കണ്ണൂർ : തോട്ടട കിഴുന്നപ്പാറ കുറ്റിക്കകത്തിനടുത്ത് കുറുനരിയുടെ കടിയേറ്റ് നാലു പേർക്ക് പരിക്ക്. വരപ്രത്ത് ശോഭന, ബേസാറന്റവിട മുക്കാട്ടിൽ സഹീറ, പുതിയാറമ്പറത്ത് സുബൈർ, ഇതര സംസ്ഥാന തൊഴിലാളി മദൻലാൽ ഖുറാന, എന്നിവർക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ പത്തിനാണ് സംഭവം.
വീട്ടുമുറ്റത്ത് തുണി അലക്കി കൊണ്ടിരുന്ന സമയത്ത് ശോഭന(58)യെ തൊട്ടടുത്ത കുറ്റിക്കാട്ടിൽ നിന്നെത്തിയ കുറുനരി കടിക്കുകയായിരുന്നു. കാലിന് കടിയേറ്റ ശോഭന കൈകൊണ്ട്കുറുനരിയെ ഓടിക്കാൻ ശ്രമിച്ചപ്പോൾ കൈവിരലിന് കടിയേറ്റു. വീട്ടമ്മയുടെ ഒരു വിരൽ അറ്റുപോയി. കുറ്റിക്കകം സ്വദേശി പരേതനായ സുരേശന്റെ ഭാര്യയാണ്. ശോഭനയെ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വീടിനടുത്തുള്ള റോഡിൽ വച്ചാണ് മുക്കാട്ടിൽ ബീബിയുടെ മകൾ സഹീറ (35) യ്ക്ക് കാലിൽ കടിയേറ്റത്.സഹീറയും കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മത്സ്യതൊഴിലാളിയായ സുബൈറിനും റിസോർട്ട് തൊഴിലാളിയായ മദൻലാൽ ഖുറാനയ്ക്കും കുറുനരിയുടെ നഖം കൊണ്ട് പോറൽ ഏറ്റതേയുള്ളു. ഇരുവരും ആശുപത്രിയിൽ ചികിൽസ തേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |