തിരുവനന്തപുരം: വിജിലൻസ് എടുത്ത എല്ലാ കേസുകളിലും അന്തിമ തീർപ്പിനുള്ള അധികാരം ഡയറക്ടറിൽ തന്നെ നിക്ഷിപ്തമാക്കാൻ വിജിലൻസ് മേധാവി മനോജ് എബ്രഹാമിന്റെ നിർദ്ദേശം. യോഗേഷ് ഗുപ്ത വിജിലൻസ് ഡയറക്ടറായിരിക്കേ നാലു കാറ്റഗറിയായി തിരിച്ച് കേസുകൾ തീർപ്പാക്കാനുള്ള അധികാരം എസ്.പിമാർ മുതൽ മുകളിലേക്കു നൽകിയ സർക്കുലർ റദ്ദാക്കി.
താഴേത്തട്ടിൽ കേസുകളിൽ അന്തിമ തീരുമാനമെടുക്കുന്നത് വിജിലൻസ് മാന്വലിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണിത്.
അധികാരം താഴേത്തട്ടിലേക്കു നൽകുക വഴി വിജിലൻസിൽ കെട്ടിക്കിടന്ന 800 ലേറെ കേസുകളിൽ യോഗേഷ് ഗുപ്ത ഡയറക്ടറായിരിക്കെ തീരുമാനം എടുത്തിരുന്നു. നോൺ ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് എതിരായ കേസുകളിൽ ജില്ലാതലത്തിലേത് എസ്.പിമാരും റേഞ്ച് തലത്തിലേത് ബന്ധപ്പെട്ട ഉദ്യോഗസ്ഥനും തീർപ്പാക്കുന്നതായിരുന്നു നടപടി. ഉന്നത ഉദ്യോഗസ്ഥരുടെ ഫയൽമാത്രം ഡയറക്ടർക്ക് അയച്ചാൽ മതിയെന്നായിരുന്നു യോഗേഷ് ഗുപ്തയുടെ നിർദ്ദേശം.
ഇത് ആദ്യമായി കൊണ്ടുവന്നത് ജേക്കബ് തോമസ് വിജിലൻസ് മേധാവിയായിരിക്കയാണ്. എന്നാൽ, അന്ന് സർക്കാർ അനുമതി നൽകിയില്ല. യോഗേഷ് ഗുപ്ത ഭരണസൗകര്യാർത്ഥം വേഗത്തിൽ തീരുമാനമെടുക്കാൻ നടപ്പാക്കിയ സർക്കുലറാണ് റദ്ദാക്കിയത്.
വിജിലൻസ് മാന്വലിനു വിരുദ്ധമായ തീരുമാനം നിയമപ്രശ്നങ്ങൾക്ക് ഇടയാക്കാൻ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണു മാറ്റം. സർക്കുലർ നിയമവിരുദ്ധമെന്ന് അഡിഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും നിയമോപദേശം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |