SignIn
Kerala Kaumudi Online
Monday, 07 July 2025 11.35 AM IST

ഗവിയെ സമരവേദിയാക്കരുത്

Increase Font Size Decrease Font Size Print Page
gavi

വിനോദ സഞ്ചാരികളുടെ സ്വർഗഭൂമിയിലൊന്നാണ് ഗവി. കാടിന്റെ മനോഹരമായ കാഴ്ചകളും പുൽമേടുകളും കോടമഞ്ഞും വന്യമൃഗങ്ങളും നിറഞ്ഞ ഗവിയെ കണ്ടറിയാൻ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികൾ വൻതോതിൽ ഗവിയിൽ എത്തുന്നുണ്ട്. കേരള ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോർപ്പറേഷന്റെ നിയന്ത്രണത്തിലാണ് ഈ വിനോദ സഞ്ചാരം. പരിസ്ഥിതി സൗഹൃദ ടൂറിസം അതിന്റെ എല്ലാ നിയന്ത്രണങ്ങളോടെയും മുന്നോട്ടു കൊണ്ടുപോകുന്ന ഗവിയിൽ അടുത്തകാലത്തായി അസ്വാരസ്യങ്ങളുടെ കാർമേഘം ഉരുണ്ടുകൂടിയിരിക്കുകയാണ്. തൊഴിലാളി സമരമാണ് ഗവിയുടെ അന്തരീക്ഷം കലുഷിതമാക്കുന്നത്. മൂന്ന് ദിവസമായി തൊഴിലാളികൾ നടത്തി വന്ന സമരം ടൂറിസം മേഖലയെ പ്രതിസന്ധിയിലാക്കി.

ഗവി വനം വികസന കോർപ്പറേഷനിലെ ഉദ്യോഗസ്ഥരും തൊഴിലാളികളും തമ്മിലുള്ള തർക്കമാണ് പണിമുടക്കിനു കാരണം. ടൂറിസം മേഖലയിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളെ തോട്ടം മേഖലയിലേക്ക് മാറ്റാനുള്ള തീരുമാനത്തെ തൊഴിലാളി സംഘടനകൾ സംയുക്തമായി എതിർത്തു. പ്രശ്നം പരിഹരിക്കാത്തതിനെ തുടർന്ന് വെള്ളിയാഴ്ച മുതലാണ് പണിമുടക്ക് ആരംഭിച്ചത്. ഇത് ടൂറിസം മേഖലയ്ക്ക് വൻ നഷ്ടമുണ്ടാക്കിയെന്ന് വനംവികസന കോർപ്പറേഷൻ അധികൃതർ പറഞ്ഞു.

മൺസൂൺ സമയമാണെങ്കിലും ഗവിയിലേക്ക് വിനോദ സഞ്ചാരികൾ എത്തുന്നുണ്ട്. വിനോദ സഞ്ചാരികളുടെ ഗൈഡായും ഭക്ഷണം ഒരുക്കാനും മറ്റുമായി ജോലി ചെയ്യുന്ന തൊഴിലാളികളോടാണ് തോട്ടം മേഖലയിലെ പണികൾക്ക് പോകാൻ കെ. എഫ്.ഡി.സി അധികൃതർ ആവശ്യപ്പെട്ടത്. ഇരുപത്തിയഞ്ച് വർഷത്തോളമായി ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന നാൽപ്പത്തിരണ്ട് തൊഴിലാളികളെ പെട്ടെന്ന് തോട്ടം മേഖലയിലേക്ക് നിയോഗിച്ചതിനെതിരെയാണ് പ്രതിഷേധം.

മൺസൂൺ കാലത്ത് തങ്ങൾക്ക് സുരക്ഷാ ഉപകരണങ്ങൾ ആവശ്യപ്പെട്ടതും അലവൻസിൽ വർദ്ധന ആവശ്യപ്പെട്ടതുമാണ് അധികൃതരുടെ പുതിയ തീരുമാനത്തിന് പിന്നിലെന്ന് തൊഴിലാളികൾ പറയുന്നു. ടൂറിസ്റ്റുകൾക്കൊപ്പം ട്രക്കിംഗിന് പോകാൻ മഴക്കോട്ടും പാമ്പ് കടിയേൽക്കാതിരിക്കാൻ ഷൂസും ആവശ്യപ്പെട്ടതും അംഗീകരിച്ചിട്ടില്ല. ട്രക്കിംഗ് പാതയിൽ മരങ്ങൾ വീണു കിടക്കുന്നത് മുറിച്ചു മാറ്റിയിട്ടില്ല. കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളും വിഷപ്പാമ്പുകളുമുള്ള പ്രദേശമാണ് ട്രക്കിംഗ് പാത. ടൂറിസ്റ്റുകൾ വരുന്നതിനാൽ ഈ മേഖലയിൽ ജോലികൾ ഏറെയുണ്ട്. ആവശ്യങ്ങളുമായി കെ.എഫ്.ഡി.സി അധികൃതരെ സമീപിച്ച തൊഴിലാളികളെയാണ് തോട്ടം മേഖലയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ്, എ.ഐ.ടി.യുസി, കെ.പി. ഡബ്ല്യൂ.സി സംഘടനകളാണ് സമരത്തിലുള്ളത്. ശമ്പളത്തിനൊപ്പം വർഷങ്ങളായി അൻപത് രൂപയുടെ അലവൻസാണ് തൊഴിലാളികൾക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇത് വർദ്ധിപ്പിക്കണമെന്ന ആവശ്യവും മാനേജ്മെന്റിനെ ചൊടിപ്പിച്ചു. ഒരു വിഭാഗം താെഴിലാളികളെ തോട്ടം മേഖലയിലേക്ക് മാറ്റി തൊഴിലാളികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയാണ് മാനേജ്മെന്റിന്റെ ലക്ഷ്യമെന്ന് ആരോപണമുണ്ട്. സമരം കാരണം ഗവി ടൂറിസത്തിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് കെ.എഫ്.ഡി.സി അധികൃതർ പറയുന്നത്. ഇതു ശരിയല്ലെന്ന് തൊഴിലാളികൾ വാദിക്കുന്നു. വിനോദ സഞ്ചരികൾക്ക് ഒരു തടസവുമുണ്ടാക്കാതെയാണ് സമരമെന്ന് യൂണിയൻ നേതാക്കൾ പറയുന്നു. മൺസൂൺ സീസണായതിനാൽ പൊതുവെ വിനോദ സഞ്ചാരികളുടെ എണ്ണം കുറയുന്ന സമയമാണിത്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നതിനാൽ ഗവി മേഖലയിലേക്ക് യാത്രാ നിയന്ത്രണം ഏർപ്പെടത്തിയത് വിനോദ സഞ്ചാരികളുടെ എണ്ണം കുറച്ചു.

പ്രശ്നങ്ങളുടെ തുടക്കം

ഒരുവർഷം മുമ്പ്

ഒരു വർഷം മുമ്പ് ഗവിയിലെ തൊഴിലാളികളെ വനംവികസന കോർപ്പറേഷൻ അധികൃതർ മർദ്ദിച്ചതുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുകയാണ്. സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ കെ. എഫ്.ഡി.സി ഓഫീസ് ഉപരോധിച്ചിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ചതിൽ തൊഴിലാളികൾ തൃപ്തരായിരുന്നില്ല. തൊഴിലാളികളും കെ.എഫ്.ഡി.സി അധികൃതരും തമ്മിൽ അകൽച്ച നിലനിൽക്കെയാണ് കഴിഞ്ഞ ദിവസം വീണ്ടും തർക്കങ്ങൾ ഉ‌ടലെടുത്തത്. തോട്ടം തൊഴിലാളികളെ മർദ്ദിച്ചതിന്റെ പേരിൽ സംഘർഷമുണ്ടായപ്പോൾ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പ്രശ്നം സങ്കീർണമാക്കാനാണ് വനംവകുപ്പ് ശ്രമിച്ചതെന്ന് ആക്ഷേപമുയർന്നിരുന്നു. കഴിഞ്ഞ ദിവസം ടൂറിസ്റ്റ് ഗൈഡുകളെ തോട്ടം മേഖലയിലേക്ക് മാറ്റി നിയമിക്കാനുള്ള തീരുമാനമാണ് കെട്ടടങ്ങിയ തീ വീണ്ടും ആളിക്കത്തിച്ചത്.

ഒത്തു തീർപ്പ്

തൊഴിലാളി സമരം ഒത്തുതീർപ്പാക്കി ടൂറിസത്തെ മുന്നോട്ടു കൊണ്ടുപോകണമെന്നാണ് എല്ലാവരുടെയും ആവശ്യം. ആദ്യ ഘട്ട ചർച്ചകൾ നടന്നത് പൊലീസിന്റെ സാന്നിദ്ധ്യത്തിലാണ്. തൊഴിലാളികൾ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ ചിലത് ന്യായമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. അതേസമയം, സമരവുമായി മുന്നോട്ടു പോകാൻ ആരെയും അനുവദിക്കില്ലെന്നുമായിരുന്നു പൊലീസ് നിലപാട്. ഒത്തുതീർപ്പിന് തൊഴിലാളികളും കെ.എഫ്.ഡി.സി മാനേജ്മെന്റും തയ്യാറായതോടെയാണ് സമരം അവസാനിപ്പിക്കാനുള്ള വഴി തുറന്നത്. ടൂറിസ്റ്റുകളുടെ ഗൈഡായി പ്രവർത്തിച്ചവരെ തോട്ടം മേഖലയിലേക്ക് മാറ്റാനുള്ള കെ.എഫ്.ഡി.സി തീരുമാനം തത്ക്കാലം നടപ്പാക്കില്ലെന്നായിരുന്നു ആദ്യത്തെ ധാരണ. തൊഴിലാളികൾ ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ പരിഗണിച്ച് നടപടിയെടുക്കേണ്ടത് മാനേജ്മെന്റാണെന്നും പൊലീസ് അറിയിച്ചു.

തുടർ ചർച്ച ജില്ലാ ലേബർ ഓഫീസിൽ നടന്നപ്പോഴും ഗവിയെ സമര കലുഷിതമാക്കാൻ തങ്ങൾക്ക് താത്പ്പര്യമില്ലെന്ന നിലപാടാണ് തൊഴിലാളി യൂണിയനുകൾ അറിയിച്ചത്. തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾ കെ.എഫ്.ഡി.സി മാനേജ്മെന്റ് യോഗംവിളിച്ചു കൂട്ടി അടിയന്തര നടപടിയെടുക്കണമെന്നും ലേബർ ഓഫീസറുടെ യോഗത്തിൽ ധാരണയായി. തൊഴിലാളികൾക്ക് ഷൂസ്, മഴക്കോട്ട്, ടൂറിസ്റ്റുകളെ ട്രക്കിംഗിന് കൊണ്ടുപോകാനുള്ള പാത തെളിക്കൽ, തടാകത്തിലെ ബോട്ടിംഗിനുപയോഗിക്കുന്ന വള്ളങ്ങളുടെ സുരക്ഷാ പരിശോധന എന്നീ ആവശ്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് കെ.എഫ്.ഡി.സി മാനേജ്മെന്റാണ്.

സമരം താത്ക്കാലികമായി അവസാനിപ്പിച്ചുവെന്നാണ് തൊഴിലാളി സംഘടനകൾ പറയുന്നത്. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ തീരുമാനമുണ്ടായില്ലെങ്കിൽ വീണ്ടും സമര രംഗത്തിറങ്ങുമെന്നും അവർ പറഞ്ഞു. ഒരു വർഷം മുൻപ് വരെയും തൊഴിലാളികളും മാനേജ്മെന്റും സൗഹൃദാന്തരീക്ഷത്തിലാണ് ഗവി ടൂറിസം മുന്നോട്ടു കൊണ്ടുപോയത്. ചെറിയ ഭിന്നതകൾ പറഞ്ഞു തീർക്കുന്നതിന് പകരം വഷളായതാണ് പുതിയ പ്രശ്നങ്ങൾക്ക് തുടക്കമായത്. ഏതായാലും പ്രതിസന്ധി നീങ്ങിയതിൽ ഗവി വിനോദ സഞ്ചാരമേഖല ആശ്വാസത്തിലാണ്. സമാധാന അന്തരീക്ഷം നിലനിന്നാൽ മാത്രമേ ഗവിയിൽ പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചരം വളരുകയുള്ളൂവെന്ന യാഥാർത്ഥ്യം തൊഴിലാളികളും മാനേജ്മെന്റും മനസിലാക്കട്ടെ.

TAGS: GAVI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.