തിരുവനന്തപുരം: പടിഞ്ഞാറൻ കാറ്റ് ദുർബലമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മഴയ്ക്ക് ശമനം. ഇന്ന് കൂടി ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കാം. ഇന്ന് ആലപ്പുഴ,എറണാകുളം,തൃശൂർ,മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അത് കഴിഞ്ഞ് ഇടവിട്ടുള്ള മഴ ഒരാഴ്ച ലഭിക്കും.
ശേഷം മലയോര മേഖലകളിൽ മഴ അല്പം സജീവമാകും. കേരള തീരത്ത് കടലാക്രമണം രൂക്ഷമായിരിക്കും.തീരദേശവാസികൾ ജാഗ്രത പാലിക്കണം.മത്സ്യബന്ധനം പാടില്ല.സംസ്ഥാനത്ത് ശക്തമായ കാലവർഷ മഴ കോരിച്ചൊരിഞ്ഞെങ്കിലും കണക്കിൽ കുറവാണ്.ജൂൺ 1 മുതൽ ഇന്നലെ വരെയുള്ള കാലവർഷ കലണ്ടർ അനുസരിച്ച് മൂന്ന് ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്.ഇടയ്ക്ക് ഒരാഴ്ച മഴ ശമിച്ചതാണ് കാരണം.370 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥലത്ത് 360 മാത്രമാണ് ലഭിച്ചത്.കണ്ണൂർ ജില്ലയിൽ മാത്രമാണ് അധിക മഴ രേഖപ്പെടുത്തിയത്.483 മില്ലീ മീറ്റർ ലഭിക്കേണ്ടിടത്ത് 586 മില്ലീ മീറ്റർ മഴ ലഭിച്ചു. ഇത് 21 ശതമാനം അധികമാണ്.വയനാട് 43 ശതമാനവും ഇടുക്കിയിൽ 21 ശതമാനവും മഴക്കുറവാണ് രേഖപ്പെടുത്തിയത്.ബാക്കി എല്ലാ ജില്ലകളിൽ ശരാശരി മഴയാണ് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |