മലപ്പുറം: നാളികേര ഉത്‌പാദനം കുറഞ്ഞതോടെ ജില്ലയിലെ വിപണികളിൽ വെളിച്ചെണ്ണ വില കുതിച്ചുയരുന്നു. നാളികേരത്തിനും കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിലയിൽ വലിയ വർദ്ധനവാണുണ്ടായിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് 34 രൂപയായിരുന്ന ഒരുകിലോ നാളികേരത്തിന് നിലവിലെ വില 69 രൂപയാണ്. നാളികേര വില വർദ്ധിച്ചതോടെ വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വിലയിലും വർദ്ധവുണ്ടായി.
ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വില 400ലെത്തി. രണ്ടാഴ്ച മുമ്പ് 220 രൂപയായിരുന്നു. ഒരു ക്വിന്റൽ കൊപ്രയുടെ നിലവിലെ വില 23,500 രൂപയാണ്.
വിലവർദ്ധനവ് കുടുംബ ബഡ്ജറ്റിനെ തകർക്കുന്നതിനൊപ്പം ഭക്ഷണ നിർമ്മാണ, വിതരണ മേഖലകളെയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഹോട്ടൽ, കാറ്ററിംഗ്, ബേക്കറി മേഖലകളിൽ വില വർദ്ധനവ് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. വെളിച്ചെണ്ണയുടെ വില വർദ്ധനവോടെ പാമോയിൽ, സൺഫ്ളവർ ഓയിലുകൾക്ക് ആവശ്യക്കാർ ഏറിയിരിക്കുകയാണ്.
കാരണങ്ങളേറെ
മലപ്പുറം, പാലക്കാട് ജില്ലകളിലെ ചെറുകിട കർഷകരിൽ നിന്നും തമിഴ്‌നാട് , മൈസൂർ, കർണാടക എന്നിവിടങ്ങളിൽ നിന്നുമാണ് ജില്ലയിലേക്ക് പ്രധാനമായും നാളികേരം ഇറക്കുമതി ചെയ്യുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നും തേങ്ങയുടെ വരവ് കുറഞ്ഞതാണ് വില വർദ്ധനവിന്റെ പ്രധാന കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. തെങ്ങുകൾക്ക് രോഗങ്ങൾ വ്യാപിച്ചതോടെ കൂലിച്ചെലവ് താങ്ങാൻ സാധിക്കാത്തതിനാലും വളത്തിന്റെ വില വർദ്ധനവും കാരണം നിരവധി കർഷകർ തെങ്ങ് കൃഷി ചെയ്യാൻ മടിക്കുന്ന സാഹചര്യവും നിലവിലുണ്ട്. കൂടാതെ ഇത്തവണ മഴ കുറഞ്ഞതും തെങ്ങ് കൃഷിയെ പ്രതിസന്ധിയിലാക്കി.
ഓണമാവുമ്പോഴേക്ക് വിലയിൽ ഇനിയും വർദ്ധനവ് വരാനാണ് സാദ്ധ്യത.
മോഹൻകുമാർ, വ്യാപാരി
നാളികേരം (ഒരുകിലോ) - 69 രൂപ
ഒരു ലിറ്റർ വെളിച്ചെണ്ണ - 400 രൂപ
കൊപ്ര (ഒരു ക്വിന്റൽ) - 23,500
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |