തിരുവനന്തപുരം: കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാൻ നിയമസഭ പാസാക്കിയ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാൻ ഗവർണർ ആർ.വി.ആർലേക്കർ. യു.ജി.സി കരടു നയത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് ബില്ലെങ്കിലും അതിൽ നിയമവിരുദ്ധമായ വ്യവസ്ഥകളുണ്ടോയെന്ന കേന്ദ്രത്തിന്റെ പരിശോധനയ്ക്ക് വേണ്ടിയാണ് ബിൽ രാഷ്ട്രപതിക്ക് അയയ്ക്കുക.
സ്വകാര്യ സർവകലാശാല ആരംഭിക്കാൻ അതിവേഗ നടപടിയുമായി മുന്നോട്ടുപോയ സർക്കാരിനും താത്പര്യവുമായെത്തിയ സംരംഭകർക്കും തിരിച്ചടിയാണിത്. മാർച്ച്25നാണ് ബിൽ നിയമസഭ പാസാക്കിയത്. യു.ജി.സി ചട്ടത്തിന് അനുസൃതമായതിനാൽ ഒപ്പിടുമെന്ന പ്രതീക്ഷയായിരുന്നു സർക്കാരിന്. എന്നാൽ നിയമവിദഗ്ദ്ധരുടെ പരിശോധനയ്ക്ക് ബിൽ കൈമാറിയ ശേഷമാണ്, രാഷ്ട്രപതിക്ക് അയയ്ക്കാമെന്ന് ഗവർണർ നിലപാടെടുത്തത്. സുപ്രീംകോടതി ഉത്തരവനുസരിച്ച് 90 ദിവസത്തിനകം ബില്ലിൽ ഗവർണർ തീരുമാനമെടുക്കണം. ഒപ്പിടുക, തിരിച്ചയയ്ക്കുക, രാഷ്ട്രപതിക്ക് വിടുക എന്നിവയാണ് സ്വീകരിക്കാനാവുന്നത്.
മെഡിക്കൽ, എൻജിനിയറിംഗ്, നിയമം, ഫാർമസി, പാരാ മെഡിക്കൽ എന്നിങ്ങനെ വിവിധ പഠന ശാഖകളുള്ള മൾട്ടി ഡിസിപ്ലിനറി സർവകലാശാലകളാണ് കേരളത്തിൽ തുടങ്ങാനിരുന്നത്. ട്രഷറിയിൽ 25 കോടി നിക്ഷേപവും, പത്തേക്കർ ഭൂമിയുമുള്ള ട്രസ്റ്റുകൾക്കും ഏജൻസികൾക്കും ഗ്രൂപ്പുകൾക്കും അപേക്ഷിക്കാമായിരുന്നു. നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മെഡിക്കൽകോളേജുകളടക്കം സർവകലാശാലയായി മാറാനൊരുങ്ങുകയായിരുന്നു. നഷ്ടത്തിലുള്ള എൻജിനിയറിംഗ്, മെഡിക്കൽ കോളേജുകൾ വിലയ്ക്കുവാങ്ങി സർവകലാശാലയാക്കാൻ അന്യസംസ്ഥാന ഗ്രൂപ്പുകളും ശ്രമിച്ചിരുന്നു.
ഒരു ഡസനിലേറെ
സർവകലാശാലകൾ
കോഴിക്കോട്ട് മർക്കസിന്റെയും മലപ്പുറത്ത് എം.ഇ.എസിന്റെയും സർവകലാശാല
500കോടി മുതൽമുടക്കിൽ തൃശൂരിൽ നെഹ്‌റു ഗ്രൂപ്പിന്റെ സർവകലാശാല
350കോടി മുടക്കിൽ കോഴിക്കോട്ട് ജെയിൻ ഗ്രൂപ്പിന്റെ ഗ്ലോബൽ യൂണിവേഴ്സിറ്റി
തൃശൂർ രൂപതയും ഗുജറാത്തിൽ സർവകലാശാലയുള്ള അദാനി ഗ്രൂപ്പും രംഗത്ത്
കോഴിക്കോട്ടും പാലക്കാട്ടും മെഡിക്കൽകോളേജുകളുള്ള മലബാർ ഗ്രൂപ്പിനും താത്പര്യം
അനുമതി
കിട്ടിയേക്കാം
ബില്ലിൽ കേന്ദ്രത്തിന്റെ അഭിപ്രായമറിഞ്ഞ ശേഷം രാഷ്ട്രപതി അനുമതി നൽകിയേക്കാൻ ഇടയുണ്ട്. രാജ്യത്ത് സ്വകാര്യ സർവകലാശാലകളില്ലാത്ത സംസ്ഥാനമാണ് കേരളം. യു.ജി.സിയും കേന്ദ്ര സർക്കാരും സ്വകാര്യ സർവകലാശാലകൾക്ക് അനുകൂലമാണ്. കേന്ദ്രനിയമത്തിന് വിരുദ്ധമായ വ്യവസ്ഥകളുണ്ടോയെന്ന പരിശോധനയാവും കേന്ദ്രം നടത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |