തിരുവനന്തപുരം: ഡിസ്റ്റോണിയ, പാർക്കിൻസൺസ് തുടങ്ങിയ രോഗംമൂലം ഗുരുതര ചലനവൈകല്യം ബാധിച്ച നിർദ്ധന രോഗികൾക്ക് സൗജന്യ ശസ്ത്രക്രിയ നിഷേധിച്ച് ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ്. രോഗത്തെ തുടർന്നുള്ള വിറയൽ കാരണം ഒരുഗ്ലാസ് വെള്ളം എടുത്ത് കുടിക്കാനോ, ഒരുപിടി ഭക്ഷണം വാരി കഴിക്കാനോ കഴിയാത്ത രോഗികളാണ് ഇതുമൂലം കഷ്ടപ്പെടുന്നത്.
15 ലക്ഷത്തോളം രൂപയാണ് ശസ്ത്രക്രിയച്ചെലവ്. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ആരോഗ്യ നിധി പദ്ധതിയിൽ ഉൾപ്പെടുത്തി നിർദ്ധന രോഗികൾക്ക് സൗജന്യമായാണ് ചെയ്തിരുന്നത്. 2019ന് ശേഷം അപേക്ഷ സമർപ്പിക്കൽ ഉൾപ്പെടെ ഓൺലൈനാക്കിയതോടെ തകിടം മറിഞ്ഞു. അപേക്ഷ ആശുപത്രി സമർപ്പിക്കുമെങ്കിലും കേന്ദ്രത്തിന്റെ അപ്രൂവൽ കിട്ടിയില്ലെന്നു പറഞ്ഞാണ് നീട്ടിക്കൊണ്ടുപോകുന്നത്.
എന്നാൽ, ആവശ്യമായ ഫണ്ട് കേന്ദ്രം നൽകുന്നുണ്ട്. രേഖകൾ സമർപ്പിക്കുന്നതിലെ ഉദ്യോഗസ്ഥതല വീഴ്ചയാണ് കാരണമെന്നാണ് ആക്ഷേപം. ജീവൻ അപകടത്തിലാക്കുന്ന രോഗങ്ങൾക്കും ക്യാൻസറിനുമായി എയിംസ് ഉൾപ്പെടെ രാജ്യത്തെ ചുരുക്കം ആശുപത്രികൾക്ക് മാത്രമായി 2009ലാണ് പദ്ധതി ആരംഭിച്ചത്.
സൂപ്രണ്ടിന് 2 ലക്ഷം
നൽകാം, എന്നിട്ടും..
പദ്ധതി പ്രകാരം പ്രതിവർഷം 50ലക്ഷം രൂപ കേന്ദ്രം ആശുപത്രിക്ക് നൽകാറുണ്ട്. ചെലവാകുന്നത് അനുസരിച്ച് രേഖകൾ കൃത്യമായി സമർപ്പിച്ചാൽ തുടർന്നും ലഭ്യമാക്കും
ഇതിൽ നിന്ന് ആശുപത്രി സൂപ്രണ്ടിന് രണ്ടു ലക്ഷംവരെ കേന്ദ്ര അനുമതിയില്ലാതെ നൽകാൻ അധികാരമുണ്ടെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അനുവദിക്കുന്നില്ലെന്നാണ് ആക്ഷേപം
തടസപ്പെട്ട ചികിത്സ
ഗുരുതര ചലനവൈകല്യമുള്ളവർക്ക് മരുന്ന് ഫലിച്ചില്ലെങ്കിൽ തലച്ചോറിലേക്ക് വൈദ്യുതി കടത്തിവിടുന്ന ന്യൂറോ സ്റ്റിമുലേഷൻ ശസ്ത്രക്രിയയാണ് പ്രതിവിധി. നെഞ്ചിനുള്ളിൽ ബാറ്ററി ഘടിപ്പിച്ച് വയർ തലച്ചോറിലേക്ക് കടത്തിവിടുന്നതാണിത്. വൈദ്യുതി എത്തുമ്പോൾ സാധാരണനിലയിലാകും. ഇതാണ് ശ്രീചിത്ര നിർദ്ധന രോഗികൾക്ക് പദ്ധതിയിലൂടെ സൗജന്യമായി ചെയ്യുന്നത്.
അനുവദിച്ച തുക,
ചികിത്സ ലഭിച്ച രോഗികൾ
(പദ്ധതി കാര്യക്ഷമമായി നടന്ന
2019വരെയുള്ള കണക്ക്)
2018-2019............137.65 കോടി.............33പേർ
2017-2018............82.13കോടി...............32പേർ
2016-2017............147കോടി..................34പേർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |