തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയ അമേരിക്കൻ നിർമ്മിത എഫ്-35 ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ സാങ്കേതികത്തകരാർ പരിഹരിക്കാൻ മുപ്പതംഗസംഘം ഉടനെത്തും. ബ്രിട്ടീഷ് നേവിയുടെയും വിമാനത്തിന്റെ നിർമ്മാതാക്കളായ അമേരിക്കൻ കമ്പനി ലോക്ക്ഹീഡ് മാർട്ടിന്റെയും എൻജിനിയർമാരായിരിക്കും എത്തുക. ഇവർ യാത്രയ്ക്കായി കേന്ദ്രാനുമതി തേടിയിരിക്കുകയാണ്.
വിമാനത്തിന് ഗുരുതര ഹൈഡ്രോളിക് തകരാറാണെന്നാണ് സൂചന. കടലിൽ നൂറ് നോട്ടിക്കൽമൈൽ അകലെ നങ്കൂരമിട്ടിരിക്കുന്ന എച്ച്.എം.എസ് പ്രിൻസ് ഒഫ് വെയിൽസ് എന്ന പടക്കപ്പലിൽ നിന്ന് ബ്രിട്ടീഷ് എൻജിനിയർമാരെത്തി പലവട്ടം ശ്രമിച്ചിട്ടും തകരാർ പരിഹരിക്കാനായില്ല. വിദഗ്ദ്ധ സംഘമെത്തിയിട്ടും തകരാർ പരിഹരിക്കാനായില്ലെങ്കിൽ ഗ്ലോബ് മാസ്റ്റർ വിമാനത്തിൽ ഇതിനെ എയർലിഫ്റ്റ് ചെയ്യാനുമിടയുണ്ട്. യുദ്ധവിമാനം ഇപ്പോഴും വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ബേ- 4ൽ കിടക്കുകയാണ്. എയർ ഇന്ത്യയുടെ ഹാംഗറിലേക്ക് മാറ്റാൻ ബ്രിട്ടീഷ് സൈന്യം അനുവദിച്ചിട്ടില്ല. വിമാനത്തിന് സി.ഐ.എസ്.എഫിന്റെ സായുധ സുരക്ഷ തുടരുന്നുണ്ട്. കഴിഞ്ഞ 15നാണ് ബ്രിട്ടീഷ് നാവികസേന ഉപയോഗിക്കുന്ന, അമേരിക്കൻനിർമ്മിത എഫ്-35ബി സ്റ്റെൽത്ത് ഫൈറ്റർ വിമാനം അടിയന്തരമായി നിലത്തിറക്കിയത്.
അതേസമയം വ്യോമസേനയുടെ പോർ വിമാനങ്ങൾ തലസ്ഥാനത്തിന്റെ ആകാശത്ത് ഏറെനേരം വട്ടമിട്ട് പറന്നത് ആശങ്ക പരത്തി. പരീശിലനപ്പറക്കലിന്റെ ഭാഗമായാണ് സുഖോയി ശ്രേണിയിലെ രണ്ട് യുദ്ധവിമാനങ്ങൾ ഉച്ചയ്ക്ക് രണ്ടോടെ നിരവധി തവണ പറന്നത്. വിമാനത്താവളത്തിൽ നിന്നും യാത്ര വിമാനങ്ങളുടെ ലാൻഡിംഗും ടേക്ക് ഓഫുമില്ലാത്ത സമയത്താണ് പോർവിമാനങ്ങൾ നിരീക്ഷണപ്പറക്കൽ നടത്തിയത്. രണ്ട് ദിവസം മുമ്പ് വ്യോമസേനയുടെ എ.എൻ 32 വിമാനവും നിരീക്ഷണപ്പറക്കൽ നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |