ലോകത്തിലെ പലതരം ജന്തുജാലങ്ങൾക്കും അവരുടെ അധികാരപരിധി സംരക്ഷിക്കാനും ഇണകളെ കണ്ടെത്താനും പലതരം പ്രത്യേക രീതികളുണ്ട്. മയിൽ അതിന്റെ ഇണകളെ ആകർഷിക്കാൻ പീലിവിരിച്ച് നൃത്തമാടും, ചിലയിനം പക്ഷികളിൽ ആൺപക്ഷി കൂടൊരുക്കി പെൺകിളിയെ ആകർഷിക്കും. എന്നാൽ മൃഗങ്ങളിൽ പലപ്പോഴും ആണുങ്ങൾ തമ്മിൽ കൊമ്പുകോർത്താകും ഇണയെ നേടുക. കരയിൽ മാത്രമല്ല കടലിലും ഇതൊക്കെത്തന്നെയാണ് പതിവ്.
മനുഷ്യൻ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും ബുദ്ധിയും വിവേകശക്തിയുമുള്ള ജീവികളിൽ ഒന്നാണ് നീരാളികൾ. കൈപ്പത്തിയിലൊതുങ്ങുന്ന വലിപ്പമുള്ളവ മുതൽ ഏറെ വലിയവ വരെ ഇക്കൂട്ടത്തിലുണ്ട്. ഇവയുടെ കൂട്ടത്തിൽ ഇണചേരാനോ ശല്യപ്പെടുത്താനോ വരുന്ന ആൺ നീരാളികളോട് പെൺ നീരാളികൾ ചെയ്യുന്ന ഒരു തന്ത്രം ഇപ്പോൾ ഗവേഷകർ കണ്ടെത്തിയിരിക്കുകയാണ്. സിഡ്‌നി സർവകലാശാലയും മറ്റ് ചില ഗവേഷണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടന്ന പഠനം പ്ളോസ് വൺ എന്ന സയൻസ് മാദ്ധ്യമത്തിൽ പ്രസിദ്ധീകരിച്ചിരിക്കുകയാണ്.
വിശ്രമിക്കുന്ന സമയത്ത് ശല്യം ചെയ്യാനോ, ഇണചേരൽ കാലത്ത് പിറകെവന്ന് ഉപദ്രവിക്കാനോ ശ്രമിക്കുന്ന ആൺ നീരാളികളെ പെൺ നീരാളികൾ കൈയിൽ കിട്ടുന്നത് എടുത്തെറിഞ്ഞ് ഓടിക്കാറുണ്ടെന്ന് കണ്ടെത്തി. ഓസ്‌ട്രേലിയൻ കടലുകളിൽ കാണുന്ന ഗ്ളൂമി ഒക്‌ടോപസ് എന്ന നീരാളി വർഗത്തിലാണ് ഇങ്ങനെ പ്രതികരിക്കുന്ന നീരാളികളുള്ളത്. കക്ക, കട്ടിയായ ചെളി, ആൽഗെകൾ എന്നിവ പെൺനീരാളികൾ കൈകളിലെടുത്ത് ആൺ നീരാളികൾക്ക് നേരെ മനഃപൂർവം എറിയും. ഏറുകൊള്ളുന്ന ആൺ നീരാളി ഇണചേരാൻ താൽപര്യം കാട്ടാതെ മടങ്ങുകയോ, രക്ഷപ്പെട്ട് പോകുകയോ ചെയ്യും.
നീരാളികളുടെ ചിന്താശേഷി, ബുദ്ധി, അവയുടെ സാമൂഹിക സ്വഭാവം എന്നിങ്ങനെ വിവിധതരം കാര്യങ്ങൾ ഈ പ്രവർത്തിയിലൂടെ അറിയാൻ കഴിയുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. പരസ്‌പരം ആശയവിനിമയം ചെയ്യാത്തതും ഒറ്റയ്‌ക്കുനടക്കുന്നവയുമാണ് ഇവ എന്ന വിശ്വാസം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഈ സ്വഭാവം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |