തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രതിസന്ധി തുറന്നു പറഞ്ഞതിലൂടെ താൻ നടത്തിയത് പ്രൊഫഷണൽ സൂയിസൈഡാണെന്ന് യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കൽ. തനിക്കെതിരെ നടപടി ഉണ്ടായാലും നിലപാട് തുടരും. ബ്യൂറോക്രസിയുടെ വീഴ്ച പരിഹരിക്കണം. പ്രശ്‌നങ്ങൾ പരിഹരിച്ചാൽ ആരോഗ്യമേഖല ഉയർച്ചയിലേക്ക് പോകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നടത്തിയ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിൽ വിഷമമില്ല. ഇടതുപക്ഷ സഹയാത്രികനായ ഞാൻ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹം ഗുരുനാഥന് തുല്യനാണ്. എല്ലാ വഴിയും അടഞ്ഞപ്പോഴാണ് തുറന്നു പറഞ്ഞത്. ഒരിക്കൽപോലും മന്ത്രിസഭയേയോ ആരോഗ്യവകുപ്പ് മന്ത്രിയേയോ വകുപ്പിനേയോ കുറ്റപ്പെടുത്തിയിട്ടില്ല. ഉദ്യോഗസ്ഥരെയാണ് കുറ്റപ്പെടുത്തുന്നത്.
ബ്യൂറോക്രസിക്ക് പ്രശ്‌നങ്ങളുണ്ട്. മുഖ്യമന്ത്രി പറഞ്ഞത് ഒരു പരിധിവരെ ശരിയാണ്. അഭിപ്രായം തുറന്നുപറയുമ്പോൾ ആരോഗ്യമേഖലയ്ക്ക് ഇടിച്ചിൽ ഉണ്ടാകും. എന്നാൽ, അത് പരിഹരിച്ചാൽ ആരോഗ്യമേഖലയുടെ വളർച്ച ഉദ്ദേശിക്കുന്നതിനെക്കാൾ വളരെ വേഗത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ഒറ്റ ദിവസം കൊണ്ട്
എങ്ങനെ ശരിയായി?'
രണ്ടു മാസമാണ് കളക്ടറേറ്റിൽ ഫയൽ മുടങ്ങിക്കിടന്നതെന്ന് ഡോ.ഹാരിസ്. ചികിത്സയ്ക്ക് ആവശ്യമായ ഫയലുകൾ എങ്ങനെയാണ് രണ്ടുമാസം മുടങ്ങിക്കിടക്കുക. പ്രശ്‌നം ഉണ്ടായ അതേരാത്രിയിൽ തന്നെ പ്രശ്‌നം പരിഹരിച്ചു. ഒറ്റദിവസം കൊണ്ട് ഹൈദരാബാദ് വരെ പോയത് എങ്ങനെയാണ്. മറ്റു ഉപകരണങ്ങളും കഴിഞ്ഞ ദിവസം എത്തി. മാസങ്ങളും വർഷങ്ങളുമായി മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ എങ്ങനെയാണ് ഒറ്റ ദിവസം കൊണ്ട് ശരിയാകുന്നത്.
ഇനി ഇങ്ങനെ
വരാൻ കഴിയില്ല
അന്വേഷണ സമിതിക്ക് മുമ്പാകെ തെളിവുകളോടെ കാര്യങ്ങൾ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ടെന്ന് ഡോ. ഹാരിസ്. പ്രതിവിധികൾ നിർദ്ദേശിച്ചിട്ടുണ്ട്. അതൊക്കെ നടപ്പിലാകണം. സ്ഥിരമായി പരിഹരിക്കാനുള്ള സംവിധാനങ്ങളുണ്ടാകണം
എന്റെ കരിയറും ജോലിയും ത്യജിച്ച് അത്രയും റിസ്‌കെടുത്താണ് ഞാൻ ഇപ്പോൾ മുന്നോട്ട് വന്നത്. ആരും ചെയ്യില്ല. ഒരുപക്ഷേ, ഇനി എനിക്ക് ഇങ്ങനെ വരാൻ കഴിയില്ല. ഞാനില്ലാതാകുന്നു എന്ന് വിചാരിച്ച് പ്രശ്‌നങ്ങളില്ലാതാകുന്നില്ല. അത് പരിഹരിക്കാൻ നടപടികളുണ്ടാകണം.
സത്യം പറഞ്ഞ ഡോക്ടറെ സർക്കാർ വിരട്ടുന്നു: സതീശൻ
സത്യം തുറന്നു പറഞ്ഞ മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ.ഹാരീസിനെ സർക്കാർ പീഡിപ്പിക്കുയും ഭയപ്പെടുത്തുകയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. ഡോക്ടർക്കെതിരെ പരസ്പര വിരുദ്ധമായാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി എം. വിഗോവിന്ദനും സംസാരിക്കുന്നത്. ഇതിലെല്ലാം ഭീഷണിയുടെ സ്വരമുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഡോ.ഹാരിസ് സത്യമാണ് തുറന്നു പറഞ്ഞതെന്നു വ്യക്തമായല്ലോ. കഴിഞ്ഞയാഴ്ചയും ഇടതു പക്ഷത്തിന് അനുകൂലമായി ഫേസ്ബുക്കിൽ പോസ്റ്റിട്ട ഇടത് സഹയാത്രികനാണ് അദ്ദേഹം. അങ്ങനെയൊരാൾക്കാണ് മെഡിക്കൽ കോളേജിലും സർക്കാർ ആശുപത്രിയിലും നടക്കുന്ന കാര്യങ്ങൾ നിവൃത്തികേട് കൊണ്ട് തുറന്നു പറയേണ്ടി വന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മാത്രമല്ല കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജുകളിലും സർക്കാർ ആശുപത്രികളിലും സ്ഥിതി ദയനീയമാണ്. ഡോക്ടറെ ചേർത്ത് പിടിക്കുകയും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ നിരാകരിക്കുകയും ചെയ്യാനാണ് ശ്രമിക്കുന്നത്. ഒരുപാട് സങ്കടങ്ങൾ ഇനിയും പുറത്തു വരാനുണ്ട്. സർക്കാരിന് എതിരെയല്ല പറഞ്ഞതെങ്കിൽ എം.വി. ഗോവിന്ദനും മുഖ്യമന്ത്രിയും ഡോക്ടറെ വിരട്ടുന്നത് എന്തിനാണ്?
രാജീവ് ചന്ദ്രശേഖർ കോൺഗ്രസിനെ മതേതരത്വം പഠിപ്പിക്കേണ്ട. നിലമ്പൂരിൽ ബി.ജെ.പി, സി.പി.എമ്മുമായി ധാരണയുണ്ടാക്കി കോൺഗ്രസിന്റെ വോട്ട് പിടിക്കാനും എൽ.ഡി.എഫിന് വേട്ടു നൽകാനുമുള്ള ധാരണയാണ് ഉണ്ടാക്കിയത്. യൂത്ത് കോൺഗ്രസുകാരുടെ
വസ്ത്രധാരണത്തിൽ ഒരു നിയന്ത്രണവും ഏർപ്പെടുത്താനാകില്ല. ഇപ്പോൾ സ്വാതന്ത്ര്യ സമരമൊന്നും നടക്കുന്നില്ലല്ലോ. ഖദർ ധരിക്കുന്നതും ധരിക്കാത്തതുമായ ചെറുപ്പക്കാരുണ്ട്. താനും എല്ലാത്തരത്തിലുള്ള വസ്ത്രവും ഉപയോഗിക്കുന്നുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി.
ഒറ്റപ്പെടുത്താൻ നീക്കം
തിരുവനന്തപുരം: ഡോ.ഹാരിസിനെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചതിന് പിന്നാലെ അദ്ദേഹത്തെ ഒറ്റപ്പെടുത്തി കൂടുതൽ പേർ രംഗത്തെത്തി. ഇടതു സഹയാത്രികനായ ഡോ. ഹാരിസിനെ നോവിക്കാതെയുള്ള പ്രതികരണങ്ങളാണ് കഴിഞ്ഞ ദിവസം വരെയുണ്ടായിരുന്നത്. എന്നാൽ, മുഖ്യമന്ത്രിയുടെ വിമർശനത്തിന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മന്ത്രിമാരടക്കം രംഗത്തെത്തുകയായിരുന്നു. പാർട്ടി മുഖപത്രവും വിമർശിച്ചു. അതേസമയം, ഹാരിസ് മികച്ച ഡോക്ടറാണെന്ന് പറഞ്ഞ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അദ്ദേഹത്തെ പിന്തുണച്ചു. കുനിഷ്ട് ഉള്ളതായി തോന്നുന്നില്ല സർവീസ് ചട്ടങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ നോക്കട്ടെയെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |