കൊച്ചി: ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിനായി കൊലപ്പെടുത്താൻ പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ (പി.എഫ്.ഐ) തയ്യാറാക്കിയ ഹിറ്റ്ലിസ്റ്റിൽ മുസ്ലിം നേതാക്കളും മതപണ്ഡിതരും. 'പി.എഫ്.ഐയുടെ താത്പര്യങ്ങൾക്ക് എതിരുനിൽക്കുന്നവർ ആരായാലും ഇല്ലാതാക്കുക" എന്നതായിരുന്നു തീരുമാനമെന്ന് കൊച്ചിയിലെ പ്രത്യേക കോടതിയിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
അവിശ്വാസികളെയും കാഫിറുകളെയും ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായി പി.എഫ്.ഐക്കെതിരെ കൊച്ചിയിലും ഡൽഹിയിലും രജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതികൾ മൊഴി നൽകിയതായി എൻ.ഐ.എ റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ച രേഖകളും ശബ്ദസന്ദേശങ്ങളും ശേഖരിച്ചിട്ടുണ്ട്. പി.എഫ്.ഐയുടെ ആശയത്തെ എതിർക്കുന്നവർ മുസ്ലിങ്ങളാണെങ്കിലും കൊല്ലണമെന്നാണ് അണികളെ പഠിപ്പിച്ചത്.
വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവരെ ആക്രമിക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നു. പ്രമുഖരായ നിരവധി ഹിന്ദുനേതാക്കളെ വധിക്കാൻ പദ്ധതിയിട്ടു. വിവിധ സ്ഥലങ്ങളിൽ ഇതിനായി നേതാക്കളും വിശ്വസ്‌തരായ പ്രവർത്തകരും പങ്കെടുത്ത ഗൂഢാലോചനകൾ നടന്നിട്ടുണ്ട്. കൊല്ലാൻ തീരുമാനിച്ച മറ്റു മതങ്ങളിലെ വ്യക്തികളുടെ ചിത്രം, പേര്, പ്രായം, തൊഴിൽ തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് സൂക്ഷിച്ചിരുന്നു. ലക്ഷ്യമിട്ട ആയിരത്തോളം പേരുടെ വിവരങ്ങൾ കോടതിക്ക് കൈമാറിയെങ്കിലും റിപ്പോർട്ടിൽ പേരുകൾ പറയുന്നില്ല.
ശക്തികേന്ദ്രം
കേരളം
ലഷ്‌കർ ഇ തയ്‌ബ, ഐസിസ്, അൽ ഖയ്‌ദ തുടങ്ങിയ അന്താരാഷ്ട്ര ഭീകരസംഘടനകളുമായി ബന്ധമുണ്ടായിരുന്ന മുൻ സിമി നേതാക്കളും അംഗങ്ങളുമാണ് പോപ്പുലർ ഫ്രണ്ടുകാർ. ഭീകരപ്രവർത്തനങ്ങൾക്ക് യുവാക്കളെ റിക്രൂട്ട് ചെയ്‌തു. ജനങ്ങൾ തമ്മിൽ വിദ്വേഷം സൃഷ്‌ടിക്കാൻ പ്രസംഗങ്ങൾ, പ്രസിദ്ധീകരണങ്ങൾ, സമൂഹമാദ്ധ്യമങ്ങൾ എന്നിവയെ ഉപയോഗിച്ചു. മറ്റു മതവിഭാഗങ്ങളിൽ ഭീതിയും ആശങ്കയും അരക്ഷിതാവസ്ഥയും സൃഷ്‌ടിക്കാൻ ക്രിമിനൽ സ്വഭാവമുള്ളവരെ വിനിയോഗിച്ചു. രാജ്യത്തിനും സർക്കാരിനും അവമതിപ്പുണ്ടാക്കാനും ഐക്യം തകർക്കാനും ശ്രമിച്ചു. രാജ്യമെമ്പാടും പ്രവർത്തിച്ച പി.എഫ്.ഐയുടെ ശക്തികേന്ദ്രം കേരളമായിരുന്നു. റിഹാബ് ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഒഫ് ഇന്ത്യ, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഒഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, എസ്.ഡി.പി.ഐ എന്നീ സംഘടനകൾ വഴിയും പ്രവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |