മലപ്പുറം: ഒമ്പത് വർഷത്തിനുശേഷം ഉപതിരഞ്ഞെടുപ്പിലൂടെ നിലമ്പൂരിൽ നേടിയ വിജയം യു.ഡി.എഫിന് രാഷ്ട്രീയ കരുത്തായി. ഇപ്പോഴത്തെ സർക്കാർ അധികാരത്തിൽ വന്നശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുന്നത് ആദ്യം. നേരത്തെ മൂന്നിടത്ത് യു.ഡി.എഫ് വിജയിച്ചിരുന്നു. സി.പി.എം ചേലക്കര നിലനിറുത്തി. പക്ഷേ, നിലമ്പൂരിലെ സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടത് കടുത്ത ആഘാതമായി. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ആവേശവും എൽ.ഡി.എഫിന് മുന്നറിയിപ്പും നൽകുന്നതാണ് ഫലം.
ആര്യാടൻ ഷൗക്കത്ത് 11,077 വോട്ടിന്റെ മിന്നുംജയമാണ് നേടിയത്. 1,75,989 വോട്ടാണ് മൊത്തം പോൾ ചെയ്തത്. ഷൗക്കത്തിന് 77,737 വോട്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. സ്വരാജിന് 66,660 വോട്ടും സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവറിന് 19,970 വോട്ടും ലഭിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി മോഹൻ ജോർജ് 8,648 വോട്ടുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എസ്.ഡി.പി.ഐക്ക് 2,075 വോട്ടുകിട്ടി. നോട്ടയ്ക്ക് 630 വോട്ടുണ്ട്. 2016ൽ 11,504 വോട്ടിന് ഇടതുസ്വതന്ത്ര സ്ഥാനാർത്ഥി പി. വി. അൻവറിനോട് തോറ്റ ആര്യാടൻ ഷൗക്കത്ത് ഏകദേശം അത്രയും വോട്ടുകൾക്കാണ് ഇക്കുറി വിജയം കുറിച്ചത്. പി.വി. അൻവർ സി.പി.എമ്മുമായി ഇടഞ്ഞ് രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുൻമന്ത്രിയും ഷൗക്കത്തിന്റെ പിതാവുമായ ആര്യാടൻ മുഹമ്മദ് മൂന്ന് പതിറ്റാണ്ടോളം കുത്തകയാക്കിയ മണ്ഡലത്തിൽ 2021ലും അൻവറാണ് വിജയിച്ചത്. അന്ന് വി.വി. പ്രകാശിനെ 2,700 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ഇത്തവണ മൂന്ന് മുന്നണികൾക്കെതിരെയും സ്വതന്ത്രനായി മത്സരിച്ച അൻവർ പരാജയപ്പെട്ടെങ്കിലും കരുത്തറിയിച്ചു.
മുന്നണി വോട്ട്
ചോർത്തി അൻവർ
1,75,989:
പോൾ ചെയ്ത വോട്ട്
44.17%:
യു.ഡി. എഫ്
37.88%:
എൽ.ഡി.എഫ്
11.23%:
പി. വി. അൻവർ
4.91%:
എൻ.ഡി.എ
2021ലെ വോട്ടിൽ
നിന്നുള്ള കുറവ്
9.01%:
എൽ.ഡി.എഫ്
1.17%:
യു.ഡി.എഫ്
148 വോട്ട്:
എൻ.ഡി.എയ്ക്ക്
വർദ്ധിച്ചു
സ്വരാജിന് സ്വന്തം
വാർഡും നഷ്ടം
1.എൽ.ഡി.എഫിന്റെ ശക്തിമേഖലകളിലടക്കം യു.ഡി.എഫ് കടന്നുകയറി. ഏഴ് പഞ്ചായത്തുകളിൽ ആറിടത്തും നിലമ്പൂർ നഗരസഭയിലും ലീഡ് ലഭിച്ചു. കരുളായിയിൽ 118 വോട്ടിന് പിന്നിൽ പോയി.
2.സി.പി.എം ഭരിക്കുന്ന നിലമ്പൂർ മുനിസിപ്പാലിറ്റിയിലും അമരമ്പലത്തും പോത്തുകല്ലിലും വൻ തിരിച്ചടിയുണ്ടായി. എൽ.ഡി.എഫ് 2,000 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്ന നിലമ്പൂരിൽ യു.ഡി.എഫ് 3,967 വോട്ടിന് മുന്നിലെത്തി. അമരമ്പലം - 704, പോത്തുകല്ല് -307, വഴിക്കടവ് - 1,829, മൂത്തേടം - 2,067, എടക്കര - 1,170, ചുങ്കത്തറ - 1,287 എന്നിങ്ങനെയാണ് ഷൗക്കത്തിന്റെ ഭൂരിപക്ഷം.
3.പത്തൊൻപത് റൗണ്ട് വോട്ടെണ്ണിയപ്പോൾ മൂന്ന് റൗണ്ടിൽ മാത്രമാണ് എം.സ്വരാജിന് ലീഡ് ചെയ്യാനായത്. പോത്തുകല്ലിലെ സ്വന്തം വാർഡിലും പിന്നിൽ പോയി. ആദ്യമിനിറ്റ് മുതൽ ഷൗക്കത്തിന്റെ മുന്നേറ്റമായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നാല് പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയിലും എൽ.ഡി.എഫിനായിരുന്നു ലീഡ്.
``പിണറായി സർക്കാരിനെതിരായ ജനരോഷമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്.``
-ആര്യാടൻ ഷൗക്കത്ത്
``സർക്കാരിനെതിരായ വിധിയെഴുത്തല്ല. സൂക്ഷ്മമായി വിശകലനം ചെയ്യും. ഉൾക്കൊള്ളേണ്ട കാര്യങ്ങൾ ഉൾക്കൊള്ളും.``
- എം. സ്വരാജ്
``പിണറായിസത്തിനെതിരായ എൽ.ഡി.എഫ് വോട്ടാണ് പിടിച്ചത്``.
- പി.വി. അൻവർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |