കുറച്ച് സിനിമകളിൽ മാത്രം മുഖം കാണിച്ച് പ്രേക്ഷകരുടെ മനസിൽ ചേക്കേറിയ നിരവധി താരങ്ങളുണ്ട്. അഭിനയ മികവ് തെളിയിച്ചിട്ടും സിനിമാമേഖല വിട്ടവർ ഒട്ടനവധിയാണ്. അത്തരത്തിൽ ഒരു നടിയെപ്പറ്റിയാണ് ഇനി പറയാൻ പോകുന്നത്. വളരെയേറെ ഉയർച്ചകളും താഴ്‌ചകളും അവർക്ക് കരിയറിൽ അനുഭവിക്കേണ്ടി വന്നു. വൈകാരികമായ പോരാട്ടങ്ങളും വിവാദങ്ങളും നേരിടേണ്ടിവന്നു. ഒടുവിൽ അവൾക്ക് എന്നെന്നേക്കുമായി സിനിമ ഉപേക്ഷിക്കേണ്ടി വന്നു. ഫറാ നാസ് എന്നാണ് ഈ നടിയുടെ പേര്.
യാഷ് ചോപ്രയുടെ ഫാസിൽ (1985) എന്ന ചിത്രത്തിലൂടെ പതിനേഴാം വയസിൽ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് ഫറാ. ചിത്രം ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടുവെങ്കിലും നടിയെ എല്ലാവർക്കും ഇഷ്‌ടപ്പെട്ടു. അധികം വൈകാതെ തന്നെ നിരവധി ചിത്രങ്ങളിലൂടെ അവർ ശ്രദ്ധിക്കപ്പെട്ടു. രാജേഷ് ഖന്ന, ധർമ്മേന്ദ്ര, സഞ്ജയ് ദത്ത്, ആമിർ ഖാൻ തുടങ്ങിയ അക്കാലത്തെ മുൻനിര നായകന്മാർക്കൊപ്പം നിരവധി വിജയകരമായ ചിത്രങ്ങളിൽ അഭിനയിച്ചു. ഇമാന്ദാർ, യതീം, മാർട്ടെ ദാം തക്, ഖുദാ ഗവാഹ്, ബാപ് നംബ്രി ബേട്ട ദസ് നംബ്രി എന്നിവയാണ് അവരുടെ ശ്രദ്ധേയമായ ചില ചിത്രങ്ങൾ.
1988ൽ ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ തനിക്ക് നേരിടേണ്ടിവന്ന പല ബുദ്ധിമുട്ടുകളെക്കുറിച്ചും അവർ വെളിപ്പെടുത്തി. കുടുംബപ്രശ്‌നത്തെ തുടർന്ന് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതായി അവർ സമ്മതിച്ചു. 1989ൽ നടന്ന രണ്ട് സംഭവങ്ങൾക്ക് ശേഷമാണ് ഫറയ്‌ക്ക് കരിയറിൽ തിരിച്ചടി നേരിടേണ്ടി വന്നത്. 'കസം വർദി കി' എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടെ സഹതാരം ചങ്കി പാണ്ഡെയെ കരണത്തടിച്ചതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ചങ്കി പാണ്ഡെ പറഞ്ഞ ഒരു തമാശ ഇഷ്‌ടപ്പെടാത്തതിനാലാണ് ഫറ അങ്ങനെ പ്രതികരിച്ചത്.
അതേവർഷം തന്നെ 'രഖ്‌വാല' എന്ന ചിത്രം ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടു. ഫറയ്‌ക്ക് പകരം മാധുരി ദീക്ഷിത് നായികയായി അഭിനയിച്ചിരുന്നെങ്കിൽ ചിത്രം ഹിറ്റാകുമായിരുന്നെന്ന് അനിൽ കപൂർ അഭിപ്രായപ്പെട്ടിരുന്നു. ഇത് ഫറയെ പ്രകോപിപ്പിക്കുകയും അവർ അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ വിവാദങ്ങൾ നടിയുടെ ഇമേജിനെ ദോഷകരമായി ബാധിക്കുകയും അവളുടെ കരിയർ അവസരങ്ങളെ നഷ്‌ടപ്പെടുത്തുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |