ന്യൂഡൽഹി: ഈ അദ്ധ്യയന വർഷം മുതൽ പത്താം ക്ലാസ് വാർഷിക പരീക്ഷ രണ്ടു ഘട്ടമായി നടത്തുമെന്ന് സി.ബി.എസ്. ഇ അറിയിച്ചു ആദ്യ പരീക്ഷ ഫെബ്രുവരിയിലും രണ്ടാമത്തെ പരീക്ഷ മേയിലും ആയിരിക്കും നടത്തുക. മാർക്ക് മെച്ചപ്പെടുത്താൻ താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് മേയിൽ നടക്കുന്ന രണ്ടാംഘട്ട പരീക്ഷയെഴുതാം. ആദ്യത്തെ പരീക്ഷ എല്ലാ വിദ്യാർത്ഥികളും നിർബന്ധമായും എഴുതണം. ഒരു തവണ മാത്രമായിരിക്കും ഇന്റേണൽ അസസ്മെന്റ്. ആദ്യ പരീക്ഷയുടെ ഫലം ഏപ്രിലിലും രണ്ടാമത്തെ പരീക്ഷാഫലം ജൂണിലും പ്രസിദ്ധീകരിക്കും.
രണ്ടാംഘട്ടം പരീക്ഷ ഓപ്ഷണലായിരിക്കും. ശാസ്ത്രം, ഗണിതം, സാമൂഹിക ശാസ്ത്രം, ഭാഷകൾ എന്നിവയിൽ നിന്നുള്ള ഏതെങ്കിലും മൂന്നു വിഷയങ്ങളിൽ മാർക്ക് മെച്ചപ്പെടുത്താൻ വിദ്യാർത്ഥികൾക്ക് അവസരമുണ്ടായിരിക്കും. മൂല്യനിർൻയത്തിം കാര്യക്ഷമമാക്കുന്നതിന് ഈ മാറ്റം സഹായിക്കുമെന്നാണ് സി.ബി.എസ്.ഇയുടെ വിലയിരുത്തൽ.
ഫെബ്രുവരിയിൽ സി.ബി.എസ്.ഇ തയ്യാറാക്കിയ കരടിൽ, പത്താം ക്ലാസ് ബോർഡ് പരീക്ഷയുടെ ആദ്യ ഘട്ടം ഫെബ്രുവരി 17 നും മാർച്ച് 6 നും ഇടയിൽ നടത്തുമെന്നും രണ്ടാം ഘട്ട പരീക്ഷകൾ മേയ് 5 മുതൽ 20 വരെയും നടത്തുമെന്നും പറഞ്ഞിരുന്നു. ഒന്നും രണ്ടും ഘട്ട പരീക്ഷകളിൽ സിലബസ് ഒന്നുതന്നെയായിരിക്കുമെന്നും മുഴുവൻ സിലബസും ഉൾപ്പെടുത്തുമെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി. രണ്ട് പരീക്ഷകളിലും പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രങ്ങൾ ഒന്നുതന്നെയായിരിക്കും. രണ്ട് പരീക്ഷകളുടെയും ഫീസ് രജിസ്‌ട്രേഷൻ സമയത്ത് തന്നെ അടയ്‌ക്കേണ്ടിവരും. ഒരു വിദ്യാർത്ഥി ആ വർഷത്തെ രണ്ട് പരീക്ഷകളിലും പങ്കെടുത്താൽ, അയാൾക്ക് ലഭിക്കുന്ന ഉയർന്ന മാർക്ക് അന്തിമമായി കണക്കാക്കും. ആദ്യ പരീക്ഷയിൽ ഒരാൾക്ക് കൂടുതൽ മാർക്ക് ലഭിച്ചാലും രണ്ടാം പരീക്ഷയിൽ കുറഞ്ഞ മാർക്ക് ലഭിച്ചാലും, പരീക്ഷയുടെ ആദ്യ ഘട്ടത്തിൽ ലഭിക്കുന്ന മാർക്ക് അന്തിമമായി കണക്കാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |