കൂട്ടിക്കൽ: ആർ.എസ്.എസിന്റെ പ്രവർത്തനം ഭാരതമാതാവിനും ജനങ്ങൾക്കും വേണ്ടിയാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. കൂട്ടിക്കലിൽ 'പ്രളയബാധിതർക്ക് തലചായ്ക്കാനൊരിടം' പദ്ധതിയുടെ ഭാഗമായി ദേശീയ സേവാഭാരതി ഇൻഫോസിസ് ഫൗണ്ടേഷനുമായി ചേർന്ന് നിർമ്മിച്ച വീടുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസ് എന്ന സംഘടനയുടെ അർത്ഥവും മൂല്യവും ആശയവും പലർക്കുംഅറിയില്ല. ജനങ്ങളെ സേവിക്കുക എന്ന കാര്യത്തിൽ അടിയുറച്ചാണ് ആർ.എസ്.എസിന്റെയും സേവാഭാരതിയുടേയും പ്രവർത്തനം. അതിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. ആരാണ് അധികാരത്തിൽ എന്ന് നോക്കിയല്ല ആർ.എസ്.എസ് പ്രവർത്തിക്കുന്നത്. ചെയ്യുന്ന സേവനങ്ങളുടെ ക്രെഡിറ്റും എടുക്കാറില്ല. ഏത് രാഷ്ട്രീയപാർട്ടിയാണെങ്കിലും ഭരണത്തിലെത്തുമ്പോൾ തെറ്റുകൾ സംഭവിക്കാറുണ്ട്. അവരെ തിരുത്താൻ സഹായിക്കുകയാണ് സംഘം ചെയ്യുന്നത്. രാജ്യത്തെ അമ്മയായി കാണുന്നതാണ് ആർ.എസ്.എസിന്റെ പ്രചോദനമെന്നും അദ്ദേഹം പറഞ്ഞു.
സേവാഭാരതി കോട്ടയംജില്ലാ പ്രസിഡന്റ് രശ്മി ശരത് അദ്ധ്യക്ഷത വഹിച്ചു. വാഴൂർ തീർത്ഥപാദാശ്രമം മുഖ്യകാര്യദർശി സ്വാമി ഗരുഡധ്വജാനന്ദതീർത്ഥ പാദർ മുഖ്യാതിഥിയായി. ആർ.എസ്.എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദർശൻ സേവാസന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ്, സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി, ജില്ലാ ജനറൽ സെക്രട്ടറി കെ. ജി. രാജേഷ്, ഇൻഫോസിസ് വൈസ് പ്രസിഡന്റ് സുനിൽ ജോസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |