പത്തനംതിട്ട: 'എന്നെപ്പറ്റി അന്വേഷിക്കുകയും രക്ഷാപ്രവർത്തനത്തിന് നടപടിയെടുപ്പിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി..' പർവതാരോഹണത്തിനിടെ വടക്കേ അമേരിക്കയിലെ ഡെനാലി കൊടുമുടിയിൽ രണ്ടുദിവസം കുടുങ്ങിയശേഷം രക്ഷപ്പെട്ട പന്തളം സ്വദേശി ഷെയ്ഖ് ഹസൻഖാൻ അലാസ്കയിൽ നിന്ന് കേരളകൗമുദിയോട് ഫോണിൽ ആശ്വാസം പങ്കുവച്ചു. അലാസ്കയിലെ ആങ്കുറേജ് നഗരത്തിലെ ഫ്ളാറ്റിലാണ് ഇപ്പോഴുള്ളത്. ഒരാഴ്ച കഴിഞ്ഞ് നാട്ടിലെത്തും.
തമിഴ്നാട് സ്വദേശിനി മുത്തമിൾ സെൽവി നാരായണനൊപ്പം 20,310 അടിയുള്ള കൊടുമുടി കീഴടക്കി ദേശീയപതാക ഉയർത്തിയശേഷം തിരിച്ചിറങ്ങുന്നതിനിടെയാണ് കുടുങ്ങിയത്. മഞ്ഞുമലയിൽ അഞ്ചാമത്തെ ക്യാമ്പിലെത്തിയപ്പോഴേക്കും കൊടുങ്കാറ്ര് വീശി. സഹയാത്രികയ്ക്ക് ശാരീരിക അസ്വസ്ഥതകൂടി ഉണ്ടായതോടെ തിരിച്ചറങ്ങൽ അസാദ്ധ്യമായി. കരുതിയിരുന്ന ഭക്ഷണം തീർന്നു. നിർജലീകരണം സംഭവിച്ചു. എന്തും സംഭവിക്കാവുന്ന അവസ്ഥ.
അഞ്ചാം ക്യാമ്പിൽ രക്ഷാപ്രവർത്തകർ എത്തില്ല. നാലാം ക്യാമ്പിലേ എത്തൂ. സാറ്റലൈറ്റ് ഫോണിലൂടെ മാതാപിതാക്കളെയടക്കം വിളിച്ചെങ്കിലും കിട്ടിയില്ല. ഒടുവിൽ, മാദ്ധ്യമ പ്രവർത്തകനായ ഹാഷ്മി താജ് ഇബ്രാഹിമിനെ കിട്ടി. സംസ്ഥാന, കേന്ദ്ര മന്ത്രിമാർ വഴി അദ്ദേഹം വിവരം എംബസിക്ക് കൈമാറി.
ക്ഷീണിതരെങ്കിലും 18 മണിക്കൂർകൊണ്ട് ഒരുവിധം നാലാം ക്യാമ്പിലെത്തിയപ്പോഴേക്കും രക്ഷാപ്രവർത്തകരുമെത്തി. അവരുടെ സഹായത്തോടെ കഴിഞ്ഞ 20ന് ബേസ് ക്യാമ്പിലും. 18 ദിവസമായിരുന്നു കൊടുമുടി കയറിയിറങ്ങാനെടുത്തത്. ഈ ദിവസങ്ങളിലത്രയും ഷൂസ് ഊരാൻ കഴിയാത്തതിനാൽ കാൽവെള്ള പഴുത്തുപൊട്ടി. മറ്റ് പരിക്കുകളൊന്നുമില്ല.
50 കിലോയും ചുമന്ന് യാത്ര
ഡെനാലിൽ ഹസന്റെ രണ്ടാം ദൗത്യമായിരുന്നു ഇത്. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈനികർക്ക് സല്യൂട്ട് അർപ്പിക്കുന്ന ബാനറും ദേശീയ പതാകയും ഉയർത്തുകയായിരുന്നു ഇക്കുറി ലക്ഷ്യം. 2023 ജൂണിലായിരുന്നു ആദ്യം പോയത്. യാത്രയ്ക്കുള്ള സാധനങ്ങളടക്കം അൻപത് കിലോ ഭാരം ചുമക്കണം. അതിനിടെയാണ് സഹയാത്രികയ്ക്ക് ആർത്തവത്തെ തുടർന്നുണ്ടായ ശാരീരിക വിഷമതകൾകൂടി ഉണ്ടായത്. സെക്രട്ടേറിയറ്റിൽ അസി. സെക്ഷൻ ഓഫീസറാണ് ഹസൻഖാൻ. ഭാര്യ: ഖദീജ റാണി. മകൾ: ജഹനാര.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |