തിരുവനന്തപുരം: നാടിന് നല്ലകാലം നടക്കണമെങ്കിൽ യു.ഡി.എഫ് വരണമെന്നും ഇപ്പോഴത്തേത് തന്നെ വന്നാൽ കട്ടപ്പുകയായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ വജ്രജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ ജീവനക്കാർക്ക് ഇപ്പോൾ കിട്ടാത്ത ആനുകൂല്യങ്ങളൊക്കെ ഉടൻ കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ട. അതിന് യു.ഡി.എഫ് അധികാരത്തിൽവരണം.
ഇന്ന് കേരളത്തിൽ പൂച്ചയ്ക്ക് പ്രസവിക്കാൻ പറ്റിയ സ്ഥലം ഖജനാവാണ്. ജീവനക്കാരോട് ഇതുപോലെ അവഗണ കാണിച്ച സർക്കാർ കേരള ചരിത്രത്തിലില്ല. കൊട്ടിഘോഷിച്ച പരിപാടികളെല്ലാം തകർന്നു. യു.ഡി.എഫ് അധികാരത്തിൽവരുമ്പോൾ രാജ്യത്തെ ഏറ്റവും മികച്ച സെക്രട്ടേറിയറ്റ് സംവിധാനം കേരളത്തിൽ ഒരുക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് എം.എസ്. ഇർഷാദ് അദ്ധ്യക്ഷനായി. എം.എൽ.എമാരായ സജീവ് ജോസഫ്,ആബിദ് ഹുസൈൻ തങ്ങൾ,കോൺഗ്രസ് നേതാക്കളായ എം.എം. ഹസൻ,പാലോട് രവി,ആർ.ശരത്ചന്ദ്ര പ്രസാദ്,എം. ലിജു, ജി. സുബോധൻ, ബിന്ദു കൃഷ്ണ,ഷാനിമോൾ ഉസ്മാൻ,മര്യാപുരം ശ്രീകുമാർ,അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ നിന്നും പ്രകടനമായിട്ടാണ് സമ്മേളന വേദിയായ ഭാഗ്യമാല ഓഡിറ്റോറിയത്തിലേക്ക് സംഘടനാ പ്രവർത്തകരെത്തിയത്. സമ്മേളനം 26 ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |