
തിളച്ചുമറിഞ്ഞ പ്രചാരണത്തിനൊടുവിൽ നടന്ന തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിൽ പോളിംഗ് ശതമാനം കുറഞ്ഞതിന്റെ കാരണമെന്താകും?. രാഷ്ട്രീയ നേതാക്കളെയും സ്ഥാനാർത്ഥികളെയും ചിന്തിപ്പിക്കുന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തൽ വിഷമകരമാകും. തദ്ദേശ തിരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്നാം തവണയാണ് പോളിംഗ് ശതമാനം കുറയുന്നത്. 2015ൽ 72.89 ശതമാനമായിരുന്നു ജില്ലയിലെ പോളിംഗ്. 2020ൽ 69.72 ശതമാനമായി കുറഞ്ഞു. ഇത്തവണ 66.81 ശതമാനമാണ്. കഴിഞ്ഞ തവണത്തേക്കാൾ 2.91 ശതമാനത്തിന്റെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ജില്ലയിൽ പൊതുവെ പോളിംഗ് ശതമാനം കുറഞ്ഞത് ഗ്രാമങ്ങളിലാണ്. സംസ്ഥാനത്ത് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയതും പത്തനംതിട്ട ജില്ലയിലാണ്.
ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറിയ വിഷയങ്ങൾ ഒട്ടേറെയുണ്ടായിരുന്നു. ശബരിമല സ്വണർക്കൊള്ള കേസുകളുടെ പ്രഭവ കേന്ദ്രമെന്ന നിലയിൽ എല്ലാവരും പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പിനെ ഉറ്റുനോക്കുന്നുണ്ടായിരുന്നു. ലൈംഗികാപവാദ കേസുകളിൽ കുടുങ്ങി പിടികിട്ടാപ്പുള്ളിയായി നടക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ജന്മനാടും പത്തനംതിട്ടയിലാണ്. സ്വർണക്കൊള്ള പ്രധാന ആയുധമാക്കി യു.ഡി.എഫും ബി.ജെ.പിയും സംസ്ഥാന സർക്കാരിനെയും എൽ.ഡി.എഫിനെയും കടന്നാക്രമിച്ചപ്പോൾ സർവ സന്നാഹങ്ങളുമായി എൽ.ഡി.എഫ് പ്രതിരോധിച്ചത് രാഹുൽ കേസുകൾ കൊണ്ടാണ്.
അടിസ്ഥാന വിഷയങ്ങൾ മറന്നു
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ പിന്തള്ളി സ്വർണക്കൊള്ളയ്ക്കും പീഡനത്തിനും മുന്നണികൾ മുൻഗണന നൽകിയതിന്റെ അമർഷം നിഷ്പക്ഷ വോട്ടർമാരെ പോളിംഗ് ബൂത്തിൽ നിന്ന് അകറ്റിയോ എന്നു സംശയമുണ്ട്. കർഷകരുടെ നാടായ പത്തനംതിട്ടയിൽ റബറിന്റെ വിലത്തകർച്ച വലിയ പ്രത്യാഘാതം സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ഒട്ടേറെ റബർ കർഷകർ മരങ്ങൾ വെട്ടി മാറ്റി മറ്റ് കൃഷികളിലേക്ക് തിരിഞ്ഞു. അവിടെയും ആശ്വാസം ലഭിച്ചില്ല. കാട്ടുപന്നികൾ അടക്കമുള്ള വന്യ ജീവികൾ വിളകൾ മുളയിലേ നശിപ്പിച്ചു. കാട്ടുപന്നികൾ കയറാത്ത ഒരു പഞ്ചായത്തു പോലുമില്ല ജില്ലയിൽ. മലയോര പ്രദേശങ്ങളിലും പടിഞ്ഞാറൻ പ്രദേശങ്ങളിലും ഒരുപോലെ പന്നികൾ കൃഷികൾ നശിപ്പിച്ച് വിളയാടി. വരുമാനം പ്രതീക്ഷിച്ച് കഠിനാധ്വാനം ചെയ്ത് കൃഷി നടത്തിയ കർഷകർക്ക് ഉറക്കമില്ലാത്ത ദിവസങ്ങളാണ് ഇപ്പോഴും. വാഴ, കപ്പ, ചേമ്പ്, നെല്ല് തുടങ്ങി കൃഷികളും കാട്ടുപന്നികൾ നശിപ്പിക്കുന്നത് ഭരണാധികാരികൾ കണ്ടില്ലെന്നു നടിക്കുകയാണ്. പന്നികളെയും കാട്ടാനകളെയും അകറ്റുന്നതിന് പ്രായോഗികമായ നടപടികളെപ്പറ്റി ആലോചിക്കാതെ, ഒരു വിഭാഗം കേന്ദ്ര സർക്കാരിനെയും മറ്റൊരു വിഭാഗം സംസ്ഥാന സർക്കാരിനെയും കുറ്റപ്പെടുത്തി രാഷ്ട്രീയ വാഗ്വാദം നടത്തുകയായിരുന്നു. ഇതുകണ്ട് നിസംഗരും നിരാശരുമായ കർഷകർ ഇത്തവണ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നോ എന്ന് അറിയാൻ സത്യസന്ധവും കൃത്യവുമായ സർവെ നടത്തേണ്ടതുണ്ട്.
ജനങ്ങളുടെ മറ്റൊരു ജീവൽ പ്രശ്നം തെരുവ് നായ ശല്യമാണ്. കുഞ്ഞുങ്ങൾക്ക് അടക്കം വീട്ടിൽ നിന്ന് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അതിഗുരുതര സാഹചര്യമായിട്ടും പരിഹാരം കാണാൻ ചെറിയ നടപടികളിലേക്ക് കടക്കാൻ പോലും അധികൃതർക്ക് കഴിഞ്ഞിട്ടില്ല. തെരുവു നായകൾ കുട്ടികളെയടക്കം ആക്രമിക്കുന്ന സംഭവങ്ങൾ ഒരാേ ദിവസവും നടക്കുന്നു. തെരുവ് നായ വന്ധ്യംകരണത്തിന് ജില്ലയിൽ തുടക്കമിട്ട പദ്ധതി അഞ്ച് വർഷം കഴിഞ്ഞിട്ടും ഒന്നുമായില്ല. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ എ.ബി.സി കേന്ദ്രത്തിന്റെ പണി തട്ടിക്കൂട്ടി പൂർത്തിയാക്കി. അത് വലിയ നേട്ടമായി ഭരണകക്ഷി അവതരിപ്പിച്ചു.
അനിയന്ത്രിതമായ വിലക്കയറ്റത്തിന് തടയിടാൻ അധികൃതർക്കു കഴിയാതെ പോയതും വോട്ടർമാരുടെ മനസിലെ ചോദ്യചിഹ്നമായിരുന്നു. ഭക്ഷണ സാധനങ്ങൾക്കും ഭക്ഷ്യോൽപ്പന്നങ്ങൾക്കും മറ്റ് ജില്ലകളേക്കാൾ പത്തനംതിട്ടയിൽ വിലക്കൂടുതലാണ്. ജില്ലയിലെ മലയോര മേഖലയിലെയും പടിഞ്ഞാറൻ മേഖലയിലെയും പ്രശ്നങ്ങൾ വ്യത്യസ്തമാണ്. ജനങ്ങളുടെ ഇത്തരം അടിസ്ഥാന പ്രശ്നങ്ങൾ മറന്നാണ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകിയത്.
നിക്ഷ്പക്ഷർ നിസംഗരായോ?
ശബരിമല സ്വർണക്കൊള്ള ഇടതു സർക്കാരിന്റെ കാലത്ത് നടന്നത് ഭരണ വിരുദ്ധ വികാരമായി മാറുമെങ്കിലും, തദ്ദേശ തിരഞ്ഞെടുപ്പിൽ തദ്ദേശീയമായ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോയത് ജില്ലയിലെ നിക്ഷ്പക്ഷ വോട്ടർമാരിൽ നിസംഭാവം വളർത്തിയിട്ടുണ്ടാകാം. സ്വർണക്കൊള്ളയിൽ അറസ്റ്റിലായ ജില്ലയിലെ പ്രമുഖൻ സി.പി.എം ജില്ലാ കമ്മറ്റി അംഗമായ എ. പത്മകുമാറാണ്. കേസിൽ തുടക്കം മുതൽ സംശയ നിഴലിലായിരുന്നു പത്മകുമാർ. ആദ്യം ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തപ്പോൾ തന്നെ പത്മകുമാറിലേക്ക് അന്വേഷണം തിരിഞ്ഞിരുന്നു. സംഭവം ഇടതു മുന്നണിക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് വിലയിരുത്തലുണ്ട്.
ജില്ലയിലെ ഭൂരിഭാഗം ഗ്രാമ, ബ്ളോക്ക് പഞ്ചായത്തുകളിലും രണ്ടു നഗരസഭകളിലും ജില്ലാ പഞ്ചായത്തിലും കഴിഞ്ഞ തവണ എൽ.ഡി.എഫാണ് അധികാരത്തിലേറിയത്. ഭരണം നിലനിറുത്താൻ പുതിയ സ്ഥാനാർത്ഥികളെ രംഗത്തിറക്കിയായിരുന്നു എൽ.ഡി.എഫിന്റെ പരീക്ഷണം. സ്ഥാനാർത്ഥി നിർണയം മുതൽ തമ്മിലടിച്ചു മുന്നോട്ടു പോയിരുന്ന യു.ഡി.എഫ് ഇത്തവണ ഒറ്റക്കെട്ടായാണ് മത്സരിച്ചത്. ബി.ജെ.പി നയിക്കുന്നഎൻ.ഡി.എ മുന്നണി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ശക്തമായി നിലയുറപ്പിച്ചു. പതിമൂന്നിന് വോട്ടെണ്ണുമ്പോൾ ജില്ലയുടെ മനസ് എങ്ങോട്ടെന്ന് അറിയാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |