തായ്‌വാൻ: സൗന്ദര്യ വർദ്ധക ചികിത്സയ്ക്കിടെ പ്രമുഖ തായ്‌വാൻ മോഡലിന് ദാരുണാന്ത്യം. 30കാരിയും കാർ ഷോ മോഡലുമായ കായ് യുക്സിനാണ് ചികിത്സയിലിരിക്കെ മരിച്ചത്. കോസ്മെറ്റിക് ഡോക്ടറും ലിപ്പോസക്ഷന്റെ ഗോഡ്ഫാദർ എന്നും അറിയപ്പെടുന്ന വു ഷാവോഹുവാണ് യുവതിക്ക് മിൽക്ക് ഇൻഞ്ചക്ഷൻ എടുത്തത്. അതിനിടെ, ഉറക്കമില്ലായ്മ ഭേദമാക്കുന്നതിന് അവർ ചികിത്സ തേടിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതോടെയാണ് കായ് യുക്സിന്റെ ആരോഗ്യനില വഷളായത്.
സോഷ്യൽ മീഡിയയിൽ പതിനായിരക്കണക്കിന് ആരാധകരുളള താരമാണ് കായ് യുക്സിൻ. കഴിഞ്ഞ കുറച്ചുനാളുകളായി യുവതിക്ക് കൃത്യമായ ഉറക്കം ലഭിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് സുഹൃത്ത് പറഞ്ഞതനുസരിച്ച് കായ് യുക്സിൻ തായ്‌പേയിയിലെ ഫെയറി ക്ലീനിക്കിൽ മിൽക്ക് ഇൻഞ്ചക്ഷന് വിധേയയായത്. ഇൻഞ്ചക്ഷൻ എടുത്തതിനുശേഷം വു ഷാവോഹു മുറി വിട്ടുപോയിരുന്നു. ആ സമയത്ത് മുറിയിൽ യുവതിയെ പരിചരിക്കാനായി ഒരു അസിസ്റ്റന്റും ഉണ്ടായിരുന്നു.
കുറച്ച് സമയത്തിനുളളിൽത്തന്നെ കായ് യുക്സിന് ശ്വാസതടസവും ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളും ഉണ്ടാകുകയുമായിരുന്നുവെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അസിസ്റ്റന്റ് ഡോക്ടറിനെ വിവരം അറിയിക്കുകയും നിർദ്ദേശമനുസരിച്ച് സിപിആർ നൽകുകയും ചെയ്തു. ആരോഗ്യസ്ഥിതി മോശമായതോടെ യുക്സിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 18 ദിവസം കോമയിലായിരുന്നു. എന്നാൽ, ജീവൻ രക്ഷപ്പെടാനുള്ള സാദ്ധ്യതയൊന്നും മുന്നിലില്ലാതെ വന്നതോടെ അവരുടെ കുടുംബം ജൂൺ 12ന് സപ്പോർട്ട് സിസ്റ്റം പിൻവലിക്കാൻ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ കുടുംബം പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |