കൊല്ലം: തുടർച്ചയായി മഴ പെയ്ത് തുടങ്ങിയതോടെ ജില്ലയിൽ ആഫ്രിക്കൻ ഒച്ചുകളും തലപൊക്കിത്തുടങ്ങി. ഈർപ്പമുള്ള സ്ഥലങ്ങളിലാണ് ഒച്ചിന്റെ സാന്നിദ്ധ്യം കൂടുതലുള്ളത്. എഴുകോൺ, കരീപ്ര, ഇടയ്ക്കിടം എന്നിവിടങ്ങളിൽ ഇവയുടെ സാന്നിദ്ധ്യം കണ്ടെത്തി. കുളത്തൂപ്പുഴ മേഖലയിലാണ് ഇവ കൂടുതലായുള്ളത്.
കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിക്കുന്നതായും കർഷകർ പറയുന്നു. ജൈവ കർഷകർക്കാണ് കൂടുതൽ വെല്ലുവിളിയാകുന്നത്. ചേന, ചേമ്പ്, കപ്പ, പുളി, വാഴ, പയർ, ഇഞ്ചി, വെണ്ട, ചീര, മഞ്ഞൾ, പപ്പായ തുടങ്ങിയവയുടെ ഇലകളാണ് ഭക്ഷണമാക്കുന്നത്. കോൺക്രീറ്റ് നിർമ്മിത വസ്തുക്കളിൽ ഇവ പറ്റിപ്പിടിച്ചിരിക്കുന്നതും കൂട്ടമായി വീടുകളിലേക്ക് പ്രവേശിക്കുന്നതും വലിയ ദുരിതമാണ് സമ്മാനിച്ചിരിക്കുന്നത്.
മണലും കോൺക്രീറ്റും വരെ ഭക്ഷിക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്ന ഇവയ്ക്ക് കട്ടിയുള്ള തോടുകളാണുള്ളത്. രൂക്ഷമായ ദുർഗന്ധമാണ് ഇവയിൽ നിന്ന് വമിക്കുന്നത്. പ്രതികൂല കാലാവസ്ഥയിൽ എത്രവർഷം വേണമെങ്കിലും സുഷുപ്താവസ്ഥയിൽ പ്രവേശിക്കുന്ന ഒച്ചുകൾ മഴക്കാലമാകുന്നതോടെയാണ് സജീവമാകുന്നത്.
പെരുകിയാൽ വിളനഷ്ടം
ആഫ്രിക്കൻ ഒച്ചുകൾ അനിയന്ത്രിതമായാൽ കാർഷിക വിളകളെ ബാധിക്കും
പച്ചക്കറിവിളകൾ, ഫലവർഗങ്ങൾ തുടങ്ങി മുന്നൂറിലധികം വിളകളെ ഇവ ബാധിക്കും
കുട്ടികളിൽ ഇസ്‌നോഫീലിക്ക് മെനിഞ്ചൈറ്റിസ് പോലെയുള്ള രോഗങ്ങൾക്ക് കാരണമാകും
ഒച്ചിന്റെ ശരീരത്തിലെ വിരവർഗത്തിൽപെട്ട (ആൻജിയോസ്‌ട്രോൻജൈലസ് കന്റൊനെൻസിസ്) ജീവിയാണ് രോഗഹേതു
എലികളിൽ നിന്നാണ് വിരകൾ ഒച്ചുകളിലെത്തുന്നത്
ഒരു ഒച്ച് അനുകൂല കാലാവസ്ഥയിൽ ഒരുകിലോഗ്രാം വരെ തൂക്കം വയ്ക്കും
സന്ധ്യയ്ക്ക് ചണച്ചാക്ക് നനച്ചിട്ട് അതിന് മുകളിൽ കാബേജ് ഇല, തക്കാളി, ചോറ്, പപ്പായ ഇല തുടങ്ങിയ ഇഷ്ട ആഹാരപദാർത്ഥങ്ങൾ ഒരുക്കി വേണം കെണിയൊരുക്കാൻ. അതിരാവിലെ (നാല് മണിക്ക് മുമ്പ്) ചാക്കിൽ നിറഞ്ഞിട്ടുള്ളവയെ കല്ലുപ്പോ തുരിശ് ലായനിയോ ഉപയോഗിച്ച് നശിപ്പിച്ച് കുഴിച്ചുമൂടാം. രോഗം പടർത്താൻ സാദ്ധ്യതയുള്ളതിനാൽ കൈകൊണ്ട് തൊടരുത്.
ഡോ.ഒ.പി.രജിറാണി, എന്റമോളജി വിഭാഗം,
കേരള കാർഷിക സർവകലാശാല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |