തിരുവനന്തപുരം: കേരളകൗമുദിയുടെ ഒരു കാലഘട്ടത്തിന്റെ പ്രതീകമായിരുന്ന കെ.ജി. പരമേശ്വരൻ നായർ പത്രപ്രവർത്തനത്തെ കളങ്കം പുരളാത്ത പ്രൊഫഷനായി കണ്ട മാദ്ധ്യമ ജെന്റിൽമാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാദ്ധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ സ്വദേശാഭിമാനി കേസരി പുരസ്‌കാരം കേരളകൗമുദി പ്രത്യേക ലേഖകനായിരുന്ന കെ.ജി.പരമേശ്വേരൻ നായർക്ക് സമ്മാനിക്കുകയായിരുന്നു മുഖ്യമന്ത്രി. നിയമസഭാ റിപ്പോർട്ടിംഗിന്റെ കാര്യത്തിൽ പുതുതലമുറയ്ക്ക് പാഠമാക്കാവുന്ന മാതൃകകൾ പരമേശ്വരൻ നായർ മുന്നോട്ടുവച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏഴാച്ചേരി രാമചന്ദ്രൻ (ദേശാഭിമാനി), എൻ.അശോകൻ (മാതൃഭൂമി) എന്നിവരും മുഖ്യമന്ത്രിയിൽ നിന്ന് സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. മികച്ച ടിവി അഭിമുഖത്തിനുള്ള പുരസ്കാരം കേരളകൗമുദി അസോസിയേറ്ര് എഡിറ്റർ വി.എസ്.രാജേഷ്, മികച്ച കാർട്ടൂണിനുള്ള പുരസ്കാരം കേരളകൗമുദി കാർട്ടൂണിസ്റ്റ് ടി.കെ.സുജിത്, ഫോട്ടോഗ്രാഫിക്കുള്ള ജൂറിയുടെ പ്രത്യേക പുരസ്കാരം കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ ശ്രീകുമാർ ആലപ്ര എന്നിവർക്കും മുഖ്യമന്ത്രി സമ്മാനിച്ചു. സംസ്ഥാന സർക്കാരിന്റെ മറ്റ് മാദ്ധ്യമ പുരസ്കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു.
മാസ്‌കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.
എൻ.പ്രഭാവർമ്മ, ആർ.എസ്.ബാബു, കെ.പി.റെജി, ഷില്ലർ സ്റ്റീഫൻ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി എസ്.ഹരികിഷോർ, ഡയറക്ടർ ടി.വി.സുഭാഷ് എന്നിവർ സംസാരിച്ചു. സ്വദേശാഭിമാനി പുരസ്‌കാര ജേതാക്കൾ മറുപടി പ്രസംഗം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |