തിരുവനന്തപുരം: ഇഷ്ടപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കാൻ അനുവദിക്കാത്തതിൽ അമ്മയുടെ തല ചുമരിൽ ഇടിച്ച് കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ച മകനെ കോടതി ജീവപര്യന്തം കഠിന തടവിനും 50,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ആറ് മാസം കഠിന തടവ് അനുഭവിക്കണം. ആറാം അഡിഷണൽ സെഷൻസ് ജഡ്ജി ആർ. രേഖയാണ് പ്രതിയെ ശിക്ഷിച്ചത്.
വക്കം നിലമുക്ക് പൂച്ചാടിവിള വീട്ടിൽ കള്ളപ്പൻ എന്ന വിഷ്ണുവാണ് അമ്മ ജനനിയെ കൊന്ന് കത്തിച്ചത്. പ്രതി ജനനിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചവെന്നാണ് പ്രോസിക്യൂഷൻ കേസ്.
2023 ഏപ്രിൽ 22ന് അർദ്ധ രാത്രിയിലാണ് സംഭവം. മൃതദേഹം ഭാഗികമായി കത്തിയ ശേഷം പ്രതി ബഹളമുണ്ടാക്കി നാട്ടുകാരെ കൂട്ടുകയാണ് ചെയ്തത്. അവിവാഹിതനായ പ്രതി വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ സ്ത്രീയെ കൂടെ താമസിപ്പിക്കാൻ ശ്രമിച്ചതിനെ ജനനി എതിർത്തിരുന്നു. ഈ വിരോധമാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. കടുത്ത മദ്യപാനിയായ പ്രതി മദ്യപിച്ച് കഴിഞ്ഞാൽ വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കത്തിക്കുക പതിവാണ്. ഇതിനാൽ മൂത്ത സഹോദരൻ ബിജിൻ കുടുംബ വീട്ടിൽ നിന്ന് മാറിയാണ് താമസിക്കുന്നത്. സംഭവം നടന്ന വീട്ടിൽ പ്രതിയും മാതാവും മാത്രമാണ് താമസിച്ചു വന്നിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡിീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എ.ആർ. ഷാജി ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |