തിരുവനന്തപുരം:ഇസ്രയേൽ-ഇറാൻ ഏറ്റുമുട്ടലിൽ കേന്ദ്ര സർക്കാർ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്താരാഷ്‌ട്ര നിയമങ്ങളും എല്ലാ മര്യാദകളും ലംഘിച്ച് അമേരിക്കയുടെ സഹായത്തോടെ ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണം ഉടനടി നിർത്താൻ ലോകമാകെ ഒന്നിച്ച് സ്വരമുയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐക്യരാഷ്‌ട്രസഭയുടെ നേതൃത്വത്തിൽ ഇസ്രയേൽ ആക്രമണം തടയാൻ ഉടൻ ഇടപെടണം. 'ഇന്ത്യാ ഗവണ്മെന്റ് പശ്ചിമേഷ്യയിൽ സമാധാനത്തിനും നീതിക്കും വേണ്ടി വ്യക്തമായ നിലപാട് സ്വീകരിക്കാനും ഇസ്രയേലിനെതിരെ ശക്തമായ പ്രതിഷേധ സ്വരമുയർത്താനും തയ്യാറാകണം.' മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ആവശ്യം ഉന്നയിച്ചു.
ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മടങ്ങിയെത്തുന്ന കേരളീയർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ഡൽഹി കേരള ഹൗസിലെ റസിഡന്റ് കമ്മിഷണർക്ക് നിർദേശം നൽകി. ഡൽഹിയിലെത്തുന്ന കേരളീയർക്ക് കേരളഹൗസിൽ താമസസൗകര്യം ഒരുക്കും. ഇതിനു ശേഷം വിമാനം ലഭ്യമാകുന്ന മുറയ്ക്ക് മലയാളികളെ കേരളത്തിലേക്ക് അയയ്ക്കും. മുഖ്യമന്ത്രി അറിയിച്ചു.
'ഇറാനിലേയും ഇസ്രയേലിലേയും സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. ഈ പശ്ചാത്തലത്തിൽ തിരികെ കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്ന മലയാളികൾ നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ഹെൽപ്പ്‌ലൈൻ നമ്പരിൽ പേര് രജിസ്റ്റർ ചെയ്യണം. നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്റർ: 18004253939 (ടോൾ ഫ്രീ നമ്പർ), +918802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ). ഇവരുടെ വിവരം വിദേശകാര്യമന്ത്രാലയത്തിനും ഇറാനിലേയും ഇസ്രയേലിലേയും ഇന്ത്യൻ എംബസികൾക്കു കൈമാറുകയും തുടർ നടപടികൾക്കു വഴിയൊരുക്കുകയും ചെയ്യും.' മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |