തിരുവനന്തപുരം: ചെലവുകൾക്കായി സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതൊഴിവാക്കാൻ രാജ്ഭവനുകൾക്ക് കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കും. ഗവർണറുടെ അലവൻസ്, യാത്ര, ജീവനക്കാരുടെ ശമ്പളം, പെൻഷൻ, അതിഥി സൽക്കാരം, രാജ്ഭവനിലെ ദൈനംദിന ചെലവുകൾ എന്നിവയ്ക്കെല്ലാം നിലവിൽ സംസ്ഥാനമാണ് പണം നൽകുന്നത്. എല്ലാ ചെലവും അനുവദിച്ച് രാജ്ഭവനുകളെ സമ്പൂർണമായി കേന്ദ്രനിയന്ത്രണത്തിലാക്കാനാണ് നീക്കം.
ബംഗാളും തമിഴ്നാടും രാജ്ഭവനുകൾക്കുള്ള വിഹിതം വെട്ടിക്കുറച്ചിരുന്നു. കേരളത്തിൽ വിഹിതം അനുവദിക്കാൻ രാജ്ഭവന് സർക്കാരിൽ സമ്മർദ്ദം ചെലുത്തേണ്ടിവരുന്നു. നേരത്തേ കേന്ദ്രം വിളിച്ച യോഗത്തിൽ ചെലവുകൾ ഏറ്റെടുക്കണമെന്ന് ഗവർണർമാർ ആവശ്യപ്പെട്ടിരുന്നു.
കേരളത്തിൽ രാജ്ഭവനിലെ 11 അക്കൗണ്ടുകളിൽ എട്ടെണ്ണം ഗവർണറുടെ ചെലവുകൾക്കുള്ളതാണ്. ഈ അക്കൗണ്ടുകളിലേക്കുള്ള വിഹിതം നിശ്ചയിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണെങ്കിലും പണം അനുവദിക്കുന്നത് സംസ്ഥാനമാണ്. ജീവനക്കാരുടെ ശമ്പളത്തിനും ദൈനംദിന ചെലവുകൾക്കുമുള്ള മൂന്ന് അക്കൗണ്ടുകളിലേക്കും സംസ്ഥാനമാണ് പണം നൽകുന്നത്. രാജ്ഭവനായി ബഡ്ജറ്റിൽ 12.95 കോടി വകയിരുത്തിയിട്ടുണ്ട്.
ആരിഫ്ഖാൻ ഗവർണറായിരിക്കെ, 2023-24ൽ യാത്രാചെലവ് 1.18കോടിയിലേറെയായിരുന്നു. അന്ന് 12.52കോടി ബഡ്ജറ്റ് വിഹിതത്തിന് പുറമെ 2.19 കോടി അധികം അനുവദിച്ചു. കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നാണ് അനുവദിക്കുന്നത്.
സന്നദ്ധ സംഘടനകൾക്ക് ഗവർണർക്ക് ഇഷ്ടാനുസരണം നൽകാൻ 25 ലക്ഷം അനുവദിക്കുന്നുണ്ട്. 2020-21ൽ 13.5ലക്ഷം ഇങ്ങനെ ചെലവിട്ടു. ആർ.വി. ആർലേക്കർ അടുത്തിടെ രണ്ട് സംഘടനകൾക്ക് പണം അനുവദിച്ചിരുന്നു.
വിഹിതം 30% കൂട്ടണമെന്ന്
1997ൽ നിശ്ചയിച്ചതു പ്രകാരമാണ് ഗവർണർമാർക്ക് ആനുകൂല്യങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. ചെലവിന് ആനുപാതികമായി 30 ശതമാനം വിഹിതം കൂട്ടാനാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിൽ നിന്ന് ഡൽഹിയിൽ ഔദ്യോഗിക ആവശ്യത്തിന് പോയിവരാനുള്ള വിമാനയാത്രാക്കൂലി കൂടുതലാണെന്നടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഈ ആവശ്യം.
ബംഗാൾ വെട്ടിയത് 50%
ബംഗാളിൽ രാജ്ഭവനുള്ള വിഹിതം 50% വെട്ടിക്കുറച്ചു. 53.5 ലക്ഷം അധികവിഹിതത്തിനുള്ള ശുപാർശ തള്ളി
തമിഴ്നാട്ടിൽ ഗവർണർക്ക് ഇഷ്ടപ്രകാരം ചെലവിടാവുന്ന ഫണ്ട് 5 കോടിയിൽ നിന്ന് മൂന്നു കോടിയാക്കി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |