പ്രകാശനം 24ന് മുഖ്യമന്ത്രി നിർവഹിക്കും
തിരുവനന്തപുരം: കേരള നിയമസഭ പുറത്തിറക്കുന്ന ഭരണഘടനാനിർമ്മാണസഭ ചർച്ചകളുടെ മലയാള പരിഭാഷയുടെ ഒന്നാം വാല്യം ഈമാസം 24ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. രാജ്യത്ത് ആദ്യമായാണ് ഭരണഘടനാ നിർമ്മാണസഭ ചർച്ചകൾ പ്രാദേശിക ഭാഷയിൽ പരിഭാഷപ്പെടുത്തുന്നതെന്ന് സ്‌പീക്കർ എ.എൻ.ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിയമസഭാ സമുച്ചയത്തിലെ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ്‌ലോഞ്ചിൽ രാവിലെ 11.30ന് നടക്കുന്ന പരിപാടിയിൽ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയംഗോപകുമാർ,പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, മന്ത്രിമാരായ കെ.രാജൻ,കെ.എൻ.ബാലഗോപാൽ,പി.രാജീവ്, എം.ബി.രാജേഷ്,ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്,കെ.കുഞ്ഞാലിക്കുട്ടി,പി.ജെ.ജോസഫ് എം.എൽ.എ എന്നിവർ പങ്കെടുക്കും.
രാവിലെ 9.30ന് 'പെയ്തിറങ്ങുന്ന ഓർമ്മകൾ" എന്നപേരിൽ സംഘടിപ്പിക്കുന്ന സൗഹൃദകൂട്ടായ്മയോടെ പരിപാടികൾ തുടങ്ങും. ദേശീയ – അന്തർദേശീയ കായിക മത്സരങ്ങളിൽ പങ്കെടുത്ത മുൻ നിയമസഭാംഗം എം.ജെ.ജേക്കബ്,ഭരണഘടനാനിർമ്മാണസഭ ഡിബേറ്റ്സ് പരിഭാഷാ പ്രോജക്ട് വിദഗ്ദ്ധസമിതി ചെയർപേഴ്സൺ ഡോ.എൻ.കെ.ജയകുമാറിനെയും പ്രത്യേകപുരസ്‌കാരം നൽകി ആദരിക്കും. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന സെമിനാർ പ്രൊഫ. ജി.ബി.റെഡ്ഡി,വൈസ് ചാൻസലർ,നുവാൽസ്,കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ജെ.ബി.കോശി,കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സോഫി തോമസ്,നുവാൽസ് മുൻ വൈസ് ചാൻസലർ പ്രൊഫ. കെ.സി.സണ്ണി എന്നിവർ പങ്കെടുക്കും.അന്നേദിവസം പൊതുജനങ്ങൾക്ക് നിയമസഭയിലേക്ക് പ്രവേശിക്കാൻ നിയന്ത്രണങ്ങളുണ്ടാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |