കൊച്ചി: സംസ്ഥാനത്തെ രാജകുടുംബങ്ങളിലെ 817 പേർക്ക് പ്രതിമാസം 3,000 രൂപ വീതം സർക്കാർ പെൻഷൻ നൽകുന്നു. മാസം 24.51 ലക്ഷം രൂപയും വർഷം 2.94 കോടി രൂപയുമാണ് ഇതിനായി നീക്കിവയ്‌ക്കുന്നത്.
1957 മുതൽ ഫാമിലി ആൻഡ് പൊളിറ്റിക്കൽ പെൻഷൻ നൽകുന്നുണ്ട്. തുടക്കത്തിൽ 7.80 രൂപയായിരുന്നു തുക. 1949 ജൂലായിൽ തിരുവിതാംകൂർ-കൊച്ചി സംസ്ഥാനങ്ങളുടെ സംയോജനത്തിന് മുമ്പുതന്നെ രാജകുടുംബങ്ങളിൽ നിന്നു സർക്കാരിലേക്ക് മുതൽക്കൂട്ടിയ സ്വത്തുവകകൾക്ക് പകരമായി പെൻഷൻ നൽകിവന്നിരുന്നു. ഇത് കൈപ്പറ്റിവന്ന കുടുംബങ്ങൾക്കാണ് ഇപ്പോഴും നൽകുന്നത്.
പെൻഷൻ അപേക്ഷകൾ ജില്ലാ കളക്ടർമാർ വിശദമായി പരിശോധിച്ച് റിപ്പോർട്ട് നൽകും. ഇതിന്റെ അടിസ്ഥാനത്തിലാണ് നൽകുന്നത്. 3,000 രൂപയായി ഉയർത്തിയത് 2011ലാണ്. 2011 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യമുണ്ട്. ഇതു പ്രകാരം 2017 ഒക്ടോബർ 29 വരെ നൽകാനുണ്ടായിരുന്ന 13.47 കോടി രൂപ കൊടുത്തു തീർക്കുകയും ചെയ്തു.
വാർഷിക മസ്റ്ററിംഗ് നടത്താത്ത 74 പേരുടെ പെൻഷൻ താത്കാലികമായി നിറുത്തിവച്ചിട്ടുമുണ്ട്. വിവരാവകാശ പ്രവർത്തകനായ എറണാകുളം കാക്കനാട് സ്വദേശി രാജു വാഴക്കാലയ്ക്ക് പൊതുഭരണ വകുപ്പ് നൽകിയ വിവരാവകാശ രേഖയിലാണ് ഈ വിവരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |