റോമിൽ നടന്ന അന്താരാഷ്ട്ര മാർഷ്യൽ ആർട്ട്സ് ആൻഡ് ഹോളിസ്റ്റിക് ഫെസ്റ്റിവലിൽ (ഐ എം എ ഡി) ഇന്ത്യയിൽ നിന്നുള്ള ആയോധനകലയും. ഈ മാസം 14, 15 തീയതികളിൽ റോമിൽ നടന്ന മേളയിൽ കളരിപ്പയറ്റായിരുന്നു പ്രദർശിപ്പിച്ചത്. മേളയുടെ കാൽ നൂറ്റാണ്ടു നീളുന്ന ചരിത്രത്തിൽ ഇത് ആദ്യമാണ്. കേരളത്തിന്റെ സ്വന്തമായ ഈ ആയോധന കലയെപ്പറ്റി ലോകത്തോട് സംസാരിക്കാനും അഭ്യാസ പ്രകടനം അവതരിപ്പിക്കാനും അവസരം ലഭിച്ചത് മലയാളിയായ ഗുരുക്കൾ ഡോ. എസ്.മഹേഷിന്.
തിരുവനന്തപുരത്തെ അഗസ്ത്യം കളരിയുടെ മുഖ്യ പരിശീലകനും അഗസ്ത്യം ഫൗണ്ടേഷൻ സ്ഥാപകനുമാണ് ഗുരുക്കൾ ഡോ.എസ്.മഹേഷ്. ചരിത്രവും സംസ്കാരവും സമന്വയിക്കുന്ന റോമിലെ സിനിസിറ്റ വേൾഡ് എന്ന പ്രൗഢ ഗംഭീര വേദിയിലാണ് പരിപാടി അരങ്ങേറിയത്. ലോകമെമ്പാടും നിന്നുള്ള വ്യത്യസ്ത ആയോധന പാരമ്പര്യങ്ങൾക്കും സംസ്കാരങ്ങൾക്കും പരസ്പര വിനിമയമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂണിയൻ ഇറ്റാലിയോന കുങ് ഫു ട്രഡിഷിയോണേൽ ( യു ഐ കെ ടി )എല്ലാവർഷവും മേള സംഘടിപ്പിക്കുന്നത്.
മേളയുടെ ഇരുപത്തഞ്ചാം എഡിഷനായിരുന്നു ഇത്തവണത്തേത്. അന്താരാഷ്ട്ര പ്രശസ്തി നേടിയ നൂറിലേറെ മാസ്റ്റേഴ്സ്, ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള 250 ക്ലബ്ബുകൾ, 10, 000-ത്തിലധികം സന്ദർശകർ എന്നിവരുടെ സജീവ പങ്കാളിത്തമായിരുന്നു പരിപാടിയുടെ ഹൈലൈറ്റ്. യൂറോപ്യൻ ആയോധനകലകൾക്കുപുറമേ കുങ് ഫു, മാവു തായ്, കരാട്ടേ തുങ്ങിയവയും പാരമ്പര്യത്തനിമയോടെ മേളയുടെ ഭാഗമാവാറുണ്ടെങ്കിലും കളരിപ്പയറ്റ് ഇതാദ്യമായാണ് ഈ അന്താരാഷ്ട്ര മേളയിലെത്തുന്നത്.
വിവിധ രാജ്യങ്ങളിൽ നിന്നു വന്ന ആയോധനപ്രതിഭകൾക്ക് മുന്നിൽ കളരിപ്പയറ്റിലെ അടിസ്ഥാന ചുവടുകൾ, അഭ്യാസങ്ങൾ, കളരിയുടെ സവിശേഷമായ അഷ്ടവടിവുകൾ, കളരിയിലെ പൂട്ടുകളും തിരിവുകളും എന്നീവിഷയങ്ങൾ അവതരിപ്പിക്കാൻ മഹേഷ് ഗുരുക്കൾക്ക് സാധിച്ചു. ഇതിനു പുറമേ മാസ്റ്റേഴ്സിനെ കളരിയിലെ ഏതാനും ചുവടുകളും അടവുകളും പരിശീലിപ്പിച്ച് വേദിയിൽ അവതരിപ്പിക്കാനായത് അഭിമാനകരമായ അനുഭവമായിരുന്നുവെന്ന് മഹേഷ് ഗുരുക്കൾ പറയുന്നു. ആയോധന കലയുടെ മാതാവ് എന്ന നിലയിൽ കളരിപ്പയറ്റിനുള്ള സ്ഥാനം അടിവരയിട്ട് ലോകത്തിന് മുന്നിൽ അടയാളപ്പെടുത്താനായതും വലിയ നേട്ടമായി. കളരിപ്പയറ്റിനെപ്പറ്റി കൂടുതൽ അറിയാനും ആഴത്തിൽ മനസ്സിലാക്കാനുമുള്ള താത്പര്യം ഏവരിലും ജനിപ്പിക്കാനായതാണ് ആഹ്ലാദകരമായ മറ്റൊരു നേട്ടമെന്ന് മഹേഷ് കൂട്ടിച്ചേർക്കുന്നു.
ആയോധനകലയുടെ ശക്തി, അച്ചടക്കം, വ്യത്യസ്തത, സൗന്ദര്യം എന്നിവ ആഘോഷിക്കുന്ന ഐ. എം. എ. ഡിക്ക് വെറുമൊരു രാജ്യാന്തര മേളയ്ക്ക് അപ്പുറമുള്ള സ്വീകാര്യതയാണുള്ളത്. ശാരീരിക സ്വാസ്ഥ്യത്തിനും അവബോധത്തിനും ഊന്നൽ നൽകുന്ന പരിപാടികളുൾക്കൊള്ളുന്ന 'വെൽനസ് എക്സ്പോ'യും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. അന്താരാഷ്ട്രതലത്തിൽ പ്രശസ്തരായ ആയോധനവിദഗ്ധർ ശരീരത്തെയും മനസ്സിനെയും പുനരുജ്ജീവിപ്പിക്കുന്നതിനുള്ള സമഗ്രമായ ചികിത്സാരീതികൾ ഈ പരിപാടിയിലൂടെ പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു. ഇതിനു പുറമേ സെമിനാറുകൾ,ആയോധന കലാ പ്രകടനങ്ങൾ, സംവാദങ്ങൾ, പുസ്തകമേള എന്നിവയും എക്സ്പോയുടെ ആകർഷണങ്ങളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |