തിരുവനന്തപുരം: ബി.എം.ഡബ്ളിയു, ഔഡി, ബെൻസ് തുടങ്ങിയ ആഗോള ബ്രാൻഡുകളുടെ പുതുതലമുറ വാഹനങ്ങളുടെ ഓട്ടോമേഷൻ സാങ്കേതിക വിദ്യ, സോഫ്റ്റ് വെയർ അടക്കം നിർമ്മിക്കുന്ന ഓട്ടോമേഷൻ ഹബ്ബാകാൻ കേരളം. ടെക്നോപാർക്ക്, കിൻഫ്ര എന്നിവിടങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് എട്ട് കമ്പനികൾ പ്രവർത്തനം തുടങ്ങി. ഇനിയും ചില കമ്പനികൾ വരും. ഇതിനായി ചില ആഗോള കമ്പനികളുമായി ചർച്ച പുരോഗമിക്കുന്നു. ഇതോടെ സംസ്ഥാനത്ത് വാഹന നിർമ്മാണവുമായി ബന്ധപ്പെട്ട വൻ വ്യവസായ കുതിപ്പാണ് പ്രതീക്ഷിക്കുന്നത്.
നിസാൻ ഡിജിറ്റൽ, ഡി സ്പെയ്സ്, ബ്ളൂ ബൈനറീസ്, ക്വസ്റ്ര് ഗ്ളോബൽ, യു.എസ്.ടി, ടാറ്റ എലക്സി, വിസ്റ്റിയോൺ, ഏഷ്യ ടെക്നോളജീസ് എന്നീ സ്ഥാപനങ്ങളാണ് പ്രവർത്തനം തുടങ്ങിയത്. എസ്.ഡി.വി (സോഫ്റ്റ് വെയർ ഡിസൈൻഡ് വെഹിക്കിൾ) സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതുതലമുറ വാഹനങ്ങളിലെ ക്ളൈമറ്റ് കൺട്രോൾ, ഗിയർ, സ്റ്റിയറിംഗ്, എൻജിൻ ശക്തിക്രമീകരണങ്ങൾ എന്നിവയ്ക്കുള്ള സംവിധാനങ്ങളാണ് നിർമ്മിക്കുന്നത്. ഈ സാങ്കേതിക വിദ്യയുടെ പ്രധാന കേന്ദ്രമായ ജർമ്മനിയിൽ വ്യവസായ വകുപ്പിന്റെ പ്രതിനിധി സംഘമടക്കം സന്ദർശിച്ച് സഹകരണ സാദ്ധ്യതയും ആരാഞ്ഞിട്ടുണ്ട്.
അനുകൂലമായി
വ്യവസായ നയം
നടപടിക്രമങ്ങളടക്കം ലഘൂകരിച്ച് വ്യവസായങ്ങൾക്ക് അനുകൂല അന്തരീക്ഷമുണ്ടാക്കുന്ന വ്യവസായ നയമാണ് സംസ്ഥാനത്തേക്ക് ആഗോള കമ്പനികളെ ആകർഷിക്കുന്നത്.
സ്ഥല ലഭ്യതയും അടിസ്ഥാന സൗകര്യങ്ങളും ഒക്കെ ചേർന്നതോടെ കൂടുതൽ കമ്പനികൾ കേരളത്തിൽ മുതൽമുടക്കാൻ തയ്യാറാകുന്നു. തൊഴിൽ നൈപുണ്യമുള്ള പുതുതലമുറയും ആകർഷകമാണ്.
കോടികളുടെ നിക്ഷേപം,
തൊഴിൽ സാദ്ധ്യത
ഇത്തരം വ്യവസായ സ്ഥാപനങ്ങൾ വരുന്നതോടെ സംസ്ഥാനത്ത് കോടികളുടെ നിക്ഷേപമുണ്ടാകും. തൊഴിൽ സാദ്ധ്യതയും കൂടും. മികച്ച ശമ്പളമാണ് വിദഗ്ദ്ധ തൊഴിലാളികൾക്ക് കമ്പനികൾ വാഗ്ദാനം ചെയ്യുന്നത്.
''വരും കാലത്തെ വാഹന വിപണിയാണ് നമ്മൾ ലക്ഷ്യം വയ്ക്കുന്നത്. വാഹന നിർമാണ രംഗത്തുള്ള സ്ഥാപനങ്ങളുടെ കോൺക്ളേവ് നേരത്തെ നടത്തിയിരുന്നു
-പി.രാജീവ്,
വ്യവസായമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |