ആലപ്പുഴ: അദ്ധ്യാപികയായ ശിജിയും പ്രിയ ശിഷ്യയായ സുകന്യമോഹനും പതിനേഴ് വർഷത്തിന് ശേഷം ഒത്തുചേർന്നപ്പോൾ, ഗുരു ശിഷ്യയും ശിഷ്യ ഗുരുവുമായി. ആലപ്പുഴ എസ്.ഡി.വി ബോയ്സ് ഹൈസ്കൂളിലെ ഹിന്ദി അദ്ധ്യാപികയായ ആലപ്പുഴ തമ്പകച്ചുവട് ശ്രീനന്ദനം വീട്ടിൽ ശിജി ശിവനാണ് (43) നൃത്തം പഠിക്കാൻ സ്കൂളിലെ പഴയ ശിഷ്യയുടെ മുന്നിലെത്തിയത്. 2002 മുതൽ 2005 വരെ എസ്.ഡി.വി ഗേൾസിലെ അദ്ധ്യാപികയായിരുന്നപ്പോഴാണ് സുകന്യയെ പഠിപ്പിച്ചത്.
ആറുവയസുമുതൽ നൃത്തം പഠിച്ചുതുടങ്ങിയ ശിജിക്ക് പത്താംക്ലാസ് എത്തിയപ്പോൾ അത് ഉപേക്ഷിക്കേണ്ടി വന്നു. ജോലിയിൽ പ്രവേശിച്ചതോടെ തിരക്കുകൾ വർദ്ധിച്ചു. ഇതിനിടയിലായിരുന്നു എൽ.ഐ.സി ഉദ്യോഗസ്ഥൻ ജയറമുമായുള്ള വിവാഹം. തുടർന്ന് എട്ട് അബോഷനുകൾ. പിന്നീട് ആൺകുട്ടി ജനിച്ചു. കുട്ടിച്ചങ്കരൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന ശ്രീറാം. മൾട്ടിപ്പിൾ ഡിസബിലിറ്റിയുണ്ട്. ഒപ്പം ലക്ഷത്തിൽ ഒരുകുട്ടിക്ക് മാത്രം ഉണ്ടാകുന്ന പിയറി റോബിൻ സിൺഡ്രോമും. നടക്കാനാവില്ല, കേൾക്കില്ല, സംസാരിക്കുകയുമില്ല. എങ്കിലും ശിജി തളർന്നില്ല. ശനിയും ഞായറും രണ്ടുമണിക്കൂർ വീതം നൃത്തത്തിനായി മാറ്റിവയ്ക്കാൻ തീരുമാനിച്ചു. മകന് 14 വയസുണ്ട്. സുകന്യയുടെ കീഴിൽ വൈ.കെ.ബി ഡാൻസ് അക്കാഡമിയിലാണ് ഭരതനാട്യം പഠിക്കുന്നത്. കഴിഞ്ഞ വർഷമായിരുന്നു അരങ്ങേറ്റം.
അണ്ണമലൈ യൂണിവേഴ്സിറ്റിയുടെ ഭരതനാട്യം ഗ്രേഡ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് ശിജി. ക്ലാസിന് മുമ്പ് ഗുരുവിന്റെ അനുഗ്രഹം വാങ്ങുന്ന പതിവുണ്ട്. സുകന്യ തന്റെ കാലുതൊട്ട് അനുഗ്രഹം വാങ്ങുകയാണ് പതിവെന്ന് ശിജി പറയുന്നു. പ്രിയപ്പെട്ട അദ്ധ്യാപികയെ നൃത്തം പഠിപ്പിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമാണ്. എപ്പോഴും ടീച്ചറിന്റെ വിദ്യാർത്ഥിനിയായി ഇരിക്കാനാണ് ഇഷ്ടമെന്നും സുകന്യ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |