കൊച്ചി: നിലമ്പൂരിലേത് ടീം യുഡിഎഫിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ സർക്കാരിനോട് കേരളത്തിലെ ജനങ്ങൾക്ക് വെറുപ്പാണെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകളുമായി തിരിച്ചുവരുമെന്നും വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'ആര്യാടൻ ഷൗക്കത്തിന്റെ മികച്ച വിജയം, ടീം യുഡിഎഫിന്റെ ഒറ്റക്കെട്ടായുള്ള പ്രവർത്തനത്തിന്റെ ഫലമാണ്. എന്നെ പോലും വിസ്മയിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനമാണ് നേതാക്കളും പ്രവർത്തകരും ചെയ്തത്. 2026ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തിരിച്ചുവരവിനുവേണ്ടിയുള്ള ഇന്ധനമാണ് നിലമ്പൂരിലെ ജനങ്ങൾ ഞങ്ങൾക്ക് നൽകിയത്. അഞ്ച് ഇരട്ടി വോട്ടിനാണ് നിലമ്പൂർ മണ്ഡലം തിരിച്ചുപിടിച്ചത്. നിലമ്പൂരിലെ ജനങ്ങൾക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ഹൃദയപൂർവം പ്രവർത്തകരോടും നേതാക്കളോടും നന്ദി പറയുകയാണ്.
എല്ലാ നേതാക്കളും ഒറ്റക്കെട്ടായി ഒരേ മനസോടെയാണ് നിലമ്പൂരിൽ പ്രവർത്തിച്ചത്. യുഡിഎഫിന്റെ വോട്ട് എവിടെയും പോയിട്ടില്ല. എൽഡിഎഫിന് നിലമ്പൂരിൽ 16000 വോട്ടുകളാണ് നഷ്ടപ്പെട്ടത്. യുഡിഎഫ് ശക്തിപ്പെട്ടുവെന്നതിന്റെ തെളിവാണ് ഈ വിജയം. നൂറിലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തും. മണ്ഡല പുനഃക്രമീകരണത്തോടെ നിലമ്പൂരിന്റെ രാഷ്ട്രീയ സ്വഭാവം മാറിയിരുന്നു. ഈ തിരഞ്ഞെടുപ്പോടെ വീണ്ടും യുഡിഎഫ് മണ്ഡലമായി. ഏത് കേഡർ പാർട്ടിയെയും പരാജയപ്പെടുത്താനുള്ള സംഘടനാവെെഭവം യുഡിഎഫിനുണ്ട്'- സതീശൻ വ്യക്തമാക്കി.
ഇപ്പോൾ പി വി അൻവർ വിഷയം ചർച്ച ചെയ്യേണ്ട സമയം അല്ലെന്നും താൻ ഒറ്റയ്ക്ക് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു. അൻവർ തന്റെ തീരുമാനം എന്ന രീതിയിൽ മാദ്ധ്യമങ്ങൾ തന്റെ തലയിൽ കെട്ടിവയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി വി അൻവറിന്റെ കാര്യത്തിൽ വിഡി സതീശൻ തീരുമാനം പറയില്ല. കൂടിയാലോചനയ്ക്ക് ശേഷം അക്കാര്യം പറയും. നിലമ്പൂരിൽ ഉണ്ടായത് ഭരണവിരുദ്ധ വികാരമാണെന്നും സതീശൻ വ്യക്തമാക്കി.