരായി മാറിയിരിക്കുന്നു. രാഷ്ട്രീയക്കാരനായതുകൊണ്ടോ ഭരണത്തിലേയ്ക്ക് വന്നതുകൊണ്ടോ മാറ്റങ്ങളുണ്ടാക്കാൻ സാധിക്കില്ലെന്ന് എനിക്കറിയാം. അതിന് ജനങ്ങളിലേയ്ക്ക് ചില ചിന്തകളും ആശയങ്ങളും കൊണ്ടുവരേണ്ടതുണ്ട്. നമ്മുടെ ഭരണസംവിധാനത്തെ പരിഷ്‌കരിക്കണമെങ്കിൽ ഉദ്യോഗസ്ഥ സമൂഹത്തെ അടിമുടി പരിഷ്‌കരിക്കേണ്ടതുണ്ട്. ഉത്തരവാദിത്തമുള്ള ഒരു ഉദ്യോഗസ്ഥ സമൂഹത്തെ വാർത്തെടുക്കേണ്ടതുണ്ട്. അവർ സമൂഹത്തോട് എത്ര ഉത്തരവാദിത്തം പുലർത്താറുണ്ട്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് അവർക്ക് സൗകര്യങ്ങൾ ഒരുക്കികൊടുക്കുമ്പോൾ അവർക്ക് ടാർഗറ്റുകൾ കൊടുക്കേണ്ടതുണ്ട്'- സന്തോഷ് ജോർജ് കുളങ്ങര വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |