തളിപ്പറമ്പ്: തൊഴുത്തിൽ കെട്ടിയിരുന്ന അഞ്ച് കറവപശുക്കൾ ഷോക്കേറ്റ് ചത്തു. എടക്കോം റോഡിൽ കണാരം വയൽ അംഗനവാടിക്ക് സമീപത്തെ ചെറുവത്തോടൻ ശ്യാമള-ദാമോദരൻ ദമ്പതികളുടേതാണ് പശുക്കൾ. നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഇന്നലെ പുലർച്ചെ കറവയ്ക്കായി തൊഴുത്തിലെത്തി ബൾബിന്റെ സ്വുച്ചിട്ട ശ്യാമള ഷോക്കേറ്റ് തെറിച്ചുവീണു. അപ്പോഴാണ് പശുക്കളെ ചത്തനിലയിൽ കണ്ടെത്തിയത്.
തൊഴുത്തിന് തകരഷീറ്റിന്റെ മേൽക്കൂരയാണ് . ഷോർട്ട് സർക്യൂട്ടിലൂടെ ഇതുവഴി പശുക്കൾക്ക് ഷോക്കേറ്റെന്നാണ് നിഗമനം.
കണാരംവയൽ ക്ഷീരസഹകരണ സംഘം ഡയറക്ടർ കൂടിയായ ശ്യാമള അമ്പത് ലിറ്ററോളം പാൽ ഇവിടെ നൽകുന്നുണ്ട്. എം.വിജിൻ എം.എൽ.എ മന്ത്രി ചിഞ്ചുറാണിയുമായി സംസാരിച്ച് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള ഇടപെടൽ നടത്തിയിട്ടുണ്ട്.
ദാരുണം ആ കാഴ്ച
ദാമോദരനും ശ്യാമളയും കുഞ്ഞുങ്ങൾക്ക് നൽകുന്ന ശ്രദ്ധയോടെയായിരുന്നു പശുക്കളെ സംരക്ഷിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു. ഏറെക്കാലമായി ഈ മിണ്ടാപ്രാണികൾക്കുവേണ്ടിയുള്ളതായിരുന്നു ഈ ദമ്പതികളുടെ ജീവിതം. അവ അഞ്ചും ഇല്ലാതായെന്ന യാഥാർത്ഥ്യത്തിന് മുന്നിൽ കണ്ണീരുമായി നിൽക്കുകയാണ് ഈ ദമ്പതികൾ. അഞ്ച് പശുക്കളെയും വടം കെട്ടി തോടിന് ഇപ്പറത്ത് എത്തിച്ചാണ് സംസ്കരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |