കോട്ടയം : സംസ്ഥാനത്താകമാനമുള്ള സ്കൂളുകളിൽ ജൂലായ് ആദ്യവാരത്തോടെ കുടുംബശ്രീകഫേകൾ നടപ്പാക്കുന്നു. വിദ്യാർത്ഥികളെ ലഹരിമാഫിയ ലക്ഷ്യമിടുന്നത് തടയാൻ പുറത്തേക്കുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം. വടക്കൻ ജില്ലകളിൽ ഹിറ്റായ സ്കൂളുകളിലെ കുടുംബശ്രീ കഫേകൾ എയ്ഡഡ് മേഖലയിലുൾപ്പെടെ 500 ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിലാണ് നടപ്പാക്കുന്നത്.
വിദ്യാർത്ഥികൾക്ക് പോഷക സമ്പൂർണമായ ലഘുഭക്ഷണങ്ങളും പാനീയങ്ങളും വിലക്കുറവിൽ നൽകും. സ്‌കൂൾ സ്റ്റേഷനറി വസ്തുക്കൾ, സാനിറ്ററി നാപ്കിനുകൾ തുടങ്ങിയവയും ലഭ്യമാക്കും. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയും കുടുംബശ്രീ യൂണിറ്റുകൾക്ക് വായ്പ അനുവദിച്ചുമാണ് മൂലധനം. കുടുംബശ്രീയുടെ സംസ്ഥാനത്തെ 11 യൂണിറ്റുകളിൽ നിന്ന് വിലക്കുറവിൽ സാനിറ്ററി നാപ്കിനുകൾ എത്തിക്കും. ഒരേ സമയം വിദ്യാർത്ഥികൾക്കും കുടുംബശ്രീ പ്രവർത്തകർക്കും പ്രയോജനമുണ്ടാകും വിധമാണ് പദ്ധതി. ഒരു കഫേയിൽ രണ്ടുപേരുണ്ടാകും. ഒരാൾക്ക് പതിനായിരം രൂപയെങ്കിലും വരുമാനം ലഭ്യമാക്കുകയാണ് ലക്ഷ്യം. സ്കൂളുകൾ അനുവദിക്കുന്ന സ്ഥലത്ത് ഫർണിഷിംഗ് അടക്കം കുടുംബശ്രീ ചെയ്യും.
നേട്ടങ്ങൾ
ക്ളാസ് സമയം വിദ്യാർത്ഥികൾ പുറത്ത് പോകുന്നത് ഒഴിവാകും
ജങ്ക് ഫുഡ് ഉൾപ്പെടെ അനാരോഗ്യ ഭക്ഷണ ശീലം ഒഴിവാകും
'' വിദ്യാഭ്യാസ വകുപ്പിന്റെ പൂർണപിന്തുണയുണ്ട്. മുതിർന്ന വിദ്യാർത്ഥികളെ ലഹരിമാഫിയ ലക്ഷ്യമിടുന്നതിനാലാണ് ഹൈസ്കൂളിലും ഹയർസെക്കൻഡറി സ്കൂളിലും പദ്ധതി നടപ്പാക്കുന്നത്.
-ശ്രീകാന്ത്, പദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |