മഴക്കാലമായതോടെ കൊതുക് ശല്യവും കൂടിയിരിക്കുകയാണ്. കൊതുകിനെ തുരത്താൻ പല തരത്തിലുള്ള സാധനങ്ങൾ മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ കൊച്ചുകുട്ടികളും മറ്റും ഉള്ള വീടുകളിൽ ഇത്തരം സാധനങ്ങൾ വാങ്ങിവയ്ക്കുന്നത് നല്ലതല്ലെന്ന് പറയാറുണ്ട്.
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീടിന്റെ പരിസരത്ത് പോലും കൊതുക് വരില്ല. അത്തരത്തിൽ കൊതുകിനെ തുരത്താൻ സഹായിക്കുന്ന ഒരു ട്രിക്ക് ഉണ്ട്. ആദ്യം തന്നെ ഒരു പ്ലാസ്റ്റിക് ബോട്ടിലെടുക്കുക. ഇതിൽ പപ്പടം കുത്തികൊണ്ടോ മറ്റോ നിറയെ ദ്വാരങ്ങൾ ഉണ്ടാക്കുക. ഇനി കുറച്ച് ശീമക്കൊന്നയുടെ ഇല പറച്ചുകൊണ്ടുവരിക. ഇലയിൽ ഒട്ടും ജലാംശം പാടില്ല. ഒരു പത്രത്തിന്റെ മുകളിൽ കുറച്ചുസമയം ഇട്ടുകൊടുത്താൽ ജലാംശമൊക്കെ മാറും. ശേഷം ഇത് ചെറിയ കഷ്ണങ്ങളാക്കി ദ്വാരമുണ്ടാക്കിയ കുപ്പിയിൽ ഇട്ടുകൊടുക്കുക.
കുപ്പിയുടെ മുക്കാൽ ഭാഗം വരെ ശീമക്കൊന്നയുടെ ഇല ഇട്ടുകൊടുക്കണം. ശേഷം അടച്ചുവച്ച് ജനലിന് സമീപമോ, മുറിയിലോ വയ്ക്കാം. കൊതുകിന് ഇവയുടെ മണം ഇഷ്ടമല്ല. അതിനാൽത്തന്നെ കൊതുക് വീട്ടിൽ നിന്ന് അപ്രത്യക്ഷമാകും.
അതേസമയം, വീട് വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ നിങ്ങൾ എത്രയൊക്കെ ശ്രമിച്ചാലും കൊതുക് വീട്ടിൽ നിന്ന് പോകില്ല. ശീമക്കൊന്നയുടെ ഇലയൊക്കെ വയ്ക്കുമ്പോൾ താത്ക്കാലികമായൊരു ആശ്വാസം മാത്രമേ ഉണ്ടാകുകയുള്ളൂവെന്ന് ഓർക്കണം. അതിനാൽത്തന്നെ ശാശ്വത പരിഹാരം വേണമെങ്കിൽ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളെല്ലാം വൃത്തിയാക്കണം. എസിയിലും ഫ്രിഡ്‌ജിന്റെ പിറകിലുമൊന്നും കൊതുകിന് വളരാനുള്ള സാഹചര്യം ഉണ്ടാകരുത്. വെള്ളം നിറഞ്ഞിരിക്കുന്ന ചിരട്ടയുണ്ടെങ്കിൽ അത് കമഴ്ത്തി വയ്ക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |