കൊച്ചി: 'വെർച്വൽ അറസ്റ്റ്' ഭയന്ന് ഫോണുമായി സൈബർ പൊലീസ് സ്റ്റേഷനിലെത്തിയ യുവാവിനു മുന്നിൽ വച്ച് തന്നെ തട്ടിപ്പ് പൊളിച്ചടുക്കി പൊലീസ്. ആലുവ സ്വദേശിയായ യുവാവിന്റെ ആധാർ കാർഡ് ഉപയോഗിച്ച് രണ്ട് വെബ്‌സൈറ്റുകൾ തുടങ്ങിയിട്ടുണ്ടെന്നും സൈറ്റുകൾ ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള അനധികൃത ഇടപാടുകൾ നടത്തിയതിന് കേസെടുത്തിട്ടുണ്ടെന്നും പറഞ്ഞാണ് തട്ടിപ്പ് സംഘം സമീപിച്ചത്.
ഉടൻ വീഡിയോ കോളിൽ വരണമെന്നും ആധാർ, അക്കൗണ്ട്, പാൻ രേഖകൾ ഹാജരാക്കണമെന്നും സംഘം ആവശ്യപ്പെട്ടു. ഇതിന് തയ്യാറായില്ലെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും അവർ അറസ്റ്റ് ചെയ്ത് ഡൽഹിയിൽ എത്തിക്കുമെന്നുമായിരുന്നു ഭീഷണിപ്പെടുത്തി.
ഭയന്നുപോയ യുവാവ് ഫോൺ കട്ട് ചെയ്യാതെ നേരെ ആലുവ സൈബർ പൊലീസ് സ്റ്റേഷനിലെത്തി. തുടർന്ന് ഫോൺ പൊലീസുദ്യോഗസ്ഥർക്ക് കൈമാറി. ആദ്യം യുവാവാണെന്ന രീതിയിൽ ഒരു പൊലീസുദ്യോഗസ്ഥൻ തട്ടിപ്പ് സംഘവുമായി സംസാരിച്ചു. സംഘം ഭീഷണി ആവർത്തിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഉദ്യോഗസ്ഥൻ എവിടെയാണെന്ന് ചോദിച്ചപ്പോൾ 'പുറത്താണ്' എന്ന് മറുപടി നൽകി. വീട്ടിലെത്തി അടച്ചിട്ട മുറിയിൽ വീഡിയോ കോളിലെത്താനും തട്ടിപ്പ് സംഘം യുവാവിനോട് ആവശ്യപ്പെട്ടു.
എന്നാൽ, പൊലീസുദ്യോഗസ്ഥന്റെ ചോദ്യങ്ങൾക്കുമുന്നിൽ തട്ടിപ്പ് സംഘം പതറാൻ തുടങ്ങി. അപകടം മണത്ത അവർ ഫോൺ കട്ട് ചെയ്ത് രക്ഷപ്പെട്ടു. പിന്നീട് തിരിച്ച് ഓഡിയോവീഡിയോ കോളുകൾ ചെയ്‌തെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. 'വെർച്വൽ അറസ്റ്റ്' എന്ന ഒരു സംഭവം നിലവിലില്ലെന്ന് ബോദ്ധ്യപ്പെടുത്തിയതിന് ശേഷമാണ് യുവാവിനെ പൊലീസ് പറഞ്ഞയച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |