തിരുവനന്തപുരം: നിലമ്പൂരിൽ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെ, അടിയന്തരാവസ്ഥക്കാലത്ത് ആർ.എസ്.എസുമായി കൂട്ടു കൂടിയെന്ന ചാനൽ അഭിമുഖത്തിലെ വിവാദ പ്രസ്താവനയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ആർ.എസ്.എസുമായി ഒരു ഘട്ടത്തിലും സി.പി.എം ബന്ധമോ സന്ധിയോ ഉണ്ടാക്കിയിട്ടില്ല. സി.പി.എമ്മുകാരുടെ കൊലയ്ക്ക് ആയുധമൊരുക്കി കാത്തിരിക്കുന്ന വർഗ്ഗീയക്കൂട്ടമാണ് അവരെന്നും,215 സഖാക്കളെയാണ് ആർ.എസ്.എസ് കൊലപ്പെടുത്തിയതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. ജനതാ പാർട്ടിയുമായി തിരഞ്ഞെടുപ്പ് സഹകരണമുണ്ടായിരുന്നു.ഇത് ജനസംഘവും ആർ.എസ്.എസുമായുള്ള ബന്ധമാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് ആർ.എസ്.എസ് അക്രമങ്ങൾക്കെതിരേ സി.പി.എം ചെറുത്തു നിൽക്കുകയായിരുന്നു. കണ്ണൂരിൽ മാത്രം അനവധി രക്തസാക്ഷികളുണ്ടായി. 1977ൽ രൂപീകൃതമായ ജനതാ പാർട്ടിൽ ജനസംഘം ലയിച്ചെന്നത് മറയാക്കി സി.പി.എമ്മും ആർ.എസ്.എസുമായി ധാരണയുണ്ടായിരുന്നെന്ന ആരോപണമുന്നയിക്കുന്നത് ശുദ്ധ അസംബന്ധമാണ്. അടിയന്തരാവസ്ഥക്കാലത്ത് ജനസംഘവുമായിപ്പോലും സി.പി.എം സഹകരിച്ചിട്ടില്ല. അടിയന്തരാവസ്ഥയ്ക്കെതിരേ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുണ്ടായ വിശാല മുന്നണി ജനതാ പാർട്ടിയായി മാറുകയായിരുന്നു.
ഒ.രാജഗോപാലും കെ.ജി. മാരാരും കോൺഗ്രസ് പിന്തുണയുള്ള സ്ഥാനാർത്ഥികളായിരുന്നു. ആർ.എസ്.എസ് അടങ്ങിയ ജനതാ വിഭാഗവുമായി 1980ൽ യു.ഡി.എഫ് സഖ്യമുണ്ടാക്കി. അതിന്റെ തുടർച്ചയായി ഒളിഞ്ഞും തെളിഞ്ഞും കോ-ലീ-ബി ആയും കോൺഗ്രസ് അത്തരം സഖ്യങ്ങളുണ്ടാക്കി. ആർ.എസ്.എസിനെ പ്രീണിപ്പിക്കുന്ന നിലപാട് സി.പി.എം ഒരു ഘട്ടത്തിലുമെടുത്തിട്ടില്ല.
ആർ.എസ്.എസിന് കോൺഗ്രസ്
വിശ്വസിക്കാവുന്ന മിത്രം
ഇന്നു വരെ കമ്മ്യൂണിസ്റ്റുകാർ ആർ.എസ്.എസിനോട് ഐക്യപ്പെടാൻ പോയിട്ടില്ല. നാളെയും പോവില്ല- ഇതാണ് സി.പി.എമ്മിന്റെ നിലപാട്.ഒരു വർഗ്ഗീയതയെയും ഒന്നിച്ചുനിറുത്തില്ല. ആരോടും വിട്ടുവീഴ്ചയില്ല. വിശ്വസിക്കാവുന്ന മിത്രമെന്ന നിലയിലാണ് കോൺഗ്രസിനെ ആർ.എസ്.എസ് കാണുന്നത്.ആർ.എസ്.എസുമായി യോജിപ്പിന്റെ ഒരു മേഖലയുമില്ല. അവരുടെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തോട് നേർക്കുനേർ പോരാടുന്നത് സി.പി.എമ്മാണ്.
ആർ.എസ്.എസ് ആഭ്യന്തര ശത്രുക്കളായി കാണുന്നത് കമ്മ്യൂണിസ്റ്റുകാരെയാണ്. ആർ.എസ്.എസുമായി ഒരു കൂട്ടുകെട്ടും ഒരു ഘട്ടത്തിലുമുണ്ടായിട്ടില്ല.എം.വി.ഗോവിന്ദൻ പറഞ്ഞ കാര്യം തെറ്റിദ്ധാരണാജനകമായി വാർത്ത നൽകിയതാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വസ്തുതകളും വിശദീകരിച്ചു. യാഥാർത്ഥ്യം എല്ലാവർക്കും അറിയാവുന്നതാണ്. അതിൽ ആർക്കും സംശയം വേണ്ടതില്ല. ആർ.എസ്.എസ് ആരാധിക്കുന്നവരുടെ
(ഗോൾവാൾക്കർ) ചിത്രത്തിനു മുന്നിൽ താണു വണങ്ങിയത് ഞങ്ങളല്ല മറ്റ് ചിലരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പേരു പറയാതെ മുഖ്യമന്ത്രി വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |