
നാടിളക്കിയുള്ള പരസ്യപ്രചാരണങ്ങൾ അവസാനിച്ചു. വടക്കൻ കേരളത്തിൽ ഇന്ന് ജനം പോളിംഗ് ബൂത്തിലെത്തുമ്പോൾ മുന്നണികളെല്ലാം പ്രതീക്ഷയിലാണ്. കോർപറേഷനിലും ജില്ലാ പഞ്ചായത്തിലും നഗരസഭകളിലുമാണ് ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങൾ നടക്കുന്നത്. ഇതിൽ തന്നെ കോർപറേഷനിലെ പൊടിപാറുന്ന മത്സരം സംസ്ഥാനത്തിന്റെയാകെ ശ്രദ്ധയിലുണ്ട്. കോർപറേഷൻ രൂപീകരിച്ച കാലം മുതൽ എൽ.ഡി.എഫും യുഡിഎഫും മാറിമാറി ഭരിച്ചിരുന്നെങ്കിലും കഴിഞ്ഞ 50 വർഷമായി ഭരണം എൽ.ഡി.എഫിന് തന്നെയാണ്. കോർപറേഷനിൽ ഭരണം ഇക്കുറിയും അനുകൂലമാകുമെന്ന് സി.പി എം കണ്ണുംപൂട്ടി പറയുമ്പോൾ ആ വിശ്വാസം ഇളക്കി മറിക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞാണ് യു.ഡി.എഫും എൻ.ഡി.എയും കളത്തിലിറങ്ങിയത്. അതിനായി
പ്രമുഖ നേതാക്കളെയെല്ലാം കളത്തിലിറക്കി ഭരണം പിടിച്ചെടുക്കാൻ ശക്തമായ പ്രചാരണമാണ് ഇക്കൂട്ടർ നടത്തിയത്. തന്ത്രങ്ങളെല്ലാം വോട്ടായി മാറുമോ എന്ന് മത്സരഫലം വരുന്ന ദിവസം അറിയാം. എന്നിരുന്നാലും ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രചാരണത്തിലും മുന്നണികൾ കടുത്ത മത്സരത്തിലാണ്. വാർഡ്, ബൂത്ത് അടിസ്ഥാനത്തിലുള്ള സ്വീകരണങ്ങൾക്കൊപ്പം പരമാവധി വോട്ടർമാരെ നേരിൽ കണ്ടും ഫോൺ ചെയ്തും തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലും സ്ഥാനാർത്ഥികളും അണികളും ഓട്ടത്തിലാണ്.
ഭരണം പിടിക്കാൻ എൽ.ഡി.എഫ്
കഴിഞ്ഞ കൗൺസിലിലെ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, ആരോഗ്യ സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.ജയശ്രീ, ഡെപ്യൂട്ടി കളക്ടറായിരുന്ന അനിതകുമാരി തുടങ്ങിയ പ്രധാനികളെ രംഗത്തിറക്കി. പരമാവധി സീറ്റുകൾ നേടി അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്. പത്തു വർഷത്തിനിടെ നടത്തിയ നാടിന്റെ വികസനപ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. ക്ഷേമപെൻഷൻ വർദ്ധിപ്പിച്ചതുൾപ്പെടെ സംസ്ഥാന സർക്കാർ നടപ്പാക്കിയ ജനക്ഷേമ പദ്ധതികൾ പരമാവധി ഉൾപ്പെടുത്തിയുള്ള പ്രചാരണമാണ് നടത്തിയതും. 2020ൽ 75 ഡിവിഷനിൽ 50 സ്വന്തമാക്കിയാണ് എൽ.ഡി.എഫ് ഭരണത്തിലേറിയത്. 46 സീറ്റിൽ സി.പി.എമ്മും സി.പി.ഐ, എൻ.സി.പി, ജനതാദൾ, കോൺഗ്രസ് എസ് ഓരോ സീറ്റ് വീതവും സ്വന്തമാക്കി. യു.ഡി.എഫിലാകട്ടെ കോൺഗ്രസ് ഒൻപതും മുസ്ലീം ലീഗ് എട്ടും നേടി. ഏഴ് സീറ്റുകളാണ് ബി.ജെ.പി നേടിയത്. ഇക്കുറി 45 മുതൽ 47 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. 41 മുതൽ 45 സീറ്റുകൾ വരെ നേടാനാകുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. 30 ൽ കുറയാതെ സീറ്റുകളിൽ വിജയിക്കാൻ കഴിയുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.
വാർഡ് വിഭജനത്തിന് ശേഷം 76 ഡിവിഷനുകളിലേക്കാണ് ഇത്തവണ തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്നത്.
നില മെച്ചപ്പെടുത്താൻ യു.ഡി.എഫ്
പതിറ്റാണ്ടുകളായി തുടരുന്ന എൽ.ഡി.എഫ് ഭരണം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞാണ് ഇക്കുറി യു.ഡി.എഫ് കളത്തിലിറങ്ങിയത്. സ്ഥാനാർത്ഥി നിർണ്ണയത്തിലടക്കം പ്രശ്നങ്ങൾ ഉടലെടുക്കാതെ ശ്രദ്ധിച്ചെങ്കിലും സംവിധായകൻ വി.എം. വിനുവിനെ മേയർ സ്ഥാനാർത്ഥിയാക്കി തുടക്കം ഗംഭീരമാക്കാൻ നോക്കിയെങ്കിലും അദ്ദേഹത്തിന് വോട്ടില്ലെന്ന് തെളിഞ്ഞത് മുന്നണിക്ക് അൽപ്പം ക്ഷീണമായി. പക്ഷേ പകരം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണരംഗത്ത് വളരെ പെട്ടന്ന് തന്നെ സജീവമാകാൻ യു.ഡി.എഫിന് സാധിച്ചു. സ്ഥാനാർത്ഥി നിർണയത്തിലും പ്രചാരണത്തിലും മുൻകാലങ്ങളെ അപേക്ഷിച്ച് മെച്ചപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് പറയാം. പുതുമുഖങ്ങൾക്ക് അവസരം നൽകിയും പഴയ കൗൺസിലർമാരെ പരിഗണിച്ചുമുള്ള സ്ഥാനാർത്ഥി നിർണയം വിജയ സാദ്ധ്യത വർദ്ധിപ്പിക്കുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. കോർപ്പറേഷനിലെ അഴിമതിയും ശബരിമല സ്വർണക്കടത്തുൾപ്പെടെയുള്ള സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങൾ മുൻനിറുത്തിയായിരുന്നു തുടക്കത്തിലെ പ്രചാരണം. സിറ്റിംഗ് സീറ്റുകൾ നിലനിറുത്തുന്നതിനൊപ്പം കഴിഞ്ഞ തവണ കൈവിട്ട കോട്ടകൾ തിരിച്ചു പിടിക്കാമെന്നാണ് യു.ഡി.എഫ് കരുതുന്നത്. 41 മുതൽ 45 സീറ്റുകൾ വരെ നേടാനാകുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്.
പ്രതീക്ഷയോടെ ബി.ജെ.പി
കോർപറേഷനിൽ മെച്ചപ്പെട്ട വിജയം ഇക്കുറിയുമുണ്ടാകുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. 2015ലും 2020ലും ഏഴ് സീറ്റുകളാണ് ബി.ജെ.പി കോർപറേഷനിൽ നേടിയത്. 2015ൽ ഏഴിടത്ത് രണ്ടാമതായിരുന്നത് 2020 ൽ 22 ഇടത്ത് രണ്ടാമത് എത്താനായി. 20 ൽ കുറയാതെ സീറ്റുകളിൽ വിജയിക്കാൻ കഴിയുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. നിലവിലെ സീറ്റുകൾ നിലനിർത്തുകയും കൂടുതൽ സീറ്റുകൾ നേടുകയുമാണ് എൻ.ഡി.എയുടെ ലക്ഷ്യം. നഗരത്തിലും ബേപ്പൂരിലുമാണ് ബി.ജെ.പിയുടെ പ്രതീക്ഷ. കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയിലൂടെ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് ബി.ജെ.പിയുടെ വോട്ടു പിടിക്കൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |