കൊച്ചി: പുറംകടലിൽ മുങ്ങിയ എം.എസ്.സി എൽസ 3 കപ്പലിൽ നിന്ന് ഇന്ധനവും കണ്ടെയ്‌നറുകളും വീണ്ടെടുക്കാൻ ഡച്ച് കമ്പനിയായ എസ്.എം.ഐ.ടിയെ എത്തിക്കാനുള്ള നീക്കമാരംഭിച്ചു. സാൽവേജ് (മുങ്ങിയ കപ്പൽ ഉയർത്തുന്ന) രംഗത്തെ ആഗോള ഭീമന്മാരായ എസ്.എം.ഐ.ടിയുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് എൽസ 3 ഉടമകളായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി, ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗിനെ അറിയിച്ചു. അമേരിക്കൻ കമ്പനിയായ ടി ആൻഡ് ടി കരാർ ഉപേക്ഷിച്ചതോടെ ദൗത്യം തടസപ്പെട്ടിരിക്കുകയാണ്. പുതിയ കമ്പനിയേതെന്ന് 48 മണിക്കൂറിനകം അറിയിക്കണമെന്നാണ് ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗിന്റെ നിർദ്ദേശം. ഈ കാലാവധി ഇന്ന് അവസാനിക്കും.
അതേസമയം, പുറംകടലിൽ തീപിടിച്ച 'വാൻഹായ് 503" കപ്പൽ കേരളതീരത്ത് നിന്ന് 91 നോട്ടിക്കൽ മൈൽ അകലെയാണ്. തീ പൂർണമായും അണച്ചില്ലെങ്കിലും പുക കുറഞ്ഞിട്ടുണ്ട്. കപ്പലിലെത്തിയ എട്ടംഗ വിദഗ്ദ്ധ സംഘം വോയേജ് ഡാറ്റ റെക്കാഡർ (വി.ഡി.ആർ) വീണ്ടെടുത്തതായാണ് വിവരം. ആലപ്പുഴ അർത്തുങ്കൽ തീരത്തടിഞ്ഞ മൃതദേഹങ്ങളിലൊന്ന് കപ്പലിൽ നിന്ന് കാണാതായ ഇന്തോനേഷ്യക്കാരന്റേതാണെന്ന് സംശയിച്ചിരുന്നു. ഡി.എൻ.എ സാമ്പിളും വിരലടയാളവും കപ്പൽ കമ്പനി കോസ്റ്റൽ പൊലീസിന് കൈമാറി. പരിക്കേറ്റ് ചികിത്സയിലുള്ള കപ്പൽ ജീവനക്കാർ ഉടൻ ആശുപത്രി വിടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |