തൃശൂർ: 'എല്ലാം ഡാഡിയായിരുന്നു, ഇനി എല്ലാം നിറുത്തുകയാണ്. ഡാഡിയുടെ ആഗ്രഹം പോലെ അമ്മ മരിയയ്ക്കും കുടുംബത്തിനുമായി ജീവിക്കണം"-അടുത്തിടെ കേട്ട ലഹരിക്കഥകളിലെ പ്രതിനായകനായിരുന്ന സിനിമാതാരം ഷൈൻ ടോം ചാക്കോ ലഹരിയുടെ വഴിയിൽ നിന്ന് മാറിനടക്കുകയാണ്. ജീവിതം ലഹരിയാക്കുന്ന ഷൈനിനെ ഇനി കാണാമെന്ന് കുടുംബവും ഉറപ്പിക്കുന്നു.
'ഞങ്ങൾക്കിത് വാർത്തയാക്കാൻ താത്പര്യമില്ല. ചേട്ടൻ ഒരുപാട് മാറി. ലഹരി ഒഴിവാക്കാനുള്ള ചിന്തകളിലാണ്. ഇപ്പോൾ ശസ്ത്രക്രിയ കഴിഞ്ഞ് ഫിസിയോതെറാപ്പി ചെയ്യുന്നു. അമ്മയ്‌ക്ക് കുറച്ചുകൂടി വിശ്രമം വേണം. ഡാഡിയുടെ വേർപാട് അദ്ദേഹത്തെ ഒരുപാട് മാറ്റി"- ഷൈനിന്റെ അനുജൻ ജോ ജോൺ ചാക്കോ കേരളകൗമുദിയോട് പറഞ്ഞു.
ജൂൺ ആറിനാണ് സേലത്തിനടുത്ത് ധർമ്മപുരിയിൽ ഷൈനും കുടുംബവും സഞ്ചരിച്ച കാർ ലോറിക്ക് പിന്നിലിടിച്ച് പിതാവ് സി.പി. ചാക്കോ മരിച്ചത്. ഷൈനിന്റെ ലഹരിമുക്ത ചികിത്സയ്‌ക്കായി ബംഗളൂരുവിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പരിക്കേറ്റ ഷൈൻ ടോമിനെയും അമ്മയെയും തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
'ഡാഡിയുടെ മരണത്തിൽ അവന് വളരെ സങ്കടമുണ്ട്. കുടിയും വലിയും ഒക്കെ നിറുത്തണമെന്ന് ആശുപത്രിയിലായിരിക്കുമ്പോൾ പറയാറുണ്ട്"- ഷൈനിനെയും അമ്മയെയും ആശുപത്രിയിൽ പരിചരിച്ച അമ്മയുടെ സഹോദരിയുടെ വാക്കുകളാണിത്. വിവാദങ്ങളിൽപ്പെടുമ്പോഴെല്ലാം ഷൈനിന് കരുത്തായത് പിതാവ് ചാക്കോ ആയിരുന്നു.
ഷൈൻ പ്രിയങ്കരനായ വിദ്യാർത്ഥി
പൊന്നാനിയിലെ എം.ഐ ഹയർ സെക്കൻഡറി സ്‌കൂളിൽ ഷൈനിനെ ഇംഗ്ലീഷ് പഠിപ്പിച്ച ബിന്ദു ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റും അദ്ദേഹത്തിന്റെ മനസുമാറ്റത്തിന് കാരണമായി. 'ഡയലോഗടിയിൽ താത്പര്യമില്ലാത്ത, വികൃതി കാണിച്ച് കുട്ടികൾക്കിടയിൽ ഹീറോ ആകാനും താത്പര്യമില്ലാത്ത ഷൈൻ കലോത്സവ വേദികളിൽ തിളങ്ങിയ കാര്യം" ടീച്ചർ കുറിപ്പിൽ പറയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |