തിരുവനന്തപുരം: ഒഴിഞ്ഞ പ്ളാസ്റ്റിക് മദ്യക്കുപ്പികൾ ചില്ലറ വില്പനശാലകൾ വഴിതന്നെ ശേഖരിച്ച് റീ സൈക്ളിംഗിന് നൽകുന്നതിനെക്കുറിച്ച് ആലോചിച്ച് ബിവറേജസ് കോർപ്പറേഷൻ. ചില്ലറ വില്പന ശാലകളിൽ ശേഖരണ സംവിധാനം ഏർപ്പെടുത്തിയാകുമിത്. ക്ളീൻ കേരള കമ്പനിയുമായി സഹകരിച്ചാവും നടപ്പാക്കുക. ആദ്യഘട്ട ചർച്ച നടന്നു. 2021ൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു. എന്നാൽ, കൊവിഡ് കാരണം തുടരാനായില്ല.
ശേഖരിക്കുന്ന കുപ്പികൾ പുനരുപയോഗ കേന്ദ്രങ്ങളിൽ എത്തിക്കാനുള്ള ചെലവാണ് പ്രധാന തടസം. ഇതിനു വേണ്ടിവരുന്ന തുകയുടെ ഒരു വിഹിതം ബെവ്കോ വഹിക്കണമെന്നതാണ് ക്ളീൻ കേരള കമ്പനിയുടെ നിലപാട്. പ്ളാസ്റ്റിക് കുപ്പികൾ റീസൈക്ളിംഗ് ചെയ്യുന്ന ഫാക്ടറികൾ കോയമ്പത്തൂരിലും ആന്ധ്രയിലുമാണ് പ്രധാനമായുള്ളത്. അവിടങ്ങളിൽ എത്തിക്കണമെങ്കിൽ കടത്തുകൂലിയായി നല്ലൊരു തുക ചെലവാകും.
ബെവ്‌കോ ഉടമസ്ഥതയിലുള്ള തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സിലും പാലക്കാട് ചിറ്റൂർ മലബാർ ഡിസ്റ്റിലറീസിലും ഉപയോഗമില്ലാതെ കിടക്കുന്ന സ്ഥലത്ത് പ്ലാസ്റ്റിക് കുപ്പികളുടെ റീസൈക്ലിംഗ് ഫാക്ടറി സ്വന്തമായി സ്ഥാപിക്കുന്നത് നേരത്തെ പരിഗണിച്ചിരുന്നെങ്കിലും ലാഭകരമാവില്ലെന്നാണ് കണ്ടെത്തൽ.
തിരികെ എടുക്കുന്നവയ്ക്ക്
വില നൽകിയേക്കും
ഉപഭോക്താക്കൾ തിരികെ എത്തിക്കുന്ന ഒഴിഞ്ഞ കുപ്പിക്ക് ചെറിയ വില നൽകാൻ നേരത്തെ ആലോചിച്ചിരുന്നു. അത് സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്നതാണ് ബെവ്കോ നിലപാട്. എങ്കിലും ഇപ്പോൾ ഇക്കാര്യവും പരിഗണിക്കുന്നുണ്ട്.
284
ബെവ്കോ ചില്ലറ
വില്പന ശാലകൾ
4.5- 5 കോടി
പ്രതിമാസം പ്ളാസ്റ്റിക്
കുപ്പികളിൽ
വിൽക്കുന്ന മദ്യം
''കുപ്പികൾ ശേഖരിക്കാനും റീസൈക്ളിംഗ് കേന്ദ്രങ്ങളിലേക്ക് മാറ്റാനുമുള്ള പദ്ധതി തയ്യാറാക്കി വരികയാണ്. ക്ളീൻ കേരള കമ്പനിയുമായി വീണ്ടും ചർച്ച നടത്തും
-ഹർഷിത അട്ടല്ലൂരി,
സി.എം.ഡി, ബെവ്കോ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |