തൃശൂർ: എ.ഡി.ജി.പി എം.ആർ.അജിത് കുമാർ,ആർ.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസെബലയുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ച ഡി.ജി.പി സ്ഥാനം ലക്ഷ്യം വച്ചെന്ന് ആരോപണം. കഴിഞ്ഞ വർഷം മേയിലാണ് തൃശൂരിൽ വ എ.ഡി.ജി.പിയും ആർ.എസ്.എസ്. നേതാവും ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയത്.
ഔദ്യോഗിക കാർ ഉപേക്ഷിച്ച് അജിത് കുമാർ സ്വകാര്യ കാറിൽ ആർ.എസ്.എസ് നേതാവിനെ കാണാനെത്തിയത് വിവാദമായിരുന്നു. പിന്നീട് തൃശൂർ പൂരം കലങ്ങിയതോടെ ഈ സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആളിക്കത്തി. സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതോടെ തന്റേത് സ്വകാര്യ സന്ദർശനമായിരുന്നുവെന്നായിരുന്നു എ.ഡി.ജി.പിയുടെ മറുപടി. വീഴ്ച സംഭവിച്ചെന്ന് ഡി.ജി.പി റിപ്പോർട്ട് ചെയ്തതോടെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി.
പൊലീസ് മേധാവിയാകാൻ 30 വർഷത്തെ സർവീസില്ലെങ്കിലും സംസ്ഥാന സർക്കാരിന്റെ പ്രത്യേക താൽപര്യ പ്രകാരം അജിത്കുമാറിന്റെ പേര് യു.പി.എസ്.സിക്ക് നൽകിയതിനു പിന്നിൽ ആ കൂടിക്കാഴ്ചയിലെ ഉറപ്പുണ്ടെന്നാണ് ആക്ഷേപം. പക്ഷേ ഇന്നലെ പുറത്തുവന്ന ഡി.ജി.പിയുടെ റിപ്പോർട്ടിൽ തൃശൂർ പൂരം അലങ്കോലപ്പെട്ടതിന് പിന്നിൽ എ.ഡി.ജി.പിയുടെ ഗുരുതര വീഴ്ചയുണ്ടെന്ന കുറ്റപ്പെടുത്തലുണ്ട്. മന്ത്രി കെ.രാജൻ വിളിച്ചപ്പോൾ ഫോൺ എടുത്തില്ലെന്ന വെളിപ്പെടുത്തലും തിരിച്ചടിയായി. ഡി.ജി.പിയെ നിശ്ചയിക്കുന്നതിന് യു.പി.എസ്.സി ചുരുക്കപ്പട്ടിക തയ്യാറാക്കാൻ നാളെ യോഗം വിളിച്ചിരിക്കുന്നതിന് തൊട്ട് മുമ്പ് സമർപ്പിച്ച റിപ്പോർട്ടിലെ പരാമർശങ്ങൾ തിരിച്ചടിയാകുമോയെന്നാണ് ഉറ്റുനോക്കുന്നത്.
കേരളം ആറ് പേരാണ് നൽകിയത്. അതിൽ നിന്ന് മൂന്ന് പേരുകൾ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തും. രവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, നിതിൻ അഗർവാൾ എന്നിവർക്കാണ് പട്ടികയിൽ സാദ്ധ്യത കുടുതൽ. സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദത്തിനു പുറമേ ആർ.എസ്.എസ് ഇടപെടൽ കൂടി ഉണ്ടായാൽ ഈ ചുരുക്കപ്പട്ടികയിൽ അജിത്കുമാറിന് കയറിക്കൂടാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |