മലപ്പുറം: യു.ഡി.എഫിനൊപ്പം മുന്നോട്ട് പോകാനുളള സാഹചര്യമുണ്ടെങ്കിൽ സഹകരിക്കുമെന്നും, അല്ലാത്ത പക്ഷം ജനകീയ മൂന്നാം മുന്നണിയുണ്ടാക്കുമെന്നും പി.വി.അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. പിണറായിസത്തിന്റെ അടിവേരറുക്കാൻ റിയാസിനെതിരെ ബേപ്പൂരിൽ മത്സരിക്കാനും തയ്യാറാണ്. മരുമോനിസം അവസാനിപ്പിക്കും. പിണറായിയുടെ കുടുംബാധിപത്യമാണ് വിഷയം. സതീശൻ പിണറായിസത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമാണ്. പിണറായിസം അവസാനിപ്പിക്കാൻ ആരുമായും ചർച്ച നടത്താൻ തയ്യാറാണ്. പ്രതിപക്ഷ നേതാവിനോട് വ്യക്തിപരമായ വിരോധമില്ല. അദ്ദേഹത്തിന്റെ നിലപാടുകൾ വേദനിപ്പിച്ചു. മലയോര മേഖലയിലെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ യു.ഡി.എഫിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുണ്ടാവണം. മലയോര കർഷകരുടെ വിഷയങ്ങൾ പരിഗണിക്കാതെ, വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാതെ 2026ൽ എളുപ്പത്തിൽ ആർക്കും സർക്കാർ രൂപീകരിക്കാനാവില്ല.- അൻവർ പറഞ്ഞു.
അൻവർ ഒപ്പമുണ്ടായിരുന്നെങ്കിൽ ഭൂരിപക്ഷം 25,000 കടന്നേനെ: രമേശ് ചെന്നിത്തല
പി.വി.അൻവറിനെ ഒപ്പം കൂട്ടിയിരുന്നെങ്കിൽ യു.ഡി.എഫിന്റെ ഭൂരിപക്ഷം 25,000 വോട്ട് കടക്കുമായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താനും കുഞ്ഞാലിക്കുട്ടിയും പി.വി.അൻവറിനെ കൂടെക്കൂട്ടാൻ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. യു.ഡി.എഫ് എല്ലാക്കാലത്തും സി.പി.എമ്മിനെതിരെ നിലപാട് സ്വീകരിച്ചവരെ കൂടെക്കൂട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അൻവറിനെ കൂടെ കൂട്ടേണ്ടതായിരുന്നു എന്നുതന്നെയാണ് നിലപാട്. അൻവർ പിടിച്ച വോട്ടും ഭരണവിരുദ്ധ വികാരത്തിന്റെ വോട്ടുകളാണ്. രണ്ടുതവണ എൽ.ഡി.എഫ് പിടിച്ച സീറ്റാണ് ഇത്തവണ ആര്യാടൻ ഷൗക്കത്ത് തിരിച്ചുപിടിച്ചത്. ഭരണവിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |