മലപ്പുറം: പി വി അൻവറിനെ ഒപ്പം കൂട്ടിയിരുന്നുവെങ്കിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭൂരിപക്ഷം 25,000 വോട്ട് കടന്നേനെയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന് വലിയ വിജയം നൽകിയ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിനുപിന്നാലെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
'ഞാനും കുഞ്ഞാലിക്കുട്ടിയും പി വി അൻവറിനെ കൂടെക്കൂട്ടാൻ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. യുഡിഎഫ് എല്ലാക്കാലത്തും സിപിഎമ്മിനെതിരെ നിലപാട് സ്വീകരിച്ചവരെ കൂടെക്കൂട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അൻവറിനെ കൂടെ കൂട്ടേണ്ടതായിരുന്നു എന്നുതന്നെയാണ് നിലപാട്. അൻവർ പിടിച്ച വോട്ടും ഭരണവിരുദ്ധ വികാരത്തിന്റെ വോട്ടുകളാണ്. അങ്ങനെ വരുമ്പോൾ 25,000ൽപ്പരം വോട്ടുകൾക്കാണ് ഇടതുപക്ഷം പരാജയപ്പെട്ടത്. രണ്ടുതവണ എൽഡിഎഫ് പിടിച്ച സീറ്റാണ് ഇത്തവണ ആര്യാടൻ ഷൗക്കത്ത് തിരിച്ചുപിടിച്ചത്. ഭരണവിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. പിണറായി വിജയൻ ഇനി രാജിവയ്ക്കുകയാണ് വേണ്ടത്. ഇനി ഭാവികാര്യങ്ങൾ യുഡിഎഫ് നേതൃത്വം കൂട്ടായി തീരുമാനിക്കേണ്ട കാര്യങ്ങളാണ്. ഇത് സെമിഫൈനൽ ആയിരുന്നു. 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തന്നെ വിജയിക്കും'- രമേശ് ചെന്നിത്തല വ്യക്തമാക്കി.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് 11432 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 76493 വോട്ടുകൾ നേടിയാണ് യുഡിഎഫിനായി നിലമ്പൂർ ഷൗക്കത്ത് തിരിച്ചുപിടിച്ചത്. 65,061 വോട്ടുകൾ നേടി എൽഡിഎഫിന്റെ എം സ്വരാജ് രണ്ടാമതെത്തി. 19,946 വോട്ടുകൾ നേടി പി വി അൻവർ നിർണായക ശക്തിയായി. എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജ് 8706 വോട്ടുമായി നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |