ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എയർലൈൻസ് കമ്പനിയായ ഇൻഡിഗോ മൺസൂൺ സെയിൽ ഓഫറുകൾ പ്രഖ്യാപിച്ചു. ഇന്നലെയാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടായത്. ആഭ്യന്തര അന്താരാഷ്ട്ര യാത്രകൾക്കാണ് പ്രത്യേക ഓഫറുകൾ. ജൂൺ 24 മുതൽ 29 വരെ ബുക്ക് ചെയ്യുന്ന ആഭ്യന്തര അന്താരാഷ്ട്ര യാത്രകൾക്കും ജൂലായ് ഒന്ന് മുതൽ സെപ്റ്റംബർ 21 വരെ ബുക്ക് ചെയ്യുന്നവർക്കുമാണ് ഓഫറുകൾ. ആഭ്യന്തര സർവീസുകൾക്കുളള ടിക്കറ്റുകൾ 1,499 രൂപ മുതൽ ഈ ഓഫറിലൂടെ ലഭ്യമാകും.
അന്താരാഷ്ട്ര യാത്രകൾക്കായുളള ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത് 4,399 രൂപ മുതലാണ്. ബിസിനസ് ക്ലാസ് യാത്രകൾക്കും ടിക്കറ്റ് നിരക്കിൽ ഇളവുകളുണ്ട്. അതേസമയം, ഇൻഡിഗോ സ്‌ട്രെച്ച് എന്ന ബിസിനസ് ക്ലാസ് സേവനത്തിൽ ടിക്കറ്റുകള്‍ ആരംഭിക്കുന്നത് 9,999 രൂപ മുതലാണ്. ടിക്കറ്റുകള്‍ക്ക് സീറോ ക്യാന്‍സലേഷന്‍ സൗകര്യം ലഭിക്കാന്‍ 299 രൂപയുടെ പ്രത്യേക പ്ലാനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര വിമാനങ്ങളില്‍ ബാഗേജിന് 50 ശതമാനം വരെ ഡിസ്‌കൗണ്ടും എയർലൈൻസ് വാഗ്ദാനം ചെയ്യുന്നുണ്ട്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന ഫാസ്റ്റ് ഫോര്‍വേഡ് സേവനത്തിന് 50 ശതമാനം ഡിസ്‌കൗണ്ടുകളും ഈ സമയപരിധിക്കുളളിൽ ലഭ്യമാകും.
ആഭ്യന്തര, അന്താരാഷ്ട്ര യാത്രകളിൽ സ്റ്റാൻഡേർഡ് സീറ്റുകൾ തിരഞ്ഞെടുക്കാനുളള ഓഫറുകൾ 99 രൂപയിൽ നിന്ന് ആരംഭിക്കും. കൂടാതെ ആഭ്യന്തര വിമാനങ്ങളിൽ എമർജൻസി എക്സ്എൽ (എക്സ്ട്രാ ലെഗ്റൂം) സീറ്റുകൾ ലഭിക്കാനും പ്രത്യേക ഓഫറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഓഫറുകളോടൊപ്പം ചില നിർദ്ദേശങ്ങളും ഇൻഡിഗോ പുറപ്പെടുവിച്ചിട്ടുണ്ട്. യാത്രകൾക്കായുളള ടിക്കറ്റുകൾ ബുക്ക് ചെയ്ത തീയതി മുതൽ ഏഴ് ദിവസത്തിനുശേഷമുളള യാത്രകൾക്ക് മാത്രമേ ഓഫറുകൾ ബാധകമാകൂ. അതുപോലെ ഗ്രൂപ്പ് ബുക്കിംഗുകൾക്കോ കോഡ്ഷെയർ ഫ്ലൈറ്റുകളിലോ ഓഫറുകൾ ബാധകമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |