സിനിമാതാരങ്ങളുടെ ദിനചര്യകൾ ഏറെ കൗതുകത്തോടെയാണ് മിക്കവരും നോക്കി കാണുന്നത്. പല താരങ്ങളും സോഷ്യൽ മീഡിയകളിലൂടെയും അഭിമുഖങ്ങളിലൂടെയും അവരുടെ സൗന്ദര്യരഹസ്യങ്ങളും ജീവിതരീതികളും പങ്കുവയ്ക്കാറുണ്ട്. ബോളിവുഡ് താരം ഐശ്വര്യ റായിയുടെ സൗന്ദര്യ രഹസ്യമറിയാനും പലരും കൗതുകത്തോടെയാണ് കാത്തിരുന്നത്. കഴിഞ്ഞ മാസം നടന്ന 78-ാമത് കാൻ ചലച്ചിത്രമേളയിലെത്തിയ ഐശ്വര്യ റായിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
അൻപത് വയസ് കഴിഞ്ഞിട്ടും എങ്ങനെയാണ് ഇത്രയും സൗന്ദര്യവതിയായിരിക്കുന്നതെന്നായിരുന്നു ആരാധകരുടെ ചോദ്യം. ഇപ്പോഴിതാ അത്തരം ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിരിക്കുകയാണ്. താരം തന്നെയാണ് തന്റെ ജീവിത രീതിയെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്. ഹാർപേഴ്സ് ബസാറുമായുളള സംഭാഷണത്തിനിടയിലാണ് തന്റെ ദൈനംദിന ജീവിതത്തെക്കുറിച്ചും സൗന്ദര്യരഹസ്യത്തെക്കുറിച്ചും ഐശ്വര്യ റായ് പങ്കുവച്ചിരിക്കുന്നത്.
'ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും 24 മണിക്കൂറാണ് ഒരു ദിവസം.പക്ഷെ ഞങ്ങൾ ഒരു ദിവസത്തെ 48 മണിക്കൂറായാണ് കാണാൻ ശ്രമിക്കുന്നത്. ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. എന്റെ ഒരു ദിവസം നേരത്തെ ആരംഭിക്കും. പുലർച്ചെ അഞ്ചരയോടെ ഞാൻ ഉറക്കമെഴുന്നേൽക്കും'-താരം പങ്കുവച്ചു.
ഇതുമായി ബന്ധപ്പെട്ട് മുംബയിലെ കോകിലെൻ ധീരുഭായ് അംബാനി ആശുപത്രിയിലെ കൺസൾട്ടന്റായ ഡോ. ചൈതന്യ കുൽകർണി ഒരു ദേശീയ മാദ്ധ്യമത്തോട് പ്രതികരിക്കുകയുണ്ടായി. പുലർച്ചെ ഉറക്കമുണരുന്നത് ഒരു വ്യക്തിയുടെ ശാരീരിക മാനസികാരോഗ്യത്തിന് ഉത്തമമാണെന്നാണ് ഡോക്ടർ പറഞ്ഞത്. ഈ സമയത്ത് വ്യായാമം, യോഗ പോലുളളവ ചെയ്യുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |