കേരളാകോൺഗ്രസ് ജോസ് ഗ്രൂപ്പ് എന്തു പരിപാടി നടത്തിയാലും ബദൽ പരിപാടിയുമായി ജോസഫ് ഗ്രൂപ്പും രംഗത്തെത്തും. തങ്ങളാണ് വലിയവൻ എന്ന് അണികളെ കാണിക്കാൻ പിന്നെ മത്സരിച്ചുള്ള പോരാണ്. മീനച്ചിലാർ, വേമ്പനാട്ടുകായൽ പ്രശ്‌നങ്ങൾ ഉയർത്തിയാണ് പുതിയ കോഴിപ്പോര്. .
മീനച്ചിലാറ്റിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിന് പുതുവഴികൾ നിർദ്ദേശിക്കാൻ ജോസ് വിഭാഗം സെമിനാർ നടത്താൻ തീരുമാനിച്ചു. പിറകേ ജോസഫ് വിഭാഗം മീനച്ചിലാറിനെ വിട്ടു വേമ്പനാട്ടുകായലിനെ തന്നെ പിടിച്ചു . ജോസ് വിഭാഗം പ്രസ്ക്ലബിൽ സെമിനാർ നടത്തിയപ്പോൾ ജോസഫ് വൈക്കത്ത് വേമ്പനാട്ടുകായൽ തീരത്ത് അടുത്താഴ്ച സമരത്തിന് തുടക്കം കുറിക്കുകയാണ്. മീനച്ചിലാറ്റിലെ വെള്ളപ്പൊക്ക നിയന്ത്രണമോ വേമ്പനാട്ടുകായൽ ശുദ്ധീകരണമോ അടുത്തകാലത്തൊന്നും നടക്കില്ലെങ്കിലും ഇരു ഗ്രൂപ്പുകളും എന്തൊക്കെ കാട്ടിക്കൂട്ടുമെന്ന് കാണാൻ കാത്തിരിക്കുകയാണ് ചുറ്റുവട്ടത്തുള്ളവർ.
ജോസ് വിഭാഗത്തിന് ഏറെ വേരോട്ടം പാലായും പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും ഉൾപ്പെടുന്ന മിനച്ചിലാറിന്റെ തീരങ്ങളിലാണ്.ഇവിടെ ഉണ്ടാവുന്ന വെള്ളപ്പൊക്കം ഏറെ ബാധിക്കുന്നതും ആ ഗ്രൂപ്പിനെയാണ് .ഇത് നിയന്ത്രിക്കുന്നതിനുള്ള സമഗ്ര പദ്ധതികൾക്ക് അടിയന്തിര രൂപം നൽകാനായിരുന്നു ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്ത കേരള കോൺഗ്രസ് (എം) സെമിനാർ.
ജോസഫ് ഗ്രൂപ്പിന് വേമ്പനാട്ടുകായലുമായി വല്യബന്ധമില്ലെങ്കിലും ഫ്രാൻസിസ് ജോർജ് എം.പി ജയിച്ചത് വേമ്പനാട്ടുകായൽ തീരത്തെ വോട്ടുകൾ കൂടി നേടിയാണ്. ജലസേചന വകുപ്പ് ഭരിക്കുന്നത് ജോസ് ഗ്രൂപ്പ് മന്ത്രിയാണ് പ്രശ്നപരിഹാരത്തിന് ഒന്നും ചെയ്യുന്നില്ലെന്ന കുറ്റപ്പെടുത്തൽ കൂടിയുണ്ട് സമരത്തിന് പിന്നിൽ .
ഗ്രൂപ്പു വ്യത്യാസമില്ലാതെ സകല നാട്ടുകാരും മാലിന്യമെറിഞ്ഞു മീനച്ചിലാറും വേമ്പനാട്ടുകായലും ഒഴുക്കില്ലാതെ മാലിന്യ കുപ്പയായി മാറിയിട്ട് വർഷങ്ങളായി. യഥാർത്ഥ പ്രശ്ന പരിഹാരത്തിന് വർഷങ്ങളായി നിരവധി പ്രായോഗിക നിർദ്ദേശങ്ങൾ മാറി മാറി ഭരിച്ച സർക്കാരുകളുടെ കൈവശമുണ്ട്.അതെല്ലാം പൊടി തട്ടി പുറത്തെടുത്ത് പരിഹാരം കണ്ടെത്താൻ ഗ്രൂപ്പ് വ്യത്യാസം മറന്നു ഇരു കേരളാകോൺഗ്രസുകളും ഒന്നിച്ചു പോരാടണമെന്നാണ് ചുറ്റുവട്ടത്തിന് പറയാനുള്ളത്.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |