തിരുവനന്തപുരം: അഗ്നിശമന സേനയുടെ പഴഞ്ചൻ ഫയർ എൻജിനുകൾ മാറ്റി, വിമാനത്താവളങ്ങളിൽ ഉപയോഗിക്കുന്ന അത്യാധുനിക 'പാന്ഥർ" വാഹനങ്ങൾ വാങ്ങുന്നു. പത്തും പതിനഞ്ചും വർഷം പഴക്കമുള്ള ഫയർ എൻജിനുകളാണ് ഇപ്പോഴുള്ളത്. ഇവയെല്ലാം മാറ്റും. പതിനായിരത്തിലേറെ ലിറ്റർ വെള്ളവും 250 കിലോയിലേറെ ഡ്രൈ കെമിക്കൽ പൗഡറും 2000ലിറ്റർ ഫോമും സൂക്ഷിക്കാവുന്ന ആധുനിക വാഹനങ്ങളാണ് വാങ്ങുന്നത്.
കൂടുതൽ ദൂരത്തേക്ക് കൂടിയ അളവിൽ വെള്ളവും രാസവസ്തുക്കളും ചീറ്റിച്ച് തീകെടുത്താൻ ഇവയ്ക്കാവും. പർച്ചേസിന് ആഭ്യന്തര, ധന അഡി.ചീഫ്സെക്രട്ടറിമാരും ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്തയുമടങ്ങിയ സമിതി രൂപീകരിച്ചു.
കോഴിക്കോട്ട് വസ്ത്രശാലയിലെ അഗ്നിബാധയുടെ പശ്ചാത്തലത്തിൽ ഡി.ജി.പി യോഗേഷ് ഗുപ്തയുടെ നേതൃത്വത്തിലെ പരിശോധനയിലാണ് വിമാനത്താവളങ്ങളിലേതു പോലുള്ള ഫയർഎൻജിനുകളും 60മീറ്റർ വരെയുള്ള കെട്ടിടങ്ങളിൽ തീയണയ്ക്കാൻ ഉപയോഗിക്കുന്ന സ്കൈലിഫ്റ്റുകളുമടക്കം വാങ്ങാൻ തീരുമാനിച്ചത്. 20 മീറ്ററിലേറെ ഉയരമുള്ള കെട്ടിടങ്ങളിൽ തീപിടിച്ചാൽ മുകളിലേക്ക് ഉയർന്ന മർദ്ദത്തിൽ വെള്ളം ചീറ്റിക്കാൻ നിലവിൽ സംവിധാനമില്ല. പാന്ഥർ ഉപയോഗിച്ച് ഈ പരിമിതി മറികടക്കാം. എഴുനൂറോളം വാഹനങ്ങളാണ് ഫയർഫോഴ്സിനുള്ളത്. 15വർഷം കഴിഞ്ഞ ഇരുനൂറോളം വാഹനങ്ങൾ ഒഴിവാക്കിയതിന് പകരമുള്ളവയും വാങ്ങും. വെള്ളപ്പൊക്കകെടുതികൾ നേരിടാൻ ഫൈബർബോട്ടുകളും വാങ്ങും.
5000 പേരുടെ
സന്നദ്ധസേന
യുദ്ധം, പ്രളയമടക്കം പ്രകൃതിക്ഷോഭം എന്നിവ നേരിടാൻ 5000 പേരുടെ സിവിൽഡിഫൻസ് സേനയുണ്ടാക്കും. ഇതിൽ വിമുക്തഭടന്മാരെയും വിരമിച്ച കേന്ദ്രസേന, പൊലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തും. പകുതിയിലേറെയും സന്നദ്ധപ്രവർത്തകരായിരിക്കും.
ഏത് അടിയന്തരസാഹചര്യവും നേരിടാൻ ഇത്തരമൊരു സേനയുണ്ടാക്കി കേന്ദ്രപോർട്ടലിൽ അവരുടെ ഫോൺനമ്പറടക്കം വിവരങ്ങൾ നൽകാനാണ് കേന്ദ്രനിർദ്ദേശം. ഇവർക്ക് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ പരിശീലനം നൽകും.
ജില്ലകളിൽ
മുന്നറിയിപ്പ്
യുദ്ധമടക്കം അടിയന്തര സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകാനുള്ള വാണിംഗ് സൈറൺ എല്ലാ ജില്ലകളിലും സ്ഥാപിക്കും.
ദക്ഷിണ വ്യോമകമാൻഡും പ്രതിരോധ, ഗവേഷണ സ്ഥാപനങ്ങളും വിഴിഞ്ഞം തുറമുഖവുമുള്ളതിനാൽ തലസ്ഥാനത്ത് ജാഗ്രത കൂട്ടും.
''സേനയെ ആധുനികവത്കരിക്കുന്നതോടെ രക്ഷാദൗത്യങ്ങൾക്ക് കൂടുതൽ വേഗവും കാര്യക്ഷമതയുമുണ്ടാവും. ""
-ഡി.ജി.പി യോഗേഷ് ഗുപ്ത,
ഫയർഫോഴ്സ് മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |