നിയമം ഒരിക്കലും ആൾക്കൂട്ടത്തിന് വിട്ടുകൊടുക്കാനുള്ളതല്ല. കാരണം ഏതൊരു ആൾക്കൂട്ടവും വികാര വിക്ഷോഭത്തിന്റെ ആധിക്യത്തിലാണ് തീരുമാനമെടുക്കുന്നതും നടപ്പാക്കുന്നതും. ശിക്ഷകൾ നൽകേണ്ടത് ഇരുവശവും ഉൾക്കൊണ്ട് വിവേകപൂർവമായിരിക്കണം. അതിനാണ് കോടതിയും അനുബന്ധ സംവിധാനങ്ങളും. കുറ്റകൃത്യം ചെയ്‌തെന്ന് ആരോപിച്ച് ആൾക്കൂട്ടം പിടിക്കുന്ന വ്യക്തി യഥാർത്ഥ പ്രതി ആകണമെന്നില്ല. ആൾക്കൂട്ടത്തിലുള്ള ചിലർ പൂർവ വിരോധം കാരണം ചൂണ്ടിക്കാണിക്കുന്ന ആളുമാകാം. ചെറിയ തെറ്റിനുപോലും ആൾക്കൂട്ടം പരമാവധി ശിക്ഷയാവും നൽകുക. വിശപ്പടക്കാൻ ഇത്തിരി അരി എടുത്തതിനാണ് അട്ടപ്പാടിയിൽ മധു എന്ന ആദിവാസിയെ കൈകൾ കെട്ടിയിട്ട് അടിച്ചുകൊന്നത്. ആൾക്കൂട്ടം നിയമം നടപ്പാക്കുന്നത് ചങ്ങലയ്ക്ക് ഭ്രാന്തു പിടിക്കുന്നതിന് സമമാണ്.
നീതിബോധമുള്ള ഒരു ഭരണകൂടവും ഒരിക്കലും അനുവദിക്കാൻ പാടില്ലാത്തതാണ് ഇത്. ഇന്ത്യയിലെന്നല്ല, ലോകത്തിൽ എവിടെയും ഏറ്റവും വലിയ ക്രൂരതകൾ അരങ്ങേറിയിട്ടുള്ളത് കലാപങ്ങളിലാണ്. അതെല്ലാം നടത്തിയിട്ടുള്ളത് മുഖം നഷ്ടപ്പെട്ട ആൾക്കൂട്ടങ്ങളാണ്. അതിനാൽ ഒരു വികസിത സമൂഹം ഒരിക്കലും ആൾക്കൂട്ട വിചാരണകളെ അനുവദിക്കരുത്. നമ്മുടെ നാട്ടിലെ സദാചാരം സംരക്ഷിക്കാൻ ഒരു പൗരനെയും ആരും ഏൽപ്പിച്ചിട്ടില്ല. പൊതുസ്ഥലത്ത് സദാചാര വിരുദ്ധമായ പ്രവർത്തനങ്ങൾ അരങ്ങേറിയാൽ പൊലീസിന് നിയമ നടപടി സ്വീകരിക്കാം. എന്നാൽ ചില സാമൂഹ്യവിരുദ്ധർ സദാചാര സംരക്ഷണം സ്വയം ഏറ്റെടുക്കാറുണ്ട്. ഇവർക്ക് ജാതി, മത വ്യത്യാസമൊന്നുമില്ല. എല്ലാ മതത്തിലുമുള്ളവർ ഈ വൃത്തികെട്ട ഏർപ്പാടിന് ഇറങ്ങാറുണ്ട്. പാർട്ടിയുടെ മേലങ്കി കൂടിയുണ്ടെങ്കിൽ ഇവർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമായി എന്നേയുള്ളൂ.
മുഖ്യമന്ത്രിയുടെ നാടായ പിണറായിയിലും കഴിഞ്ഞ ദിവസം നടന്നത് അതാണ്. കണ്ണൂർ കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് റസീന എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവം നാടിനെ ദുഃഖിപ്പിക്കുന്നതാണ്. ആൾക്കൂട്ട വിചാരണ നടത്തിയ എസ്.ഡി.പി.ഐ പ്രവർത്തകരായ മുബഷീർ, ഫൈസൽ, റഫാസ് എന്നിവരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പിൽനിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതികൾ ഇപ്പോൾ തലശ്ശേരി സബ് ജയിലിൽ റിമാൻഡിലാണ്. നാട്ടിലെ ഒരു പള്ളിക്കു സമീപം കാറിനരികിൽ റസീന ഒരു സുഹൃത്തിനോട് സംസാരിച്ചുകൊണ്ടു നിൽക്കെയാണ് ഈ മൂവർസംഘം അവരെ വളഞ്ഞുവച്ച് ചോദ്യം ചെയ്തത്. തുടർന്ന് യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ചശേഷം മയ്യിൽ സ്വദേശിയായ യുവാവിനെ ഒന്നിലധികം സ്ഥലത്തായി കൊണ്ടുപോയി മർദ്ദിക്കുകയും ലാപ്‌ടോപ്പും മൊബൈലും തട്ടിയെടുക്കുകയും ചെയ്തു. ഇയാളെ എസ്.ഡി.പി.ഐ ഓഫീസിലെത്തിച്ച് രാത്രി വൈകി ബന്ധുക്കളെ വിളിച്ചുവരുത്തിയാണ് കൈമാറിയത്.
ഈ സാമൂഹ്യവിരുദ്ധന്മാരുടെ യഥാർത്ഥ ലക്ഷ്യം മോഷണവും യുവതിയെ ആക്ഷേപിച്ച് പണം തട്ടലുമാണെന്ന് മനസിലാക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഇത്തരം സാമൂഹ്യവിരുദ്ധന്മാരുടെ സദാചാര സംരക്ഷണം ഒരിക്കലും സമൂഹവും ഭരണകൂടവും അനുവദിക്കാൻ പാടില്ല. ഇത്തരം ആൾക്കൂട്ട വിചാരണ നടത്തുന്നവർക്ക് ഇപ്പോൾ നൽകുന്ന ശിക്ഷ പരമാവധി വർദ്ധിപ്പിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. ഒരു പുരുഷനും സ്‌ത്രീയും തമ്മിൽ പൊതുസ്ഥലത്ത് സംസാരിക്കുന്നതിൽപ്പോലും അശ്ളീലം ആരോപിക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധരാണ് യഥാർത്ഥ 'സദാചാര വിരുദ്ധർ" എന്നും സമൂഹം മനസിലാക്കണം. പിണറായിയിൽ മാത്രമല്ല, കേരളത്തിൽ പലയിടത്തും ഇത്തരം സദാചാര സംരക്ഷണ ആൾക്കൂട്ട വിചാരണകൾ നടന്നിട്ടുണ്ട്. അതിന്റെ ഇരകളിൽ പലരും ഭീതിയും നാണക്കേടും കാരണം പുറത്തു പറയാത്തതിനാൽ ആരും അറിഞ്ഞിട്ടില്ലെന്നേയുള്ളൂ. ഇനിയെങ്കിലും ഇത് ആവർത്തിക്കാതിരിക്കാൻ എന്തു നടപടികൾ സ്വീകരിക്കാനാവുമെന്ന് ഭരണകർത്താക്കൾ ആലോചിക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |