കൊച്ചി: മറ്റു മുസ്ളിം സംഘടനകളെ ഒതുക്കി സമുദായത്തിന്റെ ഏകനേതൃത്വമായി മാറാനും എസ്.ഡി.പി.ഐയിലൂടെ രാഷ്ട്രീയാധികാരം നേടി ഇസ്ളാമിക രാഷ്ട്രം സ്ഥാപിക്കാനും പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ (പി.എഫ്.ഐ) പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). മുൻ ജഡ്‌ജി ഉൾപ്പെടെ ആയിരത്തോളം പേരെ കേരളത്തിൽ വധിക്കാൻ പട്ടിക തയ്യാറാക്കിയിരുന്നുവെന്ന് കൊച്ചിയിലെ എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
പാലക്കാട്ടെ ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ജാമ്യഹർജിക്കെതിരെ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ശ്രീനിവാസൻ വധക്കേസിലെ 51-ാം പ്രതി സിറാജുദ്ദീനിൽ നിന്ന് പിടിച്ചെടുത്ത പട്ടികയിൽ മറ്റു മതങ്ങളിലെ 240 പേരുണ്ട്. 15-ാം പ്രതി അബ്ദുൾ വഹാബിൽ നിന്ന് മുൻ ജില്ലാ ജഡ്ജിയുൾപ്പെടെ അഞ്ചുപേരുടെ വിശദവിവരങ്ങൾ ലഭിച്ചു. 17-ാം പ്രതി മുഹമ്മദ് സാദിഖിൽ നിന്ന് ലഭിച്ച ഒരു രേഖയിൽ 197 ഉം മറ്റൊന്നിൽ 35 ഉം പേരുണ്ട്. 69-ാം പ്രതി അയൂബ് ടി.എയിൽ നിന്ന് 500 പേരുടെയും പട്ടിക ലഭിച്ചു.
ഇസ്ളാമികഭരണം 2047ൽ നടപ്പാക്കുകയായിരുന്നു പദ്ധതി. മുസ്ളിം സമുദായ പ്രശ്‌നങ്ങളിൽ കായികമായി ഇടപെടാനും ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഉപയോഗിച്ച് പ്രതിരോധിക്കാനും പദ്ധതികൾ ഒരുക്കി. നീതിപിഠം, സൈന്യം, പൊലീസ് എന്നിവയിൽ ഉൾപ്പെടെ വിശ്വസ്തരായ കേഡർമാരെ തിരുകിക്കയറ്റൽ, എതിർക്കുന്നവരെ ഇല്ലാതാക്കാൻ സായുധകലാപം എന്നിവയും ലക്ഷ്യമിട്ടു.
'ശിക്ഷിക്കാൻ ദാറുൽ ക്വാസ കോടതി"
റിപ്പോർട്ടേഴ്‌സ് വിംഗ്, ഫിസിക്കൽ ആൻഡ് ട്രെയിനിംഗ് വിംഗ്, സർവീസ് വിംഗ് - ഹിറ്റ് ടീം എന്നിവ രൂപീകരിച്ചിരുന്നു. രഹസ്യാന്വേഷണ വിഭാഗമായ റിപ്പോർട്ടേഴ്‌സ് വിംഗാണ് വ്യക്തികൾ, ഹിന്ദു നേതാക്കൾ, സാമൂഹിക പ്രശ്‌നങ്ങൾ തുടങ്ങിയവ ദിവസവും നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യുന്നത്. ജില്ലാ കമ്മിറ്റികൾ സംസ്ഥാന നേതൃത്വത്തിന് കൈമാറുന്ന വിവരം ഉപയോഗിച്ചാണ് കൊല്ലേണ്ട വ്യക്തികളെയും സ്ഥാപനങ്ങളെയും നിശ്ചയിച്ചത്. ആക്രമിക്കുന്ന ദൗത്യമാണ് സർവീസ് വിംഗ് - ഹിറ്റ് ടീം നിർവഹിക്കുക. ദാറുൽ ക്വാസ എന്ന കോടതിയാണ് ശിക്ഷ നിശ്ചയിച്ചിരുന്നത്. ഐസിസ് ഭീകരത അനുകരിക്കാൻ ഭീകരാക്രമണങ്ങളുടെ ദൃശ്യങ്ങൾ കാണിച്ച് പരിശീലനം നൽകി.
ശ്രീനിവാസൻ വധം തെളിവ്
പോപ്പുലർ ഫ്രണ്ടിന്റെ ഭീകരതയുടെ തെളിവാണ് ശ്രീനിവാസൻ വധമെന്ന് എൻ.ഐ.എ പറയുന്നു. പ്രതികൾക്ക് ശ്രീനിവാസനുമായി വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നില്ല. പലരും അറിയുക പോലുമില്ലാത്തവരാണ്. സംഘടനാ നേതൃത്വം തീരുമാനിച്ച കൊലപാതകം നടപ്പാക്കുകയാണ് പ്രതികൾ ചെയ്തതെന്ന് എൻ.ഐ.എ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |