തിരുവനന്തപുരം: സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് മാറ്റിനിറുത്തപ്പെട്ടവരുടെ അവകാശ പോരാട്ടങ്ങൾക്ക് നാമ്പ് നൽകിയ പ്രസ്ഥാനമാണ് കേരളകൗമുദിയെന്ന് മന്ത്രി ആർ.ബിന്ദു. പ്രശസ്ത മാദ്ധ്യമ പ്രവർത്തകനും കേരളകൗമുദി എഡിറ്റോറിയൽ അഡ്വൈസറുമായിരുന്ന എൻ.രാമചന്ദ്രന്റെ 11-ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് എൻ.രാമചന്ദ്രൻ അനുസ്മരണ സമ്മേളനവും പുരസ്‌കാര സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അധഃസ്ഥിതരുടെ ആത്മബോധവും അവകാശബോധവും തൊട്ടുണർത്തി അനീതിക്കെതിരെ വിരൽ ചൂണ്ടിയ പത്രമാണ് കേരളകൗമുദി. അവിടെ പത്രാധിപ സമിതിയിലിരുന്നു കൊണ്ട് സമൂഹത്തിന്റെ ഓരങ്ങളിലേക്ക് മാറ്രി നിറുത്തപ്പെട്ടെ വിഭാഗങ്ങളിൽ നിന്ന് രണ്ട് രാഷ്ട്രപതിമാരെ കണ്ടെടുത്ത മാദ്ധ്യമ പ്രവർത്തകനാണ് എൻ.രാമചന്ദ്രനെന്നും മന്ത്രി ആർ.ബിന്ദു അനുസ്‌മരിച്ചു.ട്രിവാൻഡ്രം ക്ളബ് സുബ്രഹ്മണ്യം ഹാളിൽ നടന്ന ചടങ്ങിൽ എൻ.രാമചന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡന്റ് പ്രഭാ വർമ്മ അദ്ധ്യക്ഷനായിരുന്നു. മുൻ എം.പി എ.സമ്പത്ത് എൻ.രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.
കേരളകൗമുദി മാനേജിംഗ് ഡയറക്ടർ അഞ്ജു ശ്രീനിവാസൻ, എൻ.രാമചന്ദ്രന്റെ മക്കളായ ലക്ഷ്മീദേവി പി.ആർ, ലേഖ മോഹൻകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
എൻ.രാമചന്ദ്രൻ ഫൗണ്ടേഷൻ പ്രഥമ പ്രസിഡന്റും മുതിർന്ന മാദ്ധ്യമപ്രവർത്തകനുമായിരുന്ന ബി.ആർ.പി ഭാസ്‌കറിനെ മാദ്ധ്യമപ്രവർത്തകൻ എം.ജി.രാധാകൃഷ്ണൻ അനുസ്മരിച്ചു.
പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജേർണലിസത്തിൽ നിന്ന് ഒന്നാം റാങ്ക് നേടിയ സ്‌നേഹ എസ്.നായർക്ക് മന്ത്രി ആർ.ബിന്ദു അവാർഡ് നൽകി. ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ബാബു ദിവാകരൻ മന്ത്രി ആർ.ബിന്ദുവിനും എ.സമ്പത്തിനും എം.ജി രാധാകൃഷ്ണനും ഉപഹാരം നൽകി. എൻ.രാമചന്ദ്രൻ ഫൗണ്ടേഷൻ സെക്രട്ടറി പി.പി ജയിംസ് സ്വാഗതവും സി.എൻ. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |